city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

MV Balakrishnan | കേരളം ചിന്തിച്ച് തുടങ്ങുമ്പോഴേക്കും കാലത്തിന് മുൻപേ നടന്ന മാഷ്; എം വി ബാലകൃഷ്ണൻ മാസ്റ്റർ ജനവിധി തേടുന്നത് അനുഭവ സമ്പത്തും കരുത്തുമായി

MV Balakrishnan Master competes with experience and strength

* കാസർകോടിന്റെ വികസനത്തിന് സമഗ്ര പദ്ധതികൾ തന്നെ തയ്യാറാക്കി
* മാഷിന്റെ കാലത്ത് രൂപം നൽകിയ നിരവധി ചെക് ഡാമുകൾ ജലസമൃദ്ധമായി നിലനിൽക്കുന്നു

കാസർകോട്:  (KasaragodVartha) കേരളം ചിന്തിച്ച് തുടങ്ങും മുമ്പേ ഒട്ടനവധി മാതൃക പദ്ധതികൾ നടപ്പാക്കി മാതൃക കാട്ടിയ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷനായിരുന്നു കാസർകോട്ടെ എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നൂതനവും വികസനോന്മുഖവുമായ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തന്നെ ശ്രദ്ധ പിടിച്ചുപറ്റി. മാത്രമല്ല, പല പദ്ധതികളും കേരളത്തിന് തന്നെ മാതൃകയായി. സാക്ഷരതാ പ്രവർത്തനങ്ങളും ജനകീയാസൂത്രണവും അടക്കമുള്ള പല പദ്ധതികളൂം സംസ്ഥാനത്ത് ആരംഭിക്കുന്നതിന് മുമ്പെ തന്നെ കയ്യൂർ - ചീമേനി പഞ്ചായതിലും കാസർകോട് ജില്ലാ പഞ്ചായത്തിലും  നടപ്പാക്കിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണം എടുത്തുകാട്ടുന്നു. ആ അനുഭവ സമ്പത്തും കരുത്തുമായാണ് എം വി ബാലകൃഷ്ണൻ മാസ്റ്റർ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ജനവിധി തേടുന്നത്. 

ചീമേനിയിലെ ദീർഘവീക്ഷണം

കയ്യൂർ ചീമേനി ഗ്രാമപഞ്ചായത് പ്രസിഡണ്ടായി 1988 മുതൽ പ്രവർത്തിച്ചുവരുമ്പോൾ 11 ഇന പരിപാടിയിൽ സാംസ്കാരിക നിലയവും, ശിശുമന്ദിരവും, മൈതാനവും, പൊതു ശ്മശാനവും നിർമിച്ച് ശ്രദ്ധ പിടിച്ചുപറ്റി. വി കെ തങ്കപ്പൻ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായപ്പോൾ നൽകിയ ഫണ്ട് ഏറ്റവും മാതൃകാപരമായി വിനിയോഗിച്ചതും പ്രശംസയ്ക്ക് പാത്രമായി. 1990 ൽ ആരംഭിച്ച അക്ഷരകേരളം സമ്പൂർണ സാക്ഷരതാ പദ്ധതി മികച്ച ജനപങ്കാളിത്തത്തോടെ സർവതല സ്പർശിയായി സംഘടിപ്പിക്കാൻ ബാലകൃഷ്ണൻ മാസ്റ്റർക്ക് കഴിഞ്ഞു. 

ഏപ്രിൽ മാസത്തിലെ ഏകദിന സർവെ, ജൂൺ ഒന്നിന് അക്ഷരത്തിരി തെളിച്ചുകൊണ്ടുള്ള ഉദ്ഘാടനം, സമയബന്ധിതമായി ഇൻസ്ട്രക്ടർമാരെ കണ്ടെത്തൽ, ഓഗസ്റ്റ് മാസമാകുമ്പോഴേക്കും 500 ഓളം ഇൻസ്ട്രക്ടർമാർ 3500 ഓളം പഠിതാക്കൾ, നാനൂറോളം ക്ലാസുകൾ എന്നിവ ഒരുക്കാനും എല്ലാ പ്രദേശത്തും രക്ഷകർത്തൃസമിതികളും മികച്ച വാർഡുസമിതികളും പഞ്ചായത് സമിതിയും ആവേശകരമായി പ്രവർത്തിച്ചു. 

സംസ്ഥാനത്ത് ആദ്യ പ്രഖ്യാപനം ക്ലായിക്കോട്ടായിരുന്നു. തുടർന്നും സംസ്ഥാനതലത്തിൽ തുടർസാക്ഷരതാ പ്രവർത്തനത്തിൽ കയ്യൂർ ചീമേനി മുൻപന്തിയിലായിരുന്നു. വികസന വിദ്യാകേന്ദ്രങ്ങളും  പ്രവർത്തനസജ്ജമാക്കി. ജില്ലാ കൗൺസിൽ കാലയളവിൽ പ്രസിഡണ്ട് സി കൃഷ്ണൻ നായർ നൽകിയ നിർദേശങ്ങൾക്കനുസൃതമായി നിരവധി ഇടപെലുകൾ കയ്യൂർ ചീമേനിയിലും നടത്തിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ പിഎൽഡിപി പഞ്ചായതുകളിൽ മാത്രം നടത്തിയിരുന്ന പല പ്രവർത്തനങ്ങളും വിദഗ്ധരുടെ പിന്തുണയോടെ കയ്യൂർ ചീമേനിയിൽ സ്വന്തമായി നടപ്പിലാക്കി. 

ഇക്കാലയളവിൻ ബീഹാർ നളന്ദ സർവകലാശാലയിൽ നടന്ന അഖിലേന്ത്യാ കോൺഫറൻസിൽ അനുഭവങ്ങൾ പങ്കുവെച്ചതും ശ്രദ്ധേയമായി. ജനകീയമായി തിരുവന്തപുരം സെസിന്റെ സഹകരണത്തോടെ പഞ്ചായത് തല വിഭവഭൂപടവും ജനപിന്തുണയോടെ നീരെഴുത്ത് മാപും തയ്യാറാക്കി നീർത്തട പ്ലാൻ ഉണ്ടാക്കാൻ കഴിഞ്ഞതും 1995 ൽ വളരെ വിപുലമായ സാമൂഹ്യ സാമ്പത്തിക സർവേ നടത്തി പഞ്ചായതിന്റെ പ്രശ്നങ്ങളെ സൂക്ഷ്മാടിസ്ഥാനത്തിൽ വിലയിരുത്താൻ കഴിഞ്ഞതും വികസന കുതിപ്പിന് കരുത്തേകി. 

1996 ൽ ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ജനകീയമായി ഇത്തരം പ്രവർത്തനങ്ങൾ ബാലകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ കയ്യൂർ ചീമേനിയിൽ നടത്തിയിരുന്നു. വികസനരേഖ സമഗ്രമാക്കുന്നതിന് ഈ മുന്നൊരുക്ക പ്രവർത്തനങ്ങൾ സഹായകമായി. വിഭവഭൂപട നിർമാണത്തെ തുടർന്ന് അശാസ്ത്രീയമായ വൈദ്യുതി വിതരണ ശൃംഖലസംവിധാനവും

അതുമൂലമുണ്ടാകുന്ന വർധിച്ച പ്രസരണ നഷ്ടവുമാണ് പഞ്ചായതിലെ ഊർജ പ്രതിസന്ധിക്ക് കാരണമെന്ന് തിരിച്ചറിഞ്ഞ് ഇരുനൂറോളം സന്നദ്ധ പ്രവർത്തകര ഉപയോഗിച്ച് പവർലൈൻ മാപിംഗ് നടത്തി. എച്ച്ടിഎൽടി ലൈനുകളുടെ മാപ്, ലൈൻ ടെചിംഗ് മാറ്റൽ, ദക്ഷത കൂടിയ ഉപകരണ വിനിയോഗം എന്നിവ പ്രധാന പ്രവർത്തനമായിരുന്നു. ഓരോ മേഖലയിലും സവിശേഷ കഴിവുള്ളവരെ കണ്ടെത്തി, കഴിവുകൾ ഫലപ്രദമായി വിവിധ മേഖലകളിൽ സന്നദ്ധാടിസ്ഥാനത്തിൽ ഉപയോഗിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനം. 

ജനകീയാസൂത്രണ പ്രവർത്തനം ആരംഭിക്കുമ്പോൾ, അതിന് മുമ്പേ എല്ലാ മുന്നൊരുക്കങ്ങളും ചെയ്തിട്ടുണ്ടായിരുന്ന കയ്യൂർ ചീമേനിക്ക് ഈ മേഖലയിൽ ഏറെ മുമ്പോട്ടു നീങ്ങാൻ ബാലകൃഷ്ണൻ മാസ്റ്ററുടെ ദീർഘവീക്ഷണം സഹായകരമായി. അമ്പതുവീടുകൾക്ക് അയൽക്കൂട്ടങ്ങൾ, വാർഡുവികസന സമിതി, പഞ്ചായത് വികസന സമിതി, പഞ്ചായത് വിദ്യാഭ്യാസ സമിതി, ആരോഗ്യസമിതി, എന്നിങ്ങനെയുള്ള ജനകീയ സംവിധാനങ്ങളും ഫലപ്രദമായി നടപ്പാക്കിയത് ജനപങ്കാളിത്തവും സർഗാത്മക ജനാധിപത്യ സാധ്യതയും പ്രയോജനപ്പെടുത്താൻ കഴിഞ്ഞു. കുടുംബശ്രീ സംവിധാനം വ്യാപകമാകുന്നതിനും മുമ്പുതന്നെ വനിതാ സ്വയംസഹായ സംഘങ്ങൾ ഓരോ അയൽക്കൂട്ടത്തിനോടൊപ്പവും രൂപീകരിച്ച് ചിട്ടയായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. 

1996 നവംബർ ഒന്നിന് പുനർപണ ദിനത്തിൽ കയ്യൂർ ഗവ: ഹൈസ്കൂളിന് നാലുമുറിയുള്ള ഒരു ഓല കൊണ്ടുള്ള കെട്ടിടം നിർമിക്കാൻ ജനകീയമായ ഇടപെടൽ മൂലം കഴിഞ്ഞത് സംസ്ഥാനതലത്തിൽ ശ്രദ്ധേയമായി. 16 ഓളം റോഡുകളും നിർമിച്ചു. ഗുണഭോക്തൃ സമിതികളുടെ നേതൃത്വത്തിൽ നിർമാണ പ്രവൃത്തികൾ  നടത്തിയതുമൂലം 75% തുക കൊണ്ട് പ്രവർത്തി പൂർത്തിയാക്കാൻ കഴിഞ്ഞു. അംഗൺവാടി സംവിധാനം ആരംഭിച്ചിട്ടില്ലാത്തതിനാൽ മുഴുവൻ സർകാർ സ്കൂളുകളോടനുബന്ധിച്ചും, പ്രീപ്രൈമറി ക്ലാസുകൾ തുടങ്ങാൻ കഴിഞ്ഞു. പ്രീപ്രൈമറി പാഠ്യപദ്ധതി സ്വന്തമായി തയ്യാറാക്കി 2000ൽ സംസ്ഥാനതല ശില്പശാല നടത്തി.

നിലവിൽ പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിവരുന്ന പല പ്രവർത്തനങ്ങളും, ഉദാഹരണത്തിന് പഞ്ചായത് സ്കൂൾ കോംപ്ലക്സ്, പഞ്ചായത് വിദ്യാഭ്യാസ സമിതി, സ്കൂൾ സപോർടിംഗ് ഗ്രൂപ്, സഹപഠന കാംപ് എന്നിവയ്ക്ക് തുടക്കം കുറിക്കാൻ കയ്യൂർ ചീമേനിയാണ് മുൻകൈ എടുത്തത്. ഒരു സ്കൂൾ പ്രധാനാധ്യാപകൻ എന്ന നിലയിലുള്ള പ്രാഗത്ഭ്യവും ഇക്കാര്യത്തിൽ സവിശേഷശ്രദ്ധ പതിപ്പിക്കാൻ സഹായകരമായി. കാർഷിക മേഖലയിലും, ഭവന നിർമാണരംഗത്തും പ്രത്യേക പദ്ധതികളും ബാലകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടപ്പാക്കി. പട്ടികജാതി പട്ടികവർഗ മേഖലയിൽ സങ്കേത വികസനത്തിന് മുൻഗണന നൽകിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. വനിതാ ഘടകപദ്ധതികൾ, നൂതന സംരംഭങ്ങൾ ആദ്യമായി ആരംഭിക്കാൻ കഴിഞ്ഞു. വനിതാ കാന്റീൻ, സൊസൈറ്റി തുടങ്ങിയവ ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.

MV Balakrishnan Master competes with experience and strength

കാസർകോടിന് മാറ്റം കൊണ്ടുവന്ന ജില്ലാ പഞ്ചായത് അധ്യക്ഷൻ 

കയ്യൂർ ചീമേനി ഗ്രാമപഞ്ചായതിനെ പുരോഗതിയിലേക്ക് നയിച്ച കരുത്തുമായാണ് ജില്ലാ പഞ്ചായത് അധ്യക്ഷനായി ഭരണസാരഥ്യമേറ്റെടുത്തത്. 2005-2010 കാലയളവിൽ ജില്ലാ പഞ്ചായത് പ്രസിഡണ്ട് എന്നനിലയിൽ അദ്ദേഹം നടപ്പാക്കിയ പ്രവർത്തനങ്ങൾ ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു. കാസർകോടിന്റെ വികസനത്തിന് സമഗ്ര പദ്ധതികൾ തന്നെ തയ്യാറാക്കി. കാർഷിക മേഖലയിൽ ഗാലസ പദ്ധതി നടപ്പാക്കാനായി. നെൽകൃഷിരംഗത്ത് തരിശുരഹിത ഗ്രാമം, അന്നപൂർണയെന്ന പേരിൽ മാതൃകാ നെൽകൃഷി പ്രവർത്തനങ്ങളും വിപ്ലവം തീർത്തു. കാർഷിക വിദഗ്ധരുടെ പരീക്ഷണശാലയിലെ അറിവുകൾ പാടത്തേക്ക് എത്തിക്കാൻ സാധിച്ചു.

സംസ്ഥാന സർകാരിന്റെ പ്രത്യേക ഫണ്ട് സമാഹരിച്ച് കാർഷിക മേഖലയ്ക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ജലസംരക്ഷണത്തിനുവേണ്ടി നബാർഡിന്റെ കൂടെ സഹായത്തോടെ ഇരുപത് വിസിബികൾ നിർമിക്കാൻ തുടക്കം കുറിച്ചത് ശ്രദ്ധേയമായ ഇടപെടലാണ്. സംസ്ഥാനത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രണ്ടാമത് ആരംഭിച്ചത് കാസർകോട്ടായിരുന്നു. സമ്പൂർണ രജിസ്ട്രേഷൻ ഉറപ്പാക്കാൻ അതിബൃഹത്തായ പ്രചരണ പ്രവർത്തനങ്ങൾ നടത്തി. ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ജില്ലാതല ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി കാമ്പയിൻ സംഘടിപ്പിച്ചു. വിപുലമായ പരിശീലനം നടത്തി മാതൃകയായി. ജില്ലാ ആസൂത്രണ സമിതിയുടെ നടത്തിപ്പിന് പ്രത്യേകമായി ശ്രദ്ധ നൽകി.

മുഴുവൻ ജില്ലാതല ഉദ്യോഗസ്ഥരെയും, ത്രിതല പഞ്ചായതുകളെയും നഗരസഭകളെയും ഏകോപിപ്പിച്ച് ഒറ്റഭരണ സംവിധാനമായി മാറ്റാൻ സഹായകമായ ഇടപെടൽ നടത്തിയത് ബാലകൃഷ്ണൻ മാസ്റ്ററുടെ നേതൃഗുണം വെളിവാക്കുന്നു. തയ്യാറാക്കിയ ആസൂത്രണസമിതി പ്രവർത്തന മാർഗനിർദ്ദേശം സംസ്ഥാനതലത്തിൽ ഡിപിസി അംഗങ്ങൾക്ക് നൽകിയ പരിശീലനത്തിന് ഉപയോഗപ്പെടുത്തിയതും ശ്രദ്ധേയമായി. ദേശീയതലത്തിലും ഇത് ചർച്ചയായി. സംയോജിത പദ്ധതികൾ നടപ്പാക്കുന്നതിനും അദ്ദേഹം സവിശേഷ ശ്രദ്ധനൽകി.

ജില്ലാ ആസൂത്രണസമിതിക്ക് ആസ്ഥാനം സംസ്ഥാനത്തിൽ ആദ്യമായി നിർമിക്കാൻ നടപടികൾ ആരംഭിച്ചത് ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായിരുന്നപ്പോഴാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിൽനിന്നും വിഹിതം സമാഹരിച്ചായിരുന്നു ശ്രമം. തറക്കല്ലിടലിന്റെ ഭാഗമായി രണ്ടായിരം പേരാണ് ചടങ്ങിൽ പങ്കെടുത്തത്. വിവിധ വിഷയങ്ങളിൽ സെമിനാറുകളും അന്ന് സംഘടിപ്പിച്ചു. കുടുംബശ്രീയുമായി കൈകോർത്തുകൊണ്ട് സമഗ്ര പദ്ധതി തയ്യാറാക്കിയതും മാസ്റ്ററുടെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. സഫലം എന്നപേരിൽ കശുവണ്ടി മൂല്യവർധിത ഉല്പന്നമാക്കാൻ പ്രവർത്തനം ആരംഭിക്കാനും അദ്ദേഹത്തിനായി. 12 ഗ്രാമപഞ്ചായതുകളും ജില്ലാ പഞ്ചായതും കുടുബശ്രീയുമായി സഹകരിച്ചാണ് പ്രവർത്തനം നടത്തിയത്. 

ചട്ടഞ്ചാൽ വ്യവസായ പാർക് പ്രവർത്തനം ആരംഭിച്ചതും ബാലകൃഷ്ണൻ മാസ്റ്ററുടെ കാലത്താണ്. 'സീറോവേസ്റ്റ് കാസർകോട്' എന്ന ആശയം പ്രാവർത്തികമാക്കാൻ ജനകീയമായ സർവേ, പരിശീലനങ്ങൾ, പ്രാദേശിക റിപോർടുകൾ തയ്യാറാക്കൽ എന്നിവ നടത്തുകയും  തുടർന്ന് ജില്ലാ ഡിപിആർ തയ്യാറാക്കുകയും ചെയ്തു. ആരോഗ്യ മേഖലയിലുൾപ്പെടെ വിപുലമായ പരിശീലനം നടത്തി. അന്ന് നിർദേശിച്ച ആശയങ്ങളാണ് സമ്പൂർണ ശുചിത്വ കാമ്പയിനിൽ പൂർണമായും ഉപയോഗിച്ചിട്ടുള്ളത്.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങാവുന്ന നിരവധി പ്രവർത്തനങ്ങളും ബാലകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ കൈക്കൊണ്ടു. എൻഡോസൾഫാൻ വിക്ടിംസ് റിലീഫ് ആന്റ് റെമിഡിയേഷൻ ജില്ലാതല സെല്ലിന്റെ അധ്യക്ഷനായുള്ള പ്രവർത്തനം മികവുറ്റതായിരുന്നു. മരണപ്പെട്ടവരുടെ കുടുബാംഗങ്ങൾക്ക് സർകാരിൽനിന്നും ധനസഹായം ലഭ്യമാക്കി. ആശുപത്രികളിൽനിന്നും ചികിത്സാ സംവിധാനവും ഉറപ്പാക്കി. 'കാസർകോട് വികസനവും സമൂഹവും' ഗ്രന്ഥം തയ്യാറാക്കി സജീവമായി ചർച്ചയാക്കി മാറ്റാനുമായി. മതസൗഹാർദം ഉറപ്പാക്കുന്ന ജില്ലയുടെ സവിശേഷ സംഭവങ്ങൾ ചർച്ചചെയ്ത് ഡിസംബർ ആറിന്റെ കറുത്ത അന്തരീക്ഷം ഒഴിവാക്കാൻ ശ്രദ്ധിച്ചതും അദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ടാണ്. 

വിവിധ ആരോഗ്യ സംവിധാനങ്ങളെ ഉൾചേർത്ത് ജില്ലാ, ആരോഗ്യ പരിപാടി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയതും അക്കാലത്തായിരുന്നു. ജില്ലാ ആശുപത്രിയിലേക്ക് സേവനങ്ങൾ വർധിപ്പിച്ച് ജനകീയമാക്കാനും ജനസൗഹൃദമാക്കാനും പ്രത്യേക ശ്രദ്ധ നൽകി. ത്രിതല പഞ്ചായതിലെ സർക്കാർ എന്നതിനപ്പുറം ജില്ലയുടെ ഭരണ സംവിധാനമായി മാറാൻ കഴിഞ്ഞതാണ് ബാലകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രധാന നേട്ടം. അതുവഴി ഘടകസ്ഥാപനങ്ങളിലെ മോധാവികൾ മാത്രമല്ല മുഴുവൻ ജില്ലാ ഉദ്യോഗസ്ഥരെയും ഏകോപിപ്പിക്കാൻ കഴിഞ്ഞു. കൊടുംവരൾച്ചയിലും മാഷിന്റെ കാലത്ത് രൂപം നൽകിയ നിരവധി ചെക് ഡാമുകൾ ജലസമൃദ്ധമായി നിലനിൽക്കുന്നു എന്നത് ദൂരവ്യാപക കാഴ്ചപാടുള്ള സുസ്ഥിര വികസനത്തിന് പ്രത്യേക ശ്രദ്ധ നൽകുന്ന ഒരു ഭരണകർത്താവിന്റെ നേട്ടമാണ്.

 

ഖാദിക്ക് പുതിയ മുഖം 

ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് നിയമിതനായപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലെ അനുഭവ പരിചയം മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഏറെ സഹായകമായി. ഖാദി കേന്ദ്രങ്ങൾക്ക് ധനസഹായം നൽകുന്നതിനും, അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നതിന് സബ് സിഡി മാർഗരേഖയിൽ ഉൾപ്പെടുത്തുന്നതിനും  പ്രത്യേക ഇടപെടൽ നടത്തി. കിലയുടെ നേതൃത്വത്തിൽ ഖാദി ബോർഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചർച്ചചെയ്യുന്നതിന് തദ്ദേശ സ്ഥാപന പ്രസിഡണ്ട്, സെക്രടറിമാരുടെ സംസ്ഥാനതല ശില്പശാലയും നടത്തി. പുതിയ കെട്ടിടനിർമ്മാണത്തിനും ഉപകരണങ്ങൾ വാങ്ങുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും സവിശേഷ ശ്രദ്ധ നൽകിയ കാലമായിരുന്നു അത്.

 

കോട്ട തിരിച്ചുപിടിക്കാൻ മാഷ് 

എകെജിയെ അടക്കം വിജയിപ്പിച്ച ഇടതിന്റെ കോട്ടയാണ് കാസർകോട് ലോക്‌സഭാ മണ്ഡലം. കഴിഞ്ഞ തവണ കൈവിട്ടുപോയ മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കുമെന്ന് ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ ഉറപ്പിക്കുന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുമ്പോൾ നാടിന്റെ വികസന രംഗത്ത് കയ്യൊപ്പ് ചാർത്താനായതാണ് ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​റുടെ കരുത്തെന്ന് പ്രവർത്തകരും പറയുന്നു. 

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia