Accident | നടന്ന് പോകുന്നതിനിടെ ലോടറി വിൽപനക്കാരൻ ബൈക് ഇടിച്ച് മരിച്ചു
ചൗക്കി: (KasaragodVartha) നടന്ന് പോകുന്നതിനിടെ ലോടറി വിൽപനക്കാരൻ ബൈക് ഇടിച്ച് മരിച്ചു. ചൗക്കി കുന്നിൽ കെ കെ പുറം ഹൗസിലെ വിജയൻ (59) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ചൗക്കി - കമ്പാർ റോഡിൽ വെച്ചായിരുന്നു അപകടം. വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.
പരുക്കേറ്റ വിജയനെ ആദ്യം കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
പരേതരായ കണ്ണൻ - ചന്ദ്രാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ജയന്തി. മക്കൾ: രഞ്ജിത് (ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരൻ), മഞ്ജുള (ജില്ലാ കോടതിയിൽ ജീവനക്കാരി), മാലതി. മരുമക്കൾ: മായ, രതീഷ്, നികേഷ്. സഹോദരങ്ങൾ: നാരായണൻ, പ്രേമ, പരേതരായ രാമകൃഷ്ണൻ, യമുന.