Complaint | പയ്യന്നൂരില്‍ രണ്ടിടത്ത് ബൂത് പിടുത്തമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; ഏജന്റുമാരെ മര്‍ദിച്ച് പുറത്തിറക്കിവിട്ടുവെന്നും പരാതി; സ്ഥാനാർഥി സ്ഥലത്തെത്തി
* കള്ളവോട് ചെയ്യുന്നതിനെ തുടര്‍ച്ചയായി എതിര്‍ത്തതിന്റെ പേരിലാണ് രഞ്ജിതിനെ അക്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
പയ്യന്നൂര്‍: (KasaragodVartha) പയ്യന്നൂരില്‍ രണ്ടിടത്ത് ബൂത് പിടുത്തമെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട പയ്യന്നൂര്‍ കാറമ്മേല്‍ എഎല്‍പി സ്‌കൂളിലെ 78-ാം നമ്പര്‍ ബൂതും അന്നൂരിലെ 84-ാം നമ്പര്‍ ബൂതുമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തതെന്നാണ് പരാതി.
ബൂത് ഏജന്റും ഡിസിസി ജെനറല്‍ സെക്രടറി എപി നാരായണന്റെ മകനുമായ രഞ്ജിതിനെ പോളിങ് ബൂതിനകത്തുനിന്നും മര്‍ദിച്ച് പുറത്തിറക്കി വിട്ടുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. രഞ്ജിത്തിനെ പയ്യന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ ബൂതില്‍ ഒരു വനിതാ ഏജന്റും ഉണ്ടായിരുന്നു.
ഇവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയെന്നാണ് പരാതി. കള്ളവോട് ചെയ്യുന്നതിനെ തുടര്‍ച്ചയായി എതിര്‍ത്തതിന്റെ പേരിലാണ് രഞ്ജിതിനെ അക്രമിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. തൊട്ടടുത്തുള്ള കാറമ്മല്‍ ബൂതില്‍ നിന്നും യുഡിഎഫ് ഏജന്റുമാരെ മര്‍ദിച്ച് ഇറക്കിവിട്ടുവെന്നാണ് പരാതി. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.