Web casting | കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ 1334 ബൂത്തുകളിലും ഇത്തവണ വെബ് കാസ്റ്റിങ്; കള്ളവോട്ട് ചെയ്യുന്നവര്‍ സൂക്ഷിക്കുക, പിടിക്കപ്പെടും! സുരക്ഷക്കായി 3280 സേനാംഗങ്ങളുടെ വന്‍ സന്നാഹം
* 788 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെയും ഡ്യൂട്ടിക്കായി നിമയിച്ചിട്ടുണ്ട്.
കാസര്‍കോട്: (KasaragodVartha) പാര്‍ലമെന്റ് മണ്ഡലത്തിലെ 1334 പോളിങ് സ്റ്റേഷനുകളിലും ഇത്തവണ വെബ് കാസ്റ്റിങ് നടപ്പിലാക്കുമെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖർ കലക്ട്രേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് സുഗമമായും നിക്ഷ്പക്ഷമായും നടത്തുന്നതിനായി 3280 സേനാംഗങ്ങളുടെ വന്‍ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ക്രമസമാധാന ചുമതല വഹിക്കുന്ന പി ബിജോയിയും കലക്ടര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ആര്‍പിഎഫിന്റെ മൂന്ന് കമ്പനിയും നാഗാ പൊലീസിന്റെ മൂന്ന് കമ്പനിയും കര്‍ണാടക പൊലീസിന്റെ മൂന്ന് കമ്പനിയും തെലുങ്കാന പൊലീസിന്റെ മൂന്ന് കമ്പനിയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പൊലീസ്, എക്‌സൈസ്, മോട്ടോര്‍ വെഹിക്കിള്‍ , ഫോറസ്റ്റ്, ഹോംഗാര്‍ഡ്, തുടങ്ങിയ സേനാ വിഭാഗങ്ങളും സുരക്ഷക്കായി നിയമിച്ചിട്ടുണ്ട്. 788 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിമയിച്ചിട്ടുണ്ട്. 10 ഡിവെഎസ്പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് സുരക്ഷക്കുള്ള ചുമതല നല്‍കിയിരിക്കുന്നത്.
മൂന്ന് പൊലീസ് സബ് ഡിവിഷുകളാണ് കാസര്‍കോട് ജില്ലയില്‍ ഉള്ളതെങ്കിലും തെരഞ്ഞടുപ്പ് സുരക്ഷയ്ക്കായി ഇത് എട്ട് പൊലീസ് സബ് ഡിവിഷനുകളാക്കി മാറ്റിയിട്ടുണ്ട്. ഈ എട്ട് സബ് ഡിവിഷനുകളും ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തിക്കുക. പൊലീസ് സ്റ്റേഷനുകളില്‍ നിലവിലുള്ള എച്ച്.എസ്.ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലകള്‍ ഒന്നും നല്‍കിയിട്ടില്ല. പൊലീസ് സ്റ്റേഷനുകളിലെ തിരഞ്ഞടുപ്പ് അല്ലാത്ത കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഇന്‍വെസ്റ്റിഷന്‍ ടീം തന്നെ തയ്യാറാക്കിയിട്ടുണ്ട്. പോളിങ് ദിവസങ്ങളിലെ മറ്റ് കേസുകളുടെ കാര്യങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാനാണ് ഈ ക്രമീകരണം,
സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ വ്യാഴാഴ്ച രാവിലെ മുതല്‍ തന്നെ നിയോഗിച്ച് തുടങ്ങും. ഓരോ പൊലീസ് സ്റ്റേഷനുകളിലും രണ്ട് വീതം ലോ ആൻഡ് ഓര്‍ഡര്‍ പട്രോളിംഗ് ഉണ്ടായിരിക്കും. ഇത് കൂടാതെ ഓരോ പൊലീസ് സ്റ്റേഷനുകളിലും നാല് വീതം ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീമും ഉണ്ടായിരിക്കും. കൂടാതെ 60 ഗ്രൂപ്പ് പട്രോളിങ് സംഘത്തെയും നിയമിച്ചിട്ടുണ്ട്, ഇവര്‍ ഓരോ ബൂത്തിലും കറങ്ങിക്കൊണ്ടിരിക്കും. പുറത്തുനിന്ന് വരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും ആയുധധാരികളായിരിക്കും. ഇതുകൂടാതെ സിഎആര്‍എഫ്ഇയുടെ ഒരു പ്ലാറ്റൂൺ ആംഡ് പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഡ്യൂട്ടിക്കായി ഉണ്ടാകും.
948 എന്‍സിസി എന്‍എസ്എസ് വളണ്ടിയര്‍മാരും സുരക്ഷ ഡ്യൂട്ടിക്ക് സഹായത്തിനായുണ്ടാകും. എല്ലാ സേനാവിഭാഗം ഉഉദ്യോഗസ്ഥരും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. കാസര്‍കോട് കലക്ട്രേറ്റിലെ ജെആര്‍ഡി ഓഫീസിലാണ് വെബ് കാസ്റ്റിങ്ങിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. 14 എഇഡി ടി വികളും 90 ലാപ്‌ടോപ്പൂകളും ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനും കള്ളവോട്ട് തടയുന്നതിനും വെബ് കാസ്റ്റിങ് വഴി സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.