PM Modi | 'എം എൽ അശ്വിനിയെ പോലൊരാൾ പാർലമെൻ്റിൽ ഉണ്ടാകണം'; കാസർകോട്ടെ എൻഡിഎ സ്ഥാനാർഥിക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
2047ൽ ഭാരതത്തെ വികസിത രാജ്യമാക്കാനുള്ള യാത്രയിൽ സുസ്ഥിരവും ശക്തവുമായ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂവെന്ന് മോദി
കാസർകോട്: (KasaragodVartha) ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥിക്ക് വിജയാശംസകളും പിന്തുണയും നൽകി നരേന്ദ്ര മോദി. അധ്യാപിക എന്ന നിലയിലും ബ്ലോക്ക് പഞ്ചായത്ത് അംഗം എന്ന നിലയിലുമുള്ള അനുഭവസമ്പത്തും ബഹുഭാഷാ പ്രാവീണ്യവും പൊതുജനങ്ങളെ കൂടുതൽ മികച്ച രീതിയിൽ സേവിക്കാൻ സഹായിക്കുമെന്ന് എം എൽ അശ്വിനിക്ക് അയച്ച സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യലബ്ദിക്ക് ശേഷം അഞ്ചാറ് പതിറ്റാണ്ടുകൾ ഒരുപാട് ദുരിതം അനുഭവിക്കുകയുണ്ടായി. എന്നാൽ കഴിഞ്ഞ പത്ത് വർഷക്കാലം ഭാരത സർക്കാർ ഈ ദുരിതം കുറച്ചു കൊണ്ട് വന്നു. 2047ൽ ഭാരതത്തെ വികസിത രാജ്യമാക്കാനുള്ള യാത്രയിൽ സുസ്ഥിരവും ശക്തവുമായ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ.
മണ്ഡലം ജയിക്കാൻ ബൂത്തുകൾ ജയിക്കേണ്ടതുണ്ട്. ഓരോ ബൂത്തിലും വിജയിക്കാൻ പരിശ്രമിക്കണം. 2047ൽ ഭാരതത്തെ വികസിത ഭാരതമാക്കാൻ ബിജെപി പ്രവർത്തകർ 24 മണിക്കൂറും കർമ്മനിരതരാകണം. അശ്വിനിയെ പോലൊരു വ്യക്തി പാർലമെൻ്റിൽ ഉണ്ടാകണമെന്നാണ് തൻ്റെ ആഗ്രഹമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നരേന്ദ്ര മോദിയുടെ സന്ദേശം അങ്ങേയറ്റം പ്രചോദനകരമെന്നും വിലമതിക്കാനാകാത്തതെന്നും എം എൽ അശ്വിനി പ്രതികരിച്ചു.