Polling | വോട്ടിങ് യന്ത്രവും പോളിങ് സാധനങ്ങളുമായി ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തുകളിലേക്ക് നീങ്ങി; 7 കേന്ദ്രങ്ങളില്‍ നിന്നായി തിരഞ്ഞടുപ്പിന് തയ്യാറായി പോയിരിക്കുന്നത് 4,561 പേർ
* മണ്ഡലം അടിസ്ഥാനത്തിലാണ് പോളിങ് സാധനങ്ങളുടെ വിതരണം ഉച്ചയോടെ പൂര്‍ത്തിയാക്കിയത്
കാസര്‍കോട്: (KasaragodVartha) വോട്ടിങ് യന്ത്രവും പോളിങ് സാധനങ്ങളുമായി ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് നീങ്ങി. ഏഴ് കേന്ദ്രങ്ങളില്‍ നിന്നായാണ് ഉദ്യോഗസ്ഥര്‍ തിരഞ്ഞടുപ്പിന് വേണ്ട ഉപകരണങ്ങള്‍ ഏറ്റുവാങ്ങിയത്. കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ ആകെ 1334 പോളിങ് കേന്ദ്രങ്ങളാണ് ഉള്ളത്. ഇതില്‍ ഓക്‌സിലറി ഗ്രൂപ്പും ഉള്‍പ്പെടും.
മഞ്ചേശ്വരം മണ്ഡലത്തില്‍ 205, കാസര്‍കോട് 190, ഉദുമ 198, കാഞ്ഞങ്ങാട് 196, തൃക്കരിപ്പൂര്‍ 194, പയ്യന്നൂര്‍ 181ഉം ഒരു ഓക്‌സിലറി ഗ്രൂപ്പും, കല്യാശേരിയില്‍ 170 ബൂത്തുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ ആകെ 14,52,30 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 7,01,475 പുരുഷവോട്ടര്‍മാരും 7,50,741 സ്തീവോട്ടര്‍മാരും 14 ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍മാരുമാണുളളത്. 32,827 കന്നി വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പിന്റെ ജയപരാജയം നിര്‍ണയിക്കാന്‍ പേകുന്നത്. 4,934 പ്രവാസി വേട്ടര്‍മാരും 3,300 സര്‍വീസ് വേട്ടര്‍മാരും 711 അവശ്യ സര്‍വീസ് വോട്ടര്‍മാരുമാണ് ഉള്ളത്. മണ്ഡലം അടിസ്ഥാനത്തിലാണ് പോളിങ് സാധനങ്ങളുടെ വിതരണം ഉച്ചയോടെ പൂര്‍ത്തിയാക്കിയത്.
983 പ്രിസൈഡിങ് ഓഫീസര്‍മാരെയും, ഫസ്റ്റ് പോളിങ് ഓഫീസര്‍മാരെയും, സെക്കന്റ് പോളിങ് ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്. 90 സെക്ടറല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 244 മൈക്രോ ഒബ്‌സർമാരെയും 1278 റിസര്‍വ് ഉദ്യോഗസ്ഥന്മാരെയും നിയമിച്ചിട്ടുണ്ട്. പോളിങ് സാധനങ്ങള്‍ എത്തിച്ചതിന് പിന്നാലെ സായുധരായ പൊലീസ് ഉദ്യോഗസ്ഥരെയും പാരാമിലിട്ടറി വിഭാഗത്തിനെയും നിയമിച്ചിട്ടുണ്ട്. സുഗമമായ തെരഞ്ഞെടുപ്പിനുള്ള എല്ലാക്രമീകരണങ്ങളും ഇതോടെ പൂര്‍ത്തിയായി. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിക്കും. ഇതിന് തൊട്ടുമുമ്പ് മോക്‌പോള്‍ നടത്തും. ബൂത്ത് ഏജന്റുമാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്യും.