Number Plate | സാധാരണ ഒരു കാറിന്റെ വിലയ്ക്ക് നമ്പർ പ്ലേറ്റ് സ്വന്തമാക്കി കാസർകോട് സ്വദേശിയായ യുവ വ്യവസായി; മുടക്കിയത് 5.5 ലക്ഷം
* ലേലത്തിൽ പങ്കെടുത്തത് 3 പേർ
കാസർകോട്: (KasaragodVartha) ഒരു കാറിന്റെ വിലയ്ക്ക് നമ്പർ പ്ലേറ്റ് സ്വന്തമാക്കി കാസർകോട് സ്വദേശിയായ യുവ വ്യവസായി. ചൗക്കി ബദ്ർ നഗറിലെ എ പി ബദ്‌റുദ്ദീൻ - റൈഹാന ദമ്പതികളുടെ മകൻ ഹസീബ് (25) ആണ് തന്റെ മെഴ്‌സിഡസ് ബെൻസ് സി 300 കാറിന് അഞ്ചര ലക്ഷം മുടക്കി കെ എൽ 14 എ ഇ 5555 എന്ന നമ്പർ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം കാസർകോട് ആർ ടി ഓഫീസിൽ നടന്ന ലേലത്തിൽ മൂന്ന് പേരാണ് പങ്കെടുത്തത്.
മറ്റുള്ളവർ 5000 രൂപ ലേലം വിളിച്ചപ്പോൾ ഹസീബിന് വേണ്ടി ഹാജരായയാൾ വിളിച്ചത് ഒരു ലക്ഷത്തിന് മുകളിലാണ്. ഹസീബ് എത്ര തുകയ്ക്കായാലും ലേലമേറ്റെടുക്കുമെന്ന് ബോധ്യപ്പെട്ടതോടെയാണ് തങ്ങൾ പിന്മാറിയതെന്ന് ലേലത്തിൽ പങ്കെടുത്തയാൾ കാസർകോട് വാർത്തയോട് പറഞ്ഞു. ഒരു വർഷം മുമ്പ് ഫോർച്യൂണർ കാറിന് ഹസീബ് കെ എൽ 14 എ ബി 5555 എന്ന നമ്പർ സ്വന്തമാക്കിയത് ഒരു ലക്ഷം രൂപയ്ക്കാണ്.
5555 എന്ന നമ്പർ ഇഷ്ടം കൊണ്ടാണ് എടുത്തതെന്നും താനൊരു വാഹന പ്രേമിയാണെന്നും ഹസീബ് കാസർകോട് വാർത്തയോട് പറഞ്ഞു. ഫോർച്യൂണർ കാർ എടുത്തതിന് പിന്നാലെ ബെൻസ് കാറും കൂടി എടുക്കാൻ കഴിഞ്ഞത് തങ്ങളുടെ ഇഷ്ട നമ്പർ ഭാഗ്യ നമ്പർ ആയതുകൊണ്ടാണ്. ആദ്യമെടുത്ത ബ്രെസ കാറിന് കെ എൽ 14 സെഡ് 6555 എന്ന നമ്പറായിരുന്നു. പിന്നീടാണ് 5555 സ്വന്തമാക്കണമെന്ന ആഗ്രഹം തോന്നിയത്. ഇനി സ്വന്തമാക്കുന്ന പ്രീമിയം വാഹനങ്ങൾക്കും ഇതേനമ്പർ സ്വീകരിക്കാനാണ് തീരുമാനം.
ചൈനയിൽ നിന്നും സാധനങ്ങൾ എടുത്ത് യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ബിസിനസാണ് ചെയ്യുന്നത്. എന്നാൽ ദുബൈയിൽ ഉപയോഗിക്കുന്ന ബിഎംഡബ്ള്യു, മെഴ്‌സിഡസ് ബെൻസ് അടക്കമുള്ള വാഹനങ്ങൾക്ക് 5555 എന്ന ഭാഗ്യനമ്പർ അല്ല ഉപയോഗിക്കുന്നത്. നാട്ടിൽ മാത്രമാണ് ഈ നമ്പർ സ്വീകരിക്കുന്നത്. ബിസിനസിലൂടെ ലഭിക്കുന്ന ലാഭം ഫാൻസി നമ്പർ വാങ്ങി ധൂർത്തടിച്ച് കളയുകയല്ല ചെയ്യുന്നത്. ഇത് സർകാരിലേക്ക് തന്നെ കിട്ടുമെന്നത് കൊണ്ടാണ് ലേലത്തിലൂടെ സ്വന്തമാക്കുന്നതെന്നും ഹസീബ് പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് ഹസീബ്. കോവിഡ് സമയത്തും അതിന് ശേഷവും ഗൾഫിലും നാട്ടിലും അർഹതപ്പെട്ട നിരവധിപേർക്ക് സഹായങ്ങൾ എത്തിച്ച് കൊടുത്തിരുന്നു. അസുഖബാധിതരെയും കായിക രംഗത്തുള്ളവരെയും സഹായിക്കാറുണ്ട്. വിദ്യാർഥികളായ രണ്ട് സഹോദരങ്ങളാണ് യുവാവിനുള്ളത്.