Amit Shah | 'നിങ്ങൾ 400ൽ കൂടുതൽ സീറ്റുകൾ തരൂ, ഞങ്ങൾ മുസ്ലീം സംവരണം റദ്ദാക്കും'; അമിത് ഷാ ബിഹാറിൽ
* 'ലാലു പ്രസാദ് യാദവും മമത ബാനർജിയും പിന്നാക്ക വിഭാഗങ്ങളുടെ സംവരണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്'
ന്യൂഡെൽഹി: (KasaragodVartha) എൻഡിഎയ്ക്ക് 400ൽ കൂടുതൽ സീറ്റുകൾ ലഭിച്ചാൽ മുസ്ലീം സംവരണം റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സീറ്റുനിലയിൽ 400 കടന്നാൽ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലീങ്ങൾക്കുള്ള സംവരണം റദ്ദാക്കി പിന്നാക്ക വിഭാഗങ്ങൾക്ക് നൽകുമെന്ന് വെള്ളിയാഴ്ച ബിഹാറിലെ അറായിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ ജനതാദളിനേയും (ആർജെഡി) കോൺഗ്രസിനേയും രൂക്ഷമായി കടന്നാക്രമിച്ചു കൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്ളിടത്തോളം കാലം ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ സംവരണം തൊടാൻ ആരെയും അനുവദിക്കില്ല. ലാലു പ്രസാദ് യാദവും മമത ബാനർജിയും പിന്നാക്ക വിഭാഗങ്ങളുടെ സംവരണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. കർണാടകയിൽ മുസ്ലീങ്ങൾക്ക് അഞ്ച് ശതമാനം സംവരണം നൽകി. ഹൈദരാബാദിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം ലഭിച്ചു.
മമത ബാനർജി 180 ജാതികളെ സംവരണത്തിൽ നിന്ന് ഒഴിവാക്കി. കൊൽക്കത്ത ഹൈകോടതി ഈ ഭരണഘടനാ വിരുദ്ധ സംവരണ നിയമത്തിന് സ്റ്റേ പുറപ്പെടുവിക്കുകയാണുണ്ടായത്. ആർജെഡി ഒബിസികൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ ബിഹാറിൽ ജംഗിൾ രാജ്, തട്ടിക്കൊണ്ടുപോകൽ എന്നിവയുടെ കാലഘട്ടം തിരിച്ചുവരും. ലാലു പ്രസാദ് തന്റെ കുടുംബത്തിൻ്റെ പുരോഗതിക്കായി മാത്രമാണ് പ്രവർത്തിച്ചതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.