Street play | ജനങ്ങളോട് 'ബർത്താനം' പറയാൻ അവർ; കാസർകോട്ട് എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിന് തെരുവ് നാടക വണ്ടി ഓടിത്തുടങ്ങി
* ഇതിനോടകം അഞ്ചിടത്ത് അവതരിപ്പിച്ചു
ഉദുമ: (KasaragodVartha) എൽഡിഎഫ് ഉദുമ മണ്ഡലം തിരഞ്ഞെടുപ്പ് കമിറ്റിയുടെ നാടകവണ്ടി പ്രയാണം തുടങ്ങി. വിജയൻ കാടകം ആശയാവിഷ്കാരം നിർവഹിച്ച തെരുവുനാടകം സംവിധാനം ചെയ്തത് ജില്ലയിലെ പ്രശസ്ത നാടക പ്രവർത്തകൻ റഫീഖ് മണിയങ്ങാനമാണ്. പ്രശസ്ത നാടക സിനിമാ പ്രവർത്തകരായ മധു ബേഡകം, ലോഹി പെരിങ്ങാനം, ശശി ആറാട്ടു കടവ്, നാരായണൻ പയ്യങ്ങാനം, വിനോദ് മേൽപ്പുറം, ഷിംന ആറാട്ടു കടവ്, ദാമോദരൻ കരിഞ്ചാൽ, രാജു അരമങ്ങാനം, ഋതുനന്ദ് ബേഡകം, അതുൽ ദേവ് ബേഡകം എന്നിവരാണ് അരങ്ങത്ത്.
നാടകമെന്ന ജനകീയ കലാമാധ്യമത്തെ സമരായുധമാക്കി നേരിൻ്റെ പൊള്ളുന്ന കുറേ ചോദ്യങ്ങളുമായാണ് 'ബർത്താനം' എന്ന് പേരിട്ട തെരുവ് നാടകം അവതരിപ്പിക്കുന്നത്. വർഗീയതയും മാനവികതയും തമ്മിലുള്ള ഈ ജനാധിപത്യ യുദ്ധത്തിൽ മനുഷ്യ നന്മയുടെ പതാകയേന്തി നന്മയുള്ളവരെല്ലാം ഇടതുപക്ഷത്ത് അണി ചേരണമെന്ന ആഹ്വാനവുമായാണ് നാടകം പുരോഗമിക്കുന്നത്.
കള്ള പ്രചാരണങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളതെന്നും യഥാർഥ വസ്തുവകളല്ല ജനങ്ങൾക്ക് മുമ്പിൽ എത്തുന്നതെന്നും ഈ സാഹചര്യത്തിൽ യഥാർഥ കാര്യങ്ങൾ ജനങ്ങളോട് നേരിട്ട് പറയുകയാണ് നാടകത്തിലൂടെ ചെയ്യുന്നതെന്ന് റഫീഖ് മണിയങ്ങാനം കാസർകോട് വാർത്തയോട് പറഞ്ഞു. അരമണിക്കൂറിലധികം ദൈർഘ്യമുള്ള നാടകം ഇതിനോടകം അഞ്ചിടത്ത് അവതരിപ്പിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിലും ശക്തമായി ഇവർ പ്രചാരണ രംഗത്തുണ്ടാവും.