Awareness | വോട്ടിൻ്റെ സന്ദേശവുമായി വട്ടം ചുറ്റി കാസർകോടിന്റെ സ്വന്തം 'വെള്ളവയറൻ കടൽപരുന്ത്'
കാസർകോട്ട്: (KasargodVartha) ജില്ലയുടെ സ്വന്തം പക്ഷി വെള്ളവയറൻ കടൽപരുന്ത് വോട്ടിൻ്റെ സന്ദേശവുമായി കലക്ടറേറ്റിലും പരിസരങ്ങളിലും വട്ടം ചുറ്റി. സ്വീപ് വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് വെള്ളവയറൻ കടൽപരുന്തിന്റെ വേഷത്തിൽ കലക്ടറേറ്റിൽ തിരഞ്ഞെടുപ്പ് ബോധവത്കരണ ക്യാമ്പയിൻ പ്രവർത്തനം നടത്തിയത്.
ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. കാസർകോട് അസിസ്റ്റന്റ് കളക്ടർ ദിലീപ് കെ കൈനിക്കര, സ്വീപ് ജില്ലാ നോഡൽ ഓഫീസർ ടി. ടി സുരേന്ദ്രൻ, എന്നിവർ ക്യാമ്പയിന് നേതൃത്വം വഹിച്ചു. കലക്ടററ്റിലും പരിസരങ്ങളിലും സ്വീപ്പിൻ്റെ നേതൃത്വത്തിൽ വോട്ടവകാശ ബോധവൽക്കരണം നടത്തി.
കാഞ്ഞങ്ങാട്ടും പറന്നെത്തി വെള്ളവയറൻ കടൽ പരുന്ത്
കന്നിവോട്ടർമാരും, പൊതുജനങ്ങൾക്കും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി കാഞ്ഞങ്ങാട്ടും പറന്നെത്തി വെള്ളവയറൻ കടൽ പരുന്ത്. സ്വീപിൻ്റെ നേതൃത്വത്തിലാണ് വെള്ളവയറൻ കടൽ പരുന്തിന്റെ വേഷത്തിൽ ബോധവത്കരണ പരിപാടി നടന്നത്. ധീരം വനിതാ കരാട്ടെ ടീമും പരിപാടിയിൽ പങ്കാളികളായി.
കാഞ്ഞങ്ങാട് നടന്ന പരിപാടി സ്വീപ് ജില്ലാ നോഡൽ ഓഫീസർ ടി.ടി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് നോഡൽ ഓഫിസർ ഡി. ഹരിദാസ് അധ്യക്ഷനായി. ഇ.ശോഭന, സൂര്യ ജാനകി, എ. ബി.ബീന, പി.വി.അശ്വതി, എം.ഉഷ, പി.രാജലക്ഷ്മി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സി.മനു സ്വാഗതം പറഞ്ഞു.