Election Campaign | പ്രചാരണത്തിന് ഇനി 4 നാള്‍ മാത്രം; കാസര്‍കോട്ട് ആവേശം വാനോളം, ജനങ്ങളില്‍ നിസ്സംഗത: കേരള - കര്‍ണാടക മുഖ്യമന്ത്രിമാര്‍ പ്രചാരണത്തിനെത്തുന്നു
*ദേശീയ നേതാക്കളെ പ്രചാരണത്തിനെത്തിക്കുന്നതില്‍ കോണ്‍ഗ്രസിനും എന്‍ഡിഎക്കും കഴിഞ്ഞിട്ടില്ല.
*എല്‍ഡിഎഫിനുവേണ്ടി യെച്ചൂരി അടക്കമുളള നേതാക്കള്‍ എത്തിയത് ഇടതുമുന്നണിക്ക് നേട്ടമായി.
*ഈ മാസം 26നാണ് തിരഞ്ഞെടുപ്പ്.
കാസര്‍കോട്: (KasargodVartha) ഒന്നര മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീഴാന്‍ ഇനി നാലുനാള്‍ മാത്രം ബാക്കിയിരിക്കെ പാര്‍ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം വാനോളമെത്തി. അതേസമയം പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോഴും വോടര്‍മാരായ ജനങ്ങള്‍ക്കിടിയില്‍ നിസ്സംഗത മനോഭാവമാണുള്ളത്.
ദേശീയ സംസ്ഥാന നേതാക്കളടക്കം പ്രമുഖരുടെ പടതന്നെ കാസര്‍കോട്ട് എത്തിയിരുന്നുവെങ്കിലും മുന്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടായ രീതിയിലേതുപോലുള്ള ഒരു ആവേശം വോടര്‍മാരിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയ നേതാക്കളെ പ്രചാരണത്തിനെത്തിക്കുന്നതില്‍ കോണ്‍ഗ്രസിനും എന്‍ ഡി എക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ എല്‍ ഡി എഫിനുവേണ്ടി യെച്ചൂരി അടക്കമുളള നേതാക്കള്‍ എത്തിയത് ഇടതുമുന്നണിക്ക് നേട്ടമായി മാറിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച ജില്ലയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി പ്രചാരണത്തിനെത്തുന്നതോടെ അത് ഇടതുമുന്നണിക്ക് മേല്‍ക്കൈയുണ്ടാക്കുമെന്ന വിശ്വാസത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. ഇത് മറികടക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കൊണ്ടുവരാനാണ് യു ഡി എഫിന്റെ തീരുമാനം.
22നും 23നും സിദ്ധരാമയ്യയെ കാസര്‍കോട്ട് എത്തിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. സിദ്ധരാമയ്യയ്ക്ക് അസൗകര്യമുണ്ടാകുകയാണെങ്കില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയെയും പ്രവര്‍ത്തകരുടെ ആവേശമായ ഡി കെ ശിവകുമാറിനെയും കൊണ്ടുവന്ന് മഞ്ചേശ്വരം മുതല്‍ റോഡ് ഷോ നടത്താനുള്ള തയ്യാറെടുപ്പിലാണ് യു ഡി എഫ് നേതൃത്വം.
എന്‍ ഡി എക്ക് വേണ്ടി കേന്ദ്രമന്ത്രി രാജ് നാഥ് സിങ്, സ്മൃതി ഇറാനി തുടങ്ങിയ വമ്പന്‍ താരനിരയെ തന്നെ ഇറക്കി പ്രചാരണം കൊഴുപ്പിച്ചിരുന്നു. കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കളും എം എല്‍ അശ്വനിക്കുവേണ്ടി എത്തിയിരുന്നു.
ഉണ്ണിത്താന് വേണ്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി പ്രസിഡണ്ട് എം എം ഹസന്‍, മുസ്ലിം ലീഗ് ദേശീയ ജെനറല്‍ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ പ്രചാരണത്തിനെത്തിയിരുന്നു. യു ഡി എഫിന്റെ തീപ്പൊരി നേതാവ് കെ എം ഷാജിയും പ്രചാരണത്തിന് എത്തുന്നുണ്ട്. ഈ മാസം 26നാണ് തിരഞ്ഞെടുപ്പ്. 24ന് വൈകിട്ടോടെ കൊട്ടിക്കലാശവും, 25ന് നിശബ്ദ പ്രചാരണവുമായിരിക്കും നടക്കുക.