SC Order | കാസര്‍കോട്ട് മോക്‌പോളില്‍ ബിജെപിക്ക് അധികം വോട് ലഭിച്ച സംഭവം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പെടുത്തി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍; പരിശോധിക്കാന്‍ കോടതി നിര്‍ദേശം
കാസര്‍കോട്: (KasaragodVartha) ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോടിങ് മെഷീനില്‍ സ്ഥാനാർഥിയുടെ ചിഹ്നവും പേരും സെറ്റ് ചെയ്യുന്നതിന് അടക്കം മെഷീനിന്റെ കമീഷനിങ് നടത്തുന്നതിന്റെ ഭാഗമായി നടത്തിയ മോക്‌പോളില്‍ ബിജെപിക്ക് അധികം വോട് ലഭിച്ച സംഭവം പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിവി പാറ്റ് രസീതുകൾ പൂര്‍ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കാസര്‍കോട്ട് മോക്‌പോളില്‍ ബിജെപിക്ക് അധിക വോട് ലഭിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഇതേ തുടര്‍ന്നാണ് സുപ്രീം കോടതി ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശം നല്‍കിയത്. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ സൂക്ഷിച്ച 228 വോടിങ് മെഷീനുകള്‍ പരിശോധിക്കുന്നതിനിടയിൽ നാല് വോടിങ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി പോള്‍ ചെയ്യുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയെ ബോധ്യപ്പെടുത്തി. ഇതുസംബന്ധിച്ച് കാസര്‍കോട്ട് യുഡിഎഫും എല്‍ഡിഎഫും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച കാസര്‍കോട്ട് നടന്ന് മോക്‌പോളിങിൽ നാല് ഇലക്ട്രോണിക് വോടിങ് മെഷീനുകള്‍ ബിജെപിക്ക് അനുകൂലമായി വോട് രേഖപ്പെടുത്തിയതായി എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർഥികളുടെ ഏജന്റുമാര്‍ ആരോപിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണന്‍ വോടിങ് യന്ത്രത്തിന്റെ പിഴവുകള്‍ പരിശോധിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ കെ ഇമ്പശേഖരന് പരാതി നല്‍കിയിട്ടുണ്ട്.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ അസിസ്റ്റന്റ് റിടേണിങ് ഓഫീസറോട് (ARO) തകരാറിലായ യന്ത്രങ്ങള്‍ മാറ്റണമെന്ന് യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഏജന്റ് നാസര്‍ ചെര്‍ക്കളവും പരാതിയില്‍ ആവശ്യപ്പെട്ടു. ബിജെപിയുടെ എംഎല്‍ അശ്വനിയാണ് കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാർഥി.
ബിജെപി സ്ഥാനാർഥിക്ക് ഒരു വോട് ചെയ്താല്‍ വിവിപാറ്റ് എണ്ണുമ്പോള്‍ രണ്ടെണ്ണമായി വരുന്നുവെന്നാണ് പരാതി. താമരക്ക് വോട് ചെയ്തില്ലെങ്കില്‍ വിവിപാറ്റ് എണ്ണുമ്പോള്‍ താമരക്ക് ഒരു വോടും ലഭിക്കുന്നുവെന്നാണ് ആക്ഷേപം.
മൊഗ്രാല്‍ പുത്തൂരിലെ പോളിങ് ബൂതിലെ ഒന്ന്, എട്ട് കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ 139, മായിപ്പാടി ഡയറ്റിലെ 18 എന്നീ ബൂതുകളിലേക്ക് നല്‍കാനായി വെച്ച മെഷീനുകളിലാണ് ഈ പരാതി ഉയര്‍ന്നത്. പട്ടികയില്‍ ആദ്യസ്ഥാനാർഥിയായതുകൊണ്ടാണ് ഒരു വോട് ചെയ്യുമ്പോള്‍ ആദ്യത്തെ സ്ഥാനാർഥിക്ക് ഒരു വോട് വീഴുന്നതെന്നും ആദ്യത്തേത് മറ്റെതെങ്കിലും സ്ഥാനാർഥിയാണെങ്കിലും ഇങ്ങനെ തന്നെയായിരിക്കുമെന്നും വോടിങ് മെഷീന്റെ പരിശോധകര്‍ പറയുന്നു. എണ്ണാനുള്ളതല്ല എന്ന് വിവിപാറ്റില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ഇത് ഗൗരവമുള്ളതല്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
അതേ സമയം വിവിപാറ്റ് എണ്ണേണ്ടിവരുമ്പോള്‍ വോട് തങ്ങളുടേതാണെന്ന് ബിജെപിയുടെ സ്ഥാനാർഥി ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് പരാതിക്കാര്‍ വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങള്‍ കൗണ്ടിങ് കേന്ദ്രത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നും ഈ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കണമെന്നും യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതിനിധിയായ നാസര്‍ ചെര്‍ക്കളം വരണാധികാരിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
228 മെഷീനുകളാണ് കാസര്‍കോട് മണ്ഡലത്തിലെ 190 ഓളം ബൂതുകളില്‍ നല്‍കുന്നതിനായി കാസര്‍കോട് ഗവ. കോളജിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ളത്. ഒരു റൗണ്ടില്‍ 20 മെഷീനുകളാണ് എണ്ണിയത്. മൂന്ന് റൗണ്ട് കഴിഞ്ഞപ്പോള്‍ നാല് മെഷീനുകളില്‍ പരാതി ഉയരുകയായിരുന്നു. ആകെ മെഷീനുകളില്‍ അഞ്ച് ശതമാനത്തിന് മുകളില്‍ പരാതി ഉണ്ടായാല്‍ മുഴുവന്‍ മെഷീനുകളും മാറ്റണമെന്ന് സ്ഥാനാർഥികളുടെ പ്രതിനിധികള്‍ക്ക് ആവശ്യപ്പെടാമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. തല്‍ക്കാലം അങ്ങനെയുണ്ടാകാത്തതിനാല്‍ താത്കാലികമായി പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥിയുടെ ഏജന്റ് നാസര്‍ ചെര്‍ക്കളം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.