Suspended | മുതിർന്ന പൗരന്മാരെ വീട്ടിലെത്തി വോട് രേഖപ്പെടുത്തുന്ന പ്രക്രിയയിൽ ബാഹ്യ ഇടപെടലെന്ന് പരാതി; വീഡിയോ പുറത്ത്; 'വോട് ചെയ്തത് പുറത്ത് നിന്നുള്ളയാൾ'; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കണ്ണൂർ: (KasaragodVartha) മുതിർന്ന പൗരന്മാരുടെ വീടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയിൽ ബാഹ്യ ഇടപെടൽ നടന്നതായി പരാതി. ഇത് തടഞ്ഞില്ലെന്ന് കാട്ടി പോളിങ് സംഘത്തിലെ ഉദ്യോഗസ്ഥരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ സസ്പെൻസ് ചെയ്തു. കാസർകോട് പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട കല്യാശേരിയിലാണ് സംഭവം.
സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പൊലീസ് ഓഫീസർ, വിഡിയോഗ്രാഫർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നിയമ വിരുദ്ധമായി പ്രവർത്തിച്ചതായി പരാതിയുള്ള വ്യക്തിക്കും തിരഞ്ഞെടുപ്പു സംഘത്തിനുമെതിരെ ക്രിമനൽ നടപടികൾ എടുക്കുന്നതിനായി സിറ്റി പൊലീസ് കമീഷണർ വഴി കല്യാശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ റിപോർട് നൽകിയിട്ടുണ്ട്.
കല്യാശേരി പഞ്ചായതിൽ 164-ാം ബൂതിൽ വ്യാഴാഴ്ചയാണ് നടപടിക്ക് ആധാരമായ സംഭവം നടന്നത്. എടക്കാടൻ വീട്ടിൽ ദേവി (92) യുടെ വീട്ടിലെത്തി വോട് ചെയ്യിക്കുമ്പോൾ വോടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തിയെന്നാണ് ആക്ഷേപം. ബാഹ്യ ഇടപെടൽ ഉണ്ടായ സംഭവത്തിൽ മണ്ഡലം ഉപവരണാധികാരി നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഡ്യൂടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടായത്.
അഞ്ചാം പീടിക കപ്പോട്കാവ് ഗണേശൻ എന്നയാൾ വോടിങ് നടപടിയിൽ ഇടപെട്ടു എന്നും ഇത് ജനപ്രാതിനിധ്യ നിയമത്തിൻ്റെ 128 (ഒന്ന്) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കലക്ടർ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ റിപോർടിൽ പറഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പ് തല നടപടിക്കും പൊലീസ് അന്വേഷണത്തിനും ജില്ലാ കലക്ടറുടെ റിപോർടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഇൻഡ്യൻ ശിക്ഷ നിയമം 171 (സി) വകുപ്പിന്റെ ലംഘനവും സംഭവത്തിൽ ഉണ്ടായിട്ടുണ്ടെന്നും റിപോർടിൽ പറഞ്ഞിട്ടുണ്ട്.