city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

LS Election | നൂറ്റിപതിനൊന്നാം വയസ്സിലും ആവേശത്തോടെ വോട്ട് ചെയത് സി കുപ്പച്ചി; പൂച്ചെണ്ട് നല്‍കി കലക്ടർ; കാസര്‍കോട്ട് വീട്ടിലെ വോട്ടിന് തുടക്കമായി

Vote From Home
* കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറാണ്
*  ജില്ലാ കലക്ടര്‍  കെ ഇമ്പശേഖര്‍ ആശംസയറിയിച്ച് പൂച്ചെണ്ട് നല്‍കി

കാസർകോട്:  (KasaragodVartha) നൂറ്റി പതിനൊന്നാം വയസ്സിലും വോട്ട് ചെയ്ത് താരമായിരിക്കുകയാണ് സി.കുപ്പച്ചി. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ പാര്‍ട്ട് 20ലെ 486ാം സീരിയല്‍ നമ്പര്‍ വോട്ടറാണ് സി.കുപ്പച്ചി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം വീട്ടില്‍ വോട്ട് പ്രക്രിയയുടെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥർ വെള്ളിക്കോത്ത് അടാട്ട് കൂലോത്തു വളപ്പിലെ സി.കുപ്പച്ചിയുടെ വീട്ടിലെത്തിയാണ് വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കിയത്.

ലോക്‌സഭാ മണ്ഡലം വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിന്റെ സാന്നിധ്യത്തില്‍ ഇതോടെ വീട്ടിലെ വോട്ടു രേഖപ്പെടുത്തുന്നതിന് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ തുടക്കമായി. മറ്റു നിയമസഭാ മണ്ഡലങ്ങളിലും വീട്ടിലെ വോട്ട് ആരംഭിച്ചു.

ഒന്നാം പോളിംഗ് ഉദ്യോഗസ്ഥന്‍ കൃഷ്ണനായിക് പേരു വിളിച്ചു. തിരിച്ചറിയല്‍ രേഖ പരിശോധിച്ചു. രണ്ടാം പോളിംഗ് ഉദ്യോഗസ്ഥന്‍ സുബിന്‍ രാജ് ചൂണ്ടുവിരലില്‍ മഷിപുരട്ടി. പിന്നെ കുപ്പച്ചിയമ്മ വിരലടയാളം രേഖപ്പെടുത്തി. വീട്ടില്‍ സജ്ജമാക്കിയ താത്കാലിക വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ വോട്ട് രേഖപ്പെടുത്തി. മകന്റെ മകള്‍ ബേബിയുടെ സഹായത്തോടെയാണ് ഇത്തവണ കുപ്പച്ചി വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ഇട്ട കവര്‍ ഒട്ടിച്ച ശേഷം കവര്‍ മെറ്റല്‍ ഡ്രോപ്പ് ബോക്‌സില്‍ നിക്ഷേപിച്ചു. സംസ്ഥാനത്തെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയിട്ടുള്ള ഇവര്‍ കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറാണ്. 

വോട്ടെടുപ്പ് നടപടികള്‍ നിരീക്ഷിച്ച  ജില്ലാ കളക്ടര്‍  കെ.ഇമ്പശേഖര്‍ കുപ്പച്ചിയമ്മയെ ആശംസയറിയിച്ച് പൂച്ചെണ്ട് നല്‍കി. കളക്ടറെ തിരിച്ചറിഞ്ഞപ്പോള്‍ കുപ്പച്ചിയമ്മ സന്തോഷം പങ്കിട്ടു. വീട്ടിലെ വോട്ടിന് സാക്ഷിയാകാന്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളും അയല്‍വാസികളും എത്തിയിരുന്നു. അയല്‍വാസി കാരിച്ചി നെല്‍കതിര്‍ ചെണ്ട് നല്‍കി ജില്ലാ കളക്ടറെ സ്വീകരിച്ചു. ജനാധിപത്യത്തിന് കരുത്തുപകരാന്‍ കുപ്പച്ചി അമ്മയെ പോലെ എല്ലാവരും വോട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്ത അവര്‍ മാതൃകയാണെന്നും കളക്ടര്‍  പറഞ്ഞു.
 
കാഞ്ഞങ്ങാട് മണ്ഡലം ഹോം വോട്ട് സ്‌പെഷല്‍ ഓഫീസര്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ ലീലിറ്റി തോമസ്, ഒന്നാം പോളിംഗ് ഓഫീസര്‍ കൃഷ്ണനായിക്, രണ്ടാം പോളിംഗ് ഓഫീസര്‍ സുബിന്‍ രാജ്, മൈക്രോ ഒബ്‌സര്‍വര്‍ എസ്.കെ.മഹേഷ്‌ലാല്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ മൊയ്തു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Vote From Home

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia