Train | യാത്രക്കാരെ വീണ്ടും 'പറ്റിച്ച്' റെയിൽവേ; മംഗ്ളൂറിൽ നിന്ന് കോയമ്പത്തൂരിലേക്കും തിരിച്ചും പ്രഖ്യാപിച്ച പ്രത്യേക ട്രെയിനിന്റെ 4 സർവീസുകൾ റദ്ദാക്കി
* നിരവധി പേർ ട്രെയിനിൽ സീറ്റ് ബുക് ചെയ്തിരുന്നു
കാസർകോട്: (KasaragodVartha) വേനലവധിക്കാലത്തെ അധിക തിരക്ക് ഒഴിവാക്കാൻ മംഗ്ളൂറിൽ നിന്ന് കോയമ്പത്തൂരിലേക്കും തിരിച്ചും പ്രഖ്യാപിച്ച പ്രത്യേക ട്രെയിനിന്റെ നാല് സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. 06041 നമ്പർ മംഗ്ളുറു സെൻട്രൽ - കോയമ്പത്തൂർ ജൻക്ഷൻ പ്രതിവാര സ്‌പെഷലിന്റെ ജൂൺ എട്ട്, 15, 22, 29 തീയതികളിലെയും ട്രെയിൻ നമ്പർ 06042 കോയമ്പത്തൂർ ജൻക്ഷൻ - മംഗ്ളുറു സെൻട്രൽ ട്രെയിനിന്റെ ജൂൺ എട്ട്, 15, 22, 29 തീയതികളിലെയും സർവീസാണ് റദ്ദാക്കിയിരിക്കുന്നത്.
മംഗ്ളുറു സെൻട്രൽ - കോയമ്പത്തൂർ ജൻക്ഷൻ ട്രെയിൻ മംഗ്ളുറു സെൻട്രലിൽ നിന്ന് മെയ് 18, 25, ജൂൺ ഒന്ന്, എട്ട്, 15, 22, 29 (ശനിയാഴ്ച) തീയതികളിൽ രാവിലെ 09.30ന് പുറപ്പെട്ട് അതേദിവസം വൈകീട്ട് 6.15 ന് കോയമ്പത്തൂർ ജൻക്ഷനിലും തിരികെ മെയ് 18, 25, ജൂൺ ഒന്ന്, എട്ട്, 15, 22, 29 തീയതികളിൽ (ശനിയാഴ്ച) കോയമ്പത്തൂർ ജൻക്ഷനിൽ നിന്ന് 10.15ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06.55ന് മംഗ്ളുറു സെൻട്രലിൽ എത്തിച്ചേരുമെന്നുമാണ് അറിയിച്ചിരുന്നത്. ഏഴ് സർവീസുകളിൽ അവസാനത്തെ നാല് സർവീസുകളാണ് ഇപ്പോൾ റദ്ദാക്കിയതായി അറിയിച്ചിരിക്കുന്നത്.
പ്രത്യേക ട്രെയിൻ റദ്ദാക്കിയതിന്റെ കാരണം റെയിൽവേ അറിയിപ്പിൽ വ്യക്തമാക്കിയിട്ടില്ല. പ്രവർത്തനപരമായ കാരണങ്ങളാൽ റദ്ദാക്കുന്നുവെന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്. നിരവധി പേർ ട്രെയിനിൽ സീറ്റ് ബുക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇവർക്കെല്ലാം റെയിൽവേയുടെ നടപടി തിരിച്ചടിയായി. അടുത്തിടെ മംഗ്ളുറു-കോട്ടയം-മംഗ്ളുറു റൂടിൽ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനും റെയിൽവേ പൊടുന്നനെ റദ്ദാക്കിയിരുന്നു. യാത്രക്കാർക്ക് വലിയ പ്രതീക്ഷ നൽകി പ്രഖ്യാപിക്കുന്ന ട്രെയിനുകൾ റദ്ദാക്കുന്ന റെയിൽവേയുടെ നടപടി പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
ഇതുകൂടാതെ കൊച്ചുവേളി - ഹസ്രത് നിസാമുദ്ദീൻ (ട്രെയിൻ നമ്പർ 06071) പ്രതിവാര സൂപർഫാസ്റ്റ് സ്പെഷൽ ട്രെയിനിന്റെ ജൂൺ ഏഴ്, 14, 21, 28 തീയതികളിലെയും ഹസ്രത് നിസാമുദ്ദീൻ - കൊച്ചുവേളി (ട്രെയിൻ നമ്പർ 06072) പ്രതിവാര സ്പെഷൽ ട്രെയിനിന്റെ ജൂൺ 10, 17, 24, ജൂലൈ ഒന്ന് തീയതികളിലെയും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.