BLO | വോടർമാരുടെ സ്ലിപ്: പൊരിവെയിലത്തും ഓടിത്തളർന്ന് ബി എൽ ഒമാർ
* തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മുമ്പ് തന്നെ സ്ലിപ് വിതരണം പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം.
കാസർകോട്: (KasaragodVartha) ഈ പ്രാവശ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയക്കാർ വീട്ടിലെത്തി വോട് അഭ്യർഥന നടത്തുന്നത് പൊതുവെ കുറച്ചിട്ടുണ്ട്. പൊരി വെയിലത്ത് നടക്കാൻ കഴിയാത്തതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാലും ചിലർ സ്ഥാനാർഥികളുടെ വോട് അഭ്യർഥന നോടീസെങ്കിലും വീടുകളിൽ എത്തിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്. ചില രാഷ്ട്രീയ പാർടികൾക്ക് പണത്തിന്റെ അഭാവവും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
എന്നാൽ ബൂത് ലെവൽ ഓഫീസർമാരുടെ (BLO) ജോലിയാണ് ഏറെ കഷ്ടം. ബൂത് തലത്തിൽ, വോടർ പട്ടികയിൽ പേരുള്ള മുഴുവനാളുകൾക്കും സ്ലിപ് വീട്ടിലെത്തിക്കുക എന്ന ദൗത്യമാണ് ഇവർക്കുള്ളത്. ഇതും രാഷ്ട്രീയക്കാർ പറയുന്ന ഈ പൊരി വെയിലത്ത് തന്നെ. അസഹ്യമായ ചൂട് വകവയ്ക്കാതെ തന്നെ ഈ കടമ ബിഎൽഒ-മാർ ഇതിനകം നിറവേറ്റിയിട്ടുമുണ്ട്.
കനത്ത ചൂടിൽ വീടുകളിലെത്തി സ്ലിപ് വിതരണത്തിനും, വിവരശേഖരണത്തിനും അനുവദിച്ച സമയം പോരെന്ന് ബൂത് ലെവൽ ഓഫീസർമാർ അധികൃതരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. രണ്ടുദിവസത്തെ ഡ്യൂടി ലീവ് ആയിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. ബിഎൽഒമാരുടെ അഭിപ്രായം കണക്കിലെടുത്ത് അത് പിന്നീട് നാല് ദിവസമായി ഉയർത്തുകയായിരുന്നു. തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മുമ്പ് തന്നെ സ്ലിപ് വിതരണം പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം.
ഓരോ ബൂതിലും 300 മുതൽ 450 വരെ വീടുകളിൽ ആയിരത്തോളം വോടർമാർക്കാണ് ഈ ചുരുങ്ങിയ സമയം കൊണ്ട് ബൂത് ലെവൽ ഓഫീസർമാർ സ്ലിപ് വിതരണം ചെയ്തത്. ഇതിൽ ആളില്ലാത്ത വീടുകളിൽ അന്വേഷണം നടത്തി ഇവർ മാറി താമസിക്കുന്ന വീടുകളിലെത്തിയും സ്ലിപ് നൽകുകയും ചെയ്തു. ഒരു കുടുംബത്തിലെ വോടർമാരുടെ വിവരങ്ങൾ പല ഭാഗത്തായി പരന്നുകിടക്കുന്നതുമൂലം കൃത്യമായി കണ്ടെത്തി തരംതിരിച്ച് സ്ലിപ് നൽകാൻ ബിഎൽഒമാർക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നു. എന്നാലും സമയത്ത് തന്നെ സ്ലിപ് വിതരണം ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ബിഎൽഒമാർ.