Complaint | 'വോടിങ് മെഷീനില്‍ യുഡിഎഫ് സ്ഥാനാർഥിയുടെ കൈപ്പത്തി ചിഹ്നം ചെറുതായി'; വരണാധികാരിക്ക് പരാതി നല്കി
![Complaint](https://www.kasargodvartha.com/static/c1e/client/114096/uploaded/e37df3680f7f37f16d60652f8f01f359.webp?width=823&height=463&resizemode=4)
* മെഷീനിൽ ആദ്യത്തെ പേര് എന്‍ഡിഎ സ്ഥാനാർഥിയായ എം എല്‍ അശ്വനിയുടേതാണ്
കാസര്‍കോട്: (KasaragodVartha) വോടിങ് മെഷീനില്‍ യുഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നം ചെറുതായി രേഖപ്പെടുത്തിയെന്ന് പരാതി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താന്റെ ഏജന്റായ നാസര്‍ ചെര്‍ക്കളം അസിസ്റ്റന്റ് റിടേണിങ് ഓഫീസര്‍ക്ക് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ചിഹ്നത്തിന്റെ വലിപ്പം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അപാകത ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും മറുപടി നല്കി.
വോടിങ് മെഷീനില്‍ മൂന്നാമതായാണ് രാജാമോഹന്‍ ഉണ്ണിത്താന്റെ പേരും ചിഹ്നവും ക്രമീകരിച്ചിരിക്കുന്നത്. ആദ്യത്തെ പേര് എന്‍ഡിഎ സ്ഥാനാർഥിയായ എം എല്‍ അശ്വനിയുടേതാണ്. രണ്ടാമത്തെ പേര് എല്‍ഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണന്റേതാണ്.
നാലാമത് ബി എസ് പി സ്ഥാനാർഥിയുടെയും അഞ്ചാമത് സ്വതന്ത്രസ്ഥാനാർഥിയായ അനീഷിന്റേതും അതിനുശേഷം സ്വതന്ത്ര സ്ഥാനാർഥികളായ എന്‍ കേശവ നായക്, എന്‍ ബാലകൃഷ്ണന്, കെ മനോഹരന്, കെ ആര് രാജേശ്വരി, ഏറ്റവും ഒടുവിലായി നോടയുടെയും ചിഹ്നങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. മറ്റുള്ളവരുടെയെല്ലാം ചിഹ്നങ്ങള്‍ ഒരേ വലിപ്പമുണ്ടെങ്കിലും കൈപ്പത്തി ചിഹ്നം വളരെ ചെറുതായാണ് വോടിങ് മെഷീനില്‍ രേഖപ്പെടുത്തേണ്ട പ്രിന്റിങില്‍ ഉള്ളതെന്നാണ് യുഡിഎഫ് നേതാക്കളുടെ പരാതി.