Campaign | ധീരസ്‌മരണകൾ ഉറങ്ങുന്ന മണ്ണിൽ മനം കീഴടക്കി എം വി ബാലകൃഷ്ണൻ മാസ്റ്റർ; സ്ഥാനാർഥിക്ക് സ്‌നേഹനിർഭര വരവേൽപ്
* വെളിച്ചംതോടിൽ വെള്ളരി നൽകിയാണ് ജനം സ്നേഹം പ്രകടിപ്പിച്ചത്
പെരിങ്ങോം: (KasaragodVartha) സാമ്രാജ്യത്വ–- ജന്മിത്വവിരുദ്ധ പോരാട്ടത്തിന്റെ ധീരസ്‌മരണകൾ ഉറങ്ങുന്ന മണ്ണിൽ ജനതയുടെ മനം കീഴടക്കി കാസർകോട് ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. സ്‌നേഹനിർഭര വരവേൽപ്പാണ് സ്ഥാനാർഥിക്ക് ചൊവ്വാഴ്ച ലഭിച്ചത്. കോറോം, കരിവെള്ളൂർ, പെരളം രക്തസാക്ഷികളുടെ സ്‌മരണകൾ സ്വീകരണങ്ങളെ ആവേശോജ്വലമാക്കി. മലയോര കുടിയേറ്റ ഗ്രാമങ്ങൾ പിന്നിട്ടാണ് പര്യടനം തുടർന്നത്.
ഏഴിമല നാവിക അകാഡമി ഉൾപെടെയുള്ള തീരപ്രദേശങ്ങളും ബാലകൃഷ്ണൻ മാസ്റ്ററെ സ്‌നേഹത്തോടെ സ്വീകരിച്ചു. കാസർകോട് ജില്ലാപഞ്ചായത് പ്രസിഡന്റായിരിക്കെ എം വി ബാലകൃഷ്ണൻ മാസ്റ്റർ നടത്തിയ വികസന – ക്ഷേമ പ്രവർത്തനങ്ങളുടെ അനുഭവ സമ്പത്തും വോടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇടത് കാംപ്. ആദ്യ സ്വീകരണകേന്ദ്രമായ കാഞ്ഞിരപ്പൊയിലിൽ ചെണ്ടമേളത്തിന്റെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയായിരുന്നു വരവേൽപ്. വിദ്യാർഥിയായ സായന്ത് വരച്ച ചിത്രം സ്ഥാനാർഥി ഏറ്റുവാങ്ങി.
വെളിച്ചംതോടിൽ വെള്ളരി നൽകിയാണ് ജനം സ്നേഹം പ്രകടിപ്പിച്ചത്. വിനോദസഞ്ചാര മേഖലയിൽ വളർന്നുവരുന്ന ജോസ്ഗിരിയിൽ ഉൾപ്പെടെ മലയോരത്ത് നൂറുകണക്കിനുപേരാണ് സ്വീകരിക്കാനെത്തിയത്. ഉത്സവ ലഹരിയിലായിരുന്നു ഓരോ സ്വീകരണവും. സ്വീകരണകേന്ദ്രങ്ങളിൽ ടി ഐ മധുസൂദനൻ എംഎൽഎ, സി സത്യപാലൻ, സി കൃഷ്ണൻ, വി നാരായണൻ, പി ശശിധരൻ, പി സന്തോഷ്, വി കുഞ്ഞികൃഷ്ണൻ, സരിൻ ശശി, പി പി അനീഷ, പി പി സിദിൻ, കെ കെ ജോയ്, സി വി വിഷ്ണു പ്രസാദ്, ഹരിഹർ കുമാർ, എം രാഘവൻ, എം രാമകൃഷ്ണൻ, കെ രാഘവൻ, ഒ ടി സുജേഷ്, കെ ആർ ചന്ദ്രകാന്ത്, കെ വി ബാബു, സി വി ദാസൻ തുടങ്ങിയവർ സംസാരിച്ചു.