Viral Photo | എല്‍ഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണന്റെ തൊപ്പി വെച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറല്‍
കാസര്‍കോട്: (KasaragodVartha) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്ററുടെ തൊപ്പി വെച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ദിവസം തായലങ്ങാടിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടയിലാണ് എം വി ബാലകൃഷ്ണന്‍ തൊപ്പി വെച്ച് പ്രത്യക്ഷപ്പെട്ടത്.
കൊല്ലത്ത് നിന്ന് നെറ്റിയില്‍ കുറിവെച്ച് വന്ന യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന്‍ കാസര്‍കോട്ട് എത്തിയപ്പോള്‍ കുറി മായിച്ചു കളഞ്ഞുവെന്ന് സൈബര്‍ ഇടങ്ങളില്‍ പ്രചാരണം ശക്തമാക്കുമ്പോഴാണ് എം വി ബാലകൃഷ്ണന്‍ മുസ്ലിം ഭൂരിപക്ഷ കേന്ദ്രത്തിലെത്തിയപ്പോള്‍ ജിന്നതൊപ്പി വെച്ചിരിക്കുന്നതെന്നാണ് യുഡിഎഫ് അനുഭാവികൾ ചിത്രം പ്രചരിപ്പിച്ചുകൊണ്ട് ആരോപിക്കുന്നത്.
സ്വീകരണത്തിനെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ അണിയിച്ചതാണ് തൊപ്പിയെന്നാണ് എല്‍ഡിഎഫ് അനുഭാവികൾ ഇതിന് മറുപടി നല്‍കുന്നത്. ഏപ്രില്‍ 26ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപിലേക്ക് നീങ്ങുമ്പോള്‍ ഏതു വിധേനയും വോടുറപ്പിക്കാനുള്ള ശ്രമങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ പയറ്റുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച ഇടതുമുന്നണി പ്രചാരണ രംഗത്ത് ഏറെ മുന്നിലാണ്. കഴിഞ്ഞ തവണ കൈവിട്ടുപോയ കോട്ട തിരിച്ചുപിടിക്കാൻ ശക്തനായ ജില്ലാ സെക്രടറിയെ തന്നെ രംഗത്തിറക്കിയാണ് സിപിഎം പോരാട്ടം കാഴ്ചവെക്കുന്നത്. പ്രചാരണ രംഗത്ത് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ നേടാൻ എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് കഴിഞ്ഞുവെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം ഒരു ലക്ഷത്തിലേറെ വോടിന്റെ ഭൂരിപക്ഷം ഉണ്ടെന്നതും ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.