Campaign | അവസാന ലാപിലും ആവേശത്തിരയിളക്കി എം വി ബാലകൃഷ്‌ണൻ മാസ്‌റ്ററുടെ പൊതുപര്യടനത്തിന് സമാപനം
* തൃക്കരിപ്പൂരിലും കല്യാശേരിയിലും വിവിധ കേന്ദ്രങ്ങളിൽ ഉജ്വല സ്വീകരണം
കാസർകോട്: (KasaragodVartha) അവസാന ലാപിലും ആവേശത്തിരയിളക്കി കാസർകോട് ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ മാസ്‌റ്ററുടെ പൊതുപര്യടനത്തിന് സമാപനം. കല്യാശേരിയുടെ വഴിത്താരകളിൽ ആവേശത്തിരയിളക്കിയ റോഡ് ഷോയും തൃക്കരിപ്പൂരിൽ വിവിധ കേന്ദ്രങ്ങളിൽ ജനങ്ങൾ നൽകിയ വരവേൽപ്പുമായാണ് ഒരു മാസത്തിലേറെ നീണ്ട പൊതുപര്യടനത്തിനാണ് സമാപനമായത്.
കല്യാശേരിയിലെ റോഡ് ഷോ കടന്നപ്പള്ളി ചന്തപ്പുരയിൽ സിപിഎം കണ്ണൂർ ജില്ലാ ആക്ടിങ് സെക്രട്ടറി ടി വി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത ചെമ്പതാകയേന്തിയ നൂറുക്കണക്കിന് പ്രവർത്തകർ ബൈക്കുകളിൽ സ്ഥാനാർഥിയെ അനുഗമിച്ചു. ബാൻഡ് വാദ്യവും കൊഴുപ്പേകി. കടന്നുപോയ വഴികളിൽ സ്ത്രീകളുൾപ്പടെ ആയിരങ്ങൾ വിജയാശംസ നേർന്നു. കത്തിക്കാളുന്ന വേനൽച്ചൂടിനെ അവഗണിച്ചാണ് നാടൊന്നാകെ റോഡരികിലെത്തിയത്.
കൊവ്വപ്പുറം, കിഴക്കേക്കര പഴയങ്ങാടി, മെഡിക്കൽ കോളേജ്, ബീവി റോഡ്, ശ്രീസ്ഥ, മാട്ടൂൽ, നെരുവമ്പ്രം, മൊട്ടാമ്പ്രം, മുട്ടം, ഏഴോം പഞ്ചായത്ത്, പുതിയങ്ങാടി, പട്ടുവം, കുണ്ടായിട്ടമ്മൽ, പറപ്പുൽ , ഇരിണാവ്, വെങ്ങര, കെ കണ്ണപുരം, എരിപുരം, ചെറുകുന്ന് തറ, അടുത്തില എന്നിവിടങ്ങളിൽ റോഡ് ഷോയെത്തി. എം വിജിൻ എംഎൽഎ, കെ പത്മനാഭൻ, വി വിനോദ്, ബി ഹംസ ഹാജി, ടി രാജൻ, താവം ബാലകൃഷ്ണൻ എന്നിവർ സ്ഥാനാർഥിയോടൊപ്പമുണ്ടായി.
തൃക്കരിപ്പൂർ മണ്ഡലത്തിൽ ആവേശകരമായ വരവേൽപ്പായിരുന്നു എല്ലായിടത്തും. തയ്യൽ സൗത്ത്, പട്ടേൽ കടപ്പുറം, തെക്കേക്കാട്, ചെറുവത്തൂർ, ഉടുമ്പുന്തല, ഇളമ്പച്ചി, എടാട്ടുമ്മൽ, കുനുത്തൂർ, പിലിക്കോട് വയൽ, കണ്ണാടിപ്പാറ എന്നിവിടങ്ങളിലെ പര്യടന ശേഷം വലിയപൊയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ എം രാജഗോപാലൻ എംഎൽഎ, സാബു അബ്രഹാം, ഇ കുഞ്ഞിരാമൻ, സി ജെ സജിത്ത്, കെ വി ജനാർദനൻ, പി വി തമ്പാൻ, വിജയകുമാർ, എം രാജീവൻ, എ ജി ബഷീർ, കരീം ചന്തേര, രാജീവൻ പുതുക്കുളം, എൻ സുകുമാരൻ, ജെയിംസ് മാരൂർ, ഇ വി കൃഷ്‌ണൻ, ഭാർഗവി, കെ എം ബാലകൃഷ്‌ണൻ, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.