NOTA | എന്താണ് നോട്ട, നോട്ടയ്ക്ക് കൂടുതൽ വോട്ടുകൾ ലഭിക്കുമ്പോൾ എന്ത് സംഭവിക്കും?
* ആര്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ നോട്ട ബട്ടണ്‍ അമര്‍ത്താം
ന്യൂഡെൽഹി: (KasargodVartha) തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ (EVM) ഏറ്റവും അവസാനത്തായി കാണുന്ന ബട്ടണാണ് നോട്ട (നൺ ഓഫ് ദ എബോ - NOTA). ആര്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ നോട്ട ബട്ടണ്‍ അമര്‍ത്തി വോട്ടര്‍ക്ക് വോട്ടിംഗ് അവസാനിപ്പിക്കാം. ഒരു വ്യക്തി തന്റെ മണ്ഡലത്തിലെ മത്സരിക്കുന്ന യാതൊരു സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കുന്നില്ല എന്ന് രേഖപ്പെടുത്താനാണ് ഇത് ഉപയോഗിക്കുന്നത്.
നോട്ട കൂടുതൽ വോട്ട് നേടിയാൽ
നോട്ടയ്ക്ക് കൂടുതൽ വോട്ട് ലഭിച്ചാൽ തിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ തെറ്റി. ഒരു നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് നോട്ടയ്ക്ക് ആണെങ്കിൽ, നോട്ടയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കും. അതായത്, ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്ഥാനാർത്ഥി വിജയിക്കുന്നു.
2013 സെപ്തംബർ 27-ന്, സുപ്രീം കോടതി, വോട്ടർമാർക്ക് തങ്ങളുടെ വോട്ട് രേഖപ്പെടുത്തുമ്പോൾ സ്ഥാനാർഥികളിൽ ആരെയും താത്പര്യമില്ലെങ്കിൽ 'നോട്ട' എന്ന ഓപ്ഷൻ നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചിരുന്നു. അങ്ങനെ ഇവിഎമ്മുകളിൽ നോട്ട ഒരു ഓപ്ഷൻ കൂടിയായി. ഇതോടെ നോട്ട എന്ന ഓപ്ഷൻ നൽകുന്ന ലോകത്തെ പതിനാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
എന്തുകൊണ്ട് നോട്ട?
അതൃപ്തി പ്രകടിപ്പിക്കാനുള്ള ഓപ്‌ഷൻ കൂടുതൽ ആളുകളെ വോട്ട് എന്ന ജനാധിപത്യ പ്രക്രിയയിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുമെന്ന ആശയമാണ് നോട്ടയെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. ഒരു നിഷ്പക്ഷ വോട്ടാണ് നോട്ട വോട്ട്. 2013-ലെ സുപ്രീം കോടതി ഉത്തരവിൽ, നോട്ട ഓപ്ഷൻ ഉൾപ്പെടുത്തുന്നത് 'ശക്തമായ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ രാഷ്ട്രീയ പാർട്ടികളെ നിർബന്ധിതരാക്കും' എന്ന് പറഞ്ഞിരുന്നു.
നോട്ടയ്ക്ക് ശരിക്കും പ്രസക്തിയുണ്ടോ?
നോട്ട വോട്ടുകൾക്ക് പ്രസക്തിയുണ്ടോ എന്ന് പലരും വാദിക്കുന്നു. ചില ആളുകളുടെ അഭിപ്രായത്തിൽ, നോട്ടയ്ക്ക് ഇലക്‌ട്രൽ മൂല്യമില്ല. കാരണം, നോട്ടയ്ക്ക് പരമാവധി വോട്ടുകൾ ലഭിച്ചാലും ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർത്ഥി വിജയിയായി പ്രഖ്യാപിക്കപ്പെടും. എന്നിരുന്നാലും, നോട്ട വോട്ടുകൾ തിരഞ്ഞെടുപ്പ് ഫലത്തിന് നിർണായകമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കാരണം അവ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കേണ്ട വോട്ടുകൾ കുറയ്ക്കുന്നു, ഇത് വിജയത്തിൻ്റെ ഭൂരിപക്ഷം കുറയ്ക്കുന്നതിനോ ഫലത്തെ മാറ്റിമറിക്കുന്നതിനോ കാരണമാകുന്നു.
നോട്ടയ്ക്ക് എങ്ങനെ വോട്ട് ചെയ്യാം?
വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാർത്ഥികളുടെ പട്ടികയുടെ താഴെയാണ് 'നൺ ഓഫ് ദ എബോവ്' ബട്ടൺ സ്ഥിതിചെയ്യുന്നത്. മുൻകാലങ്ങളിൽ നെഗറ്റീവ് വോട്ട് രേഖപ്പെടുത്താൻ വോട്ടർമാർ പോളിംഗ് ഓഫീസറെ സമീപിക്കേണ്ടിയിരുന്നു. എന്നാൽ, നോട്ട ആ രീതി ഇല്ലാതാക്കി.