city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

LS Result | ജനവിധി അറിയാൻ മണിക്കൂറുകൾ; വാതുവെപ്പുമായി മുന്നണി പ്രവർത്തകർ; പടക്കങ്ങളും വാങ്ങിക്കൂട്ടി

lok sabha elections three parties with hopes of kasaragod

വോട് വിഹിതത്തിൽ വർധനവ് ഉണ്ടാക്കാൻ കഴിയും എന്നാണ് എൻഡിഎയുടെ പ്രതീക്ഷ

കാസർകോട്: (KasaragodVartha) എക്സിറ്റ് പോളിന് പിന്നാലെ വാതുവെപ്പുമായി മുന്നണി പ്രവർത്തകർ. രാജ്മോഹൻ ഉണ്ണിത്താൻ 25,000 മുതൽ ഒരു ലക്ഷം വരെ വോടിന് വിജയിക്കുമെന്നാണ് യു ഡി എഫ് പ്രവർത്തകരുടെ അവകാശവാദം. അവർ പടക്കങ്ങളും വാങ്ങി വെച്ച് വിജയാഹ്ളാദ പ്രകടനത്തിനായി കാത്തിരിക്കുകയാണ്. ചാനലുകളുടെ എക്സിറ്റ് പോളുകൾ മുഖവിലയ്ക്കെടുക്കാതെ എൽ ഡി എഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ മാസ്റ്റർ 20,000 മുതൽ 30,000 വോടുകൾക്ക് വിജയിക്കുമെന്നാണ് എൽഡിഎഫ് പ്രവർത്തകർ പറയുന്നത്. പാർടിയുടെ കണക്കെടുപ്പാണ് അവരുടെ വിജയപ്രതീക്ഷയ്ക്ക് കരുത്ത് പകരുന്നത്.

lok sabha elections three parties with hopes of kasaragod

കേന്ദ്ര-സംസ്ഥാന സർകാരുകൾക്കെതിരെയുള്ള ജനവികാരമാണ് യുഡിഎഫിൻ്റെ വൻ വിജയത്തിനായി മാറുന്ന പ്രധാന ഘടകമെന്ന് പ്രവർത്തകരും നേതാക്കളും പറയുന്നു. മണ്ഡലത്തിൽ ഒരു എംപി ഉണ്ടെന്ന തോന്നൽ ഉണ്ടായത് ഉണ്ണിത്താൻ എം പി ആയ ശേഷമെന്നത് എതിരാളികൾ പോലും നിഷേധിക്കാത്ത യാഥാർത്ഥ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് വർഷവും മണ്ഡലത്തിൽ നിറഞ്ഞ് നിന്ന ഉണ്ണിത്താനോട് ജനങ്ങൾ വോടിലൂടെ ആ സ്നേഹം തിരിച്ചുനൽകുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. 

ഒരാളുടെ പോലും ശുപാർശയില്ലാതെ എം പിയെ പോയി കാണാമെന്നത് വലിയ കാര്യമാണ്, സി പി എം ശക്തികേന്ദ്രളിൽ പോലും വികസനം എത്തിക്കാൻ എം പി തയ്യാറായി, എന്തും വെട്ടിതുറന്ന് പറയുന്ന കരുത്തനായ ഉണ്ണിത്താൻ്റെ ശൈലി യുവജനങ്ങളെ പോലും ആകർഷിച്ചുവെന്നും യുഡിഎഫ് വിലയിരുത്തുന്നു. ഉണ്ണിത്താൻ അഞ്ച് വർഷം കൊണ്ട് ഉണ്ടാക്കിയ വ്യക്തി ബന്ധവും വോടായി മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. തളങ്കരയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ എൽഡിഎഫ്  ഇറക്കിയ വീഡിയോ അവർക്ക് തിരിച്ചടിയായി മാറുമെന്നും യുഡിഎഫ് കാംപ് കണക്ക് കൂട്ടുന്നു.

എന്നാൽ വോടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള കാസർകോട് പാർലമെൻറ് മണ്ഡലത്തിൽ വിജയ പ്രതീക്ഷയിലാണ് എൽഡിഎഫ്.  എക്‌സിറ്റ് പോൾ  പ്രവചനങ്ങളിൽ മാത്രമാണ് യുഡിഎഫിന്റെ പ്രതീക്ഷയെന്നും എൽഡിഎഫ് കാംപ് പറയുന്നു. കാസർകോട് ലോകസഭ മണ്ഡലത്തിൽ ഇത്തവണത്തെ പോളിംഗ് ശതമാനം 76.04 ശതമാനമാണ്. കഴിഞ്ഞ തവണത്തെക്കാൾ 4.53 ശതമാനം  കുറവ്.  മൂന്നര പതിറ്റാണ്ടുകാലം തുടർച്ചയായി എൽഡിഎഫിനെ വിജയിപ്പിച്ച മണ്ഡലം കഴിഞ്ഞ തവണ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ മണ്ഡലം കൈവിടില്ലെന്നാണ് എൽഡിഎഫ് പ്രതീക്ഷ. 

നിയമസഭാ മണ്ഡലങ്ങളിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ പോളിംഗ് കുറവുണ്ടായി. യുഡിഎഫ് കേന്ദ്രങ്ങളിൽ വോട് കുറവ് വന്നതാണ് പോളിംഗ് ശതമാനം കുറയാൻ കാരണമെന്നാണ് എൽഡിഎഫ് കണക്കു കൂട്ടൽ. കാസർകോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിൽ പോളിംഗ് ശതമാനത്തിൽ വലിയ കുറവാണുണ്ടായതെന്നും ഇത് എൽഡിഎഫിന് പ്രതീക്ഷ നൽകുന്നതാണെന്നും ഇവർ പറയുന്നു. യുഡിഎഫ് വോടുകളിൽ അടിയൊഴുക്കുണ്ടാവുകയും വോടുകൾ  മരവിക്കുകയും ചെയ്തതായാണ് എൽ ഡി എഫ് വിലയിരുത്തുന്നത്. കാസർകോട് മണ്ഡലത്തിലെ അഞ്ച് വർഷക്കാലത്തെ വികസന മുരടിപ്പ് പ്രധാന പ്രചരണ വിഷയമായിരുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താനെതിരെ കോൺഗ്രസിനകത്തുള്ള എതിർപ്പും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫിന് തിരിച്ചടിയായിരുന്നുവെന്നും നേതാക്കൾ കണക്കുകൂട്ടുന്നു.

തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിനകത്തെ പരസ്യമായ പോരിലൂടെ ഇക്കാര്യം വ്യക്തമായതായും എൽഡിഎഫ് കേന്ദ്രങ്ങൾ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള പ്രധാന ദേശീയ വിഷയങ്ങളിൽ യുഡിഎഫിന്റെ നിലപാടില്ലായ്മയും തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിരുന്നു. ഇത് തിരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയിൽ സ്വാധീനിക്കുമെന്നാണ് ഇടത് മുന്നണി കരുതുന്നത്. പ്രചാരണ രംഗത്ത് ആദ്യഘട്ടം മുതൽ മുന്നേറിയ എൽഡിഎഫിന് കാര്യമായ പ്രതികൂല ഘടകങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും പ്രമുഖ സിപിഎം നേതാക്കൾ പറഞ്ഞു.

അതേസമയം വോട് വിഹിതത്തിൽ വർധനവ് ഉണ്ടാക്കാൻ കഴിയും എന്നാണ് എൻഡിഎയുടെ പ്രതീക്ഷ. യുഡിഎഫ് എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ എൽഡിഎഫ് കാംപ്  സർവേ ഫലങ്ങളെ മുൻകാല ചരിത്രത്തിൻറെ പശ്ചാത്തലത്തിൽ തള്ളിക്കളയുകയാണ്. കഴിഞ്ഞതവണ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കുമെന്ന് ഉറച്ചു പ്രതീക്ഷിക്കുകയാണ് എൽഡിഎഫ്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia