Election | സംസ്ഥാനത്ത് ചൂടുപിടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം; വോട് തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും കേരളത്തിൽ; സിപിഎം ദേശീയ നേതാക്കളും എത്തുന്നു
* മലയാളം കേവലം ഭാഷയല്ലെന്നും സംസ്കാരമാണെന്നും രാഹുൽ ഗാന്ധി
തിരുവനന്തപുരം: (KasaragodVartha) സംസ്ഥാനത്ത് ചൂടുപിടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിങ്കളാഴ്ച കേരളത്തിലുണ്ട്. ഞായറാഴ്ച രാത്രിയോടെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി തിങ്കളാഴ്ച രാവിലെ തൃശൂർ കുന്ദംകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ പങ്കെടുത്തു.
10 വര്‍ഷം കണ്ടത് എൻഡിഎ സർകാരിന്റെ വികസന പ്രവർത്തനങ്ങളുടെ ട്രെയിലര്‍ മാത്രമാണെന്നും ഇനിയാണ് യഥാർഥ വികസനകുതിപ്പ് കാണാൻ പോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്ത് എൻഡിഎ പൊതുസമ്മേളനത്തിൽ പറഞ്ഞു. മലയാള വര്‍ഷാരംഭത്തില്‍ കേരളത്തില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് വികസനത്തിന്റെ വര്‍ഷമായി മാറാന്‍ ബിജെപിക്ക് വോട് നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രാവിലെ എറണാകുളം ഗസ്റ്റ്ഹൗസിൽ നിന്നും ഹെലികോപ്റ്റർ മാർഗം പ്രധാനമന്ത്രി ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങി. അവിടെ നിന്നും റോഡ് മാർഗമാണ് പൊതുസമ്മേളന വേദിയിൽ എത്തിയത്. ഉച്ചയ്ക്ക് ശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിൽ തിരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇതിന് മുമ്പും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാർച് 19 ന് പാലക്കാട്ടും പത്തനംതിട്ടയിലും പ്രധാനമന്ത്രി എത്തിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധി സുൽത്താൻ ബത്തേരിയിൽ വൻ റോഡ് ഷോയും നടത്തി. മലയാളം ഹിന്ദിയെക്കാൾ താഴെയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും മലയാളം കേവലം ഭാഷയല്ലെന്നും സംസ്കാരമാണെന്നും രാഹുൽ ഗാന്ധി സുൽത്താൻ ബത്തേരിയിൽ പറഞ്ഞു. ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്ന മോദിയുടെ മുദ്രാവാക്യം നാടിനു ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുല്‍പ്പള്ളി മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലും രാഹുലിന്റെ റോഡ് ഷോ ഉണ്ട്. മാനന്തവാടി രൂപതാ ആസ്ഥാനത്തും രാഹുൽ സന്ദർശിക്കും. വൈകിട്ട് കോഴിക്കോട് നടക്കുന്ന സമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകും. നാമനിർദേശ പത്രിക സമർപണത്തിനായിരുന്നു രാഹുൽ ഗാന്ധി ഇതിന് മുമ്പ് കേരളത്തിൽ എത്തിയത്.
സിപിഎം ദേശീയ നേതാക്കളും തിങ്കളാഴ്ച മുതൽ ഏപ്രിൽ 23 വരെ സംസ്ഥാനത്തെ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ പങ്കെടുക്കും. പാർടി ജെനറൽ സെക്രടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യുറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, തപൻ സെൻ, സുഭാഷിണി അലി തുടങ്ങിയവർ വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, എം എ ബേബി, എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിലും സിപിഎം ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ, അമർജിത് കൗർ തുടങ്ങിയവരും വിവിധ മണ്ഡലങ്ങളിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.