Vote | രാജ്‌മോഹൻ ഉണ്ണിത്താന്‍ ഭാര്യയോടൊപ്പം പടന്നക്കാട്ടും ബാലകൃഷ്ണന്‍ മാസ്റ്റര്‍ മുഴക്കോത്തും എം എൽ അശ്വനി കൊടല മുഗറുവിലും വോട് രേഖപ്പെടുത്തും
* വിവിധ ബൂതുകളിൽ സന്ദര്‍ശനവും നടത്തും
കാസര്‍കോട്: (KasargodVartha) വെള്ളിയാഴ്ച നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസർകോട് മണ്ഡലത്തിലെ മൂന്ന് സ്ഥാനാർഥികളും ഇത്തവണ ജില്ലയില്‍ തന്നെ വോട് രേഖപ്പെടുത്തും. യുഡിഎഫ് സ്ഥാനാർഥി രാജ്മോഹന്‍ ഉണ്ണിത്താനും ഭാര്യ സുധാകുമാരിയും പടന്നക്കാട് 170 -ാം ബൂതില്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തന്നെ എത്തി വോട് ചെയ്യും.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍ രാവിലെ 7.30ന് മുഴക്കോം ജിയുപി
സ്‌കൂളിലെ 35-ാം ബൂതിലെത്തിയാണ് വോട് രേഖപ്പെടുത്തുക. എന്‍ഡിഎ സ്ഥാനാർഥി എംഎല്‍ അശ്വിനി രാവിലെ ഏഴ് മണിക്ക് മഞ്ചേശ്വരം മണ്ഡലത്തിലെ കൊഡ്‌ല മൊഗറുവിലെ ശ്രീ വാണി വിജയ എയുപി സ്‌കൂളിലെത്തി (ബൂത് 43) വോട് ചെയ്യും.
വോട് ചെയ്ത ശേഷം സ്ഥാനാർഥികള്‍ വിവിധ ബൂതുകളിൽ സന്ദര്‍ശനവും നടത്തും. മൂന്ന് സ്ഥാനാർഥികള്‍ക്കും കാസര്‍കോട് ജില്ലയില്‍ തന്നെ വോട് എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.