Complaint | 'യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി വോടർമാരെ കൊണ്ടുവരാൻ സൗജന്യ ബസ്'; പെരുമാറ്റച്ചട്ട ലംഘനമെന്ന് സിപിഎം; ജില്ലാ വരണാധികാരിക്ക് പരാതി നൽകി
* സിപിഎം ജില്ലാ ആക്ടിങ് സെക്രടറി അഡ്വ. സി എച് കുഞ്ഞമ്പുവാണ് പരാതി നൽകിയത്
കാസർകോട്: (KasaragodVartha) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വോടർമാരെ കൊണ്ടുവരാൻ സൗജന്യബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന വാഗ്‌ദാനം പെരുമാറ്റച്ചട്ട ലംഘനമാണെന്നും നടപടിവേണമെന്നും സിപിഎം ജില്ലാ ആക്ടിങ് സെക്രടറി അഡ്വ. സി എച് കുഞ്ഞമ്പു ജില്ലാ വരണാധികാരിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
എറണാകുളം, മുംബൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലുള്ള വോടർമാരെ കൊണ്ടുവരാനാണ് യുഡിഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി സൗജന്യബസ് സർവീസ് ഏർപ്പെടുത്തിയത്. ഇതിനായി ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവരുടെ നമ്പറിൽ ബന്ധപ്പെടാനും കമിറ്റി ഇറക്കിയ കത്തിൽ പറയുന്നു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളും ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളും ലംഘിച്ച് വോടർമാരെ സ്വാധീനിക്കാനുള്ള ശ്രമമമാണെന്ന് പരാതിയിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉചിതമായനടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.