city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ECI | പോളിങ് ബൂത്തിൽ കുടിവെള്ളവും ശൗചാലയവും മുതൽ കൂടെ വരുന്ന കുട്ടികളെ പരിപാലിക്കാൻ ആളുവരെയുണ്ടാവും! വോട്ടർമാർക്ക് വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Election Commission with extensive facilities for voters
* ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം
* മുതിർന്നവർക്കും ഭിന്നശേഷി വിഭാഗക്കാർക്കും പ്രത്യേക സൗകര്യങ്ങൾ

കാസർകോട്: (KasaragodVartha) തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അടിസ്ഥാന ശിലകളായ പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പരിശീലന സമയത്ത് മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് കർശന നിർദ്ദേശം പോളിംഗ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

Election Commission with extensive facilities for voters

പോളിംഗ് സ്റ്റേഷൻ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങൾ, വോട്ടർ അസിസ്റ്റൻസ് ബൂത്ത് എന്നിവയെക്കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് ശരിയായ അടയാളങ്ങൾ പോളിംഗ് സ്റ്റേഷനുകളിൽ സ്ഥാപിക്കണം. ഇവ ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തിലായിരിക്കണം. അക്ഷരങ്ങൾ സ്റ്റാൻഡേർഡ് വലുപ്പത്തിൽ ഉചിതമായ ഉയരത്തിൽ സ്ഥാപിക്കേണ്ടതും വോട്ടർക്ക് അകലെ നിന്ന് എളുപ്പത്തിൽ കാണാവുന്നതുമായിരിക്കണം.

ഒന്നും നശിപ്പിക്കരുത്

പോളിംഗ് സ്റ്റേഷനുകൾ കൂടുതലും സ്‌കൂളുകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്‌കൂൾ കെട്ടിടങ്ങളുടെ ചുവരുകളിൽ ചിത്രങ്ങളും ഭൂപടങ്ങളും വരച്ച്  മനോഹരമാക്കിയിട്ടുണ്ട്. ഇത് നശിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. മുൻ തിരഞ്ഞെടുപ്പുകളിൽ ക്ലാസ് മുറികളിലെ  ഭിത്തികളിലുള്ള ചിത്രങ്ങളും മാപ്പുകളും നശിപ്പിച്ചത് സംബന്ധിച്ചു പരാതികൾ ലഭിക്കുകയും  നിയമ നടപടികളിലേക്കു നീങ്ങിയ സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. 

അതിനാൽ പോസ്റ്ററുകളും നോട്ടീസുകളും  പതിപ്പിക്കുമ്പോൾ  ജാഗ്രത പാലിക്കണം. ചിത്രങ്ങൾ നശിപ്പിക്കുകയോ ചുവരുകളിൽ കേടുവരുത്തുകയോ ചെയ്യാത്ത വിധത്തിൽ ആവണം പോളിംഗ് സ്റ്റേഷനുകളിൽ അറിയിപ്പുകൾ പതിക്കേണ്ടത്. പോളിംഗ് ബൂത്തുകളിലെ ഫർണീച്ചറുകൾ ഒരു തരത്തിലും നശിപ്പിക്കുവാൻ പാടില്ല. പോളിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ആക്കിയെന്നും ടാപ്പുകൾ അടച്ചുവെന്നും ചുവരുകളിൽ പതിച്ച അറിയിപ്പുകൾ നീക്കം ചെയ്തുവെന്നും ഉറപ്പാക്കണം.

ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം

പോളിംഗ് സ്റ്റേഷനുകളിലെ തിരഞ്ഞെടുപ്പിനെത്തുടർന്നുള്ള മാലിന്യം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നീക്കം ചെയ്തുവെന്ന് ഉറപ്പുവരുത്തും

ശൗചാലയങ്ങൾ പ്രത്യേകം ഒരുക്കണം

ഓരോ പോളിംഗ് ലൊക്കേഷനിലും പുരുഷന്മാർക്കും സ്ത്രീകൾക്കും മതിയായ എണ്ണം  ശൗചാലയങ്ങൾ ഉണ്ടായിരിക്കണം. ആവശ്യത്തിന് ശൗചാലയങ്ങൾ ലഭ്യമല്ലെങ്കിൽ താൽക്കാലിക ക്രമീകരണം നടത്തണം. മുൻ കാലങ്ങളിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് ശൗചാലയങ്ങളിലും മറ്റും പോകുമ്പോൾ സംഭവിച്ചിട്ടുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. ശൗചാലയങ്ങളുടെ പരിസരം കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കേണ്ടതും ആവശ്യത്തിന് പ്രകാശ സംവിധാനം ഒരുക്കേണ്ടതുമാണ്. മാത്രമല്ല മുകളിലത്തെ നിലയിലാണ് ശൗചാലയമെങ്കിൽ പടിക്കെട്ടിന് കൈവരിയുണ്ടെന്ന് ഉറപ്പാക്കുകയും ഇല്ലാത്ത പക്ഷം താത്ക്കാലികമായി കൈവരി സ്ഥാപിക്കേണ്ടതാണ്.

കുട്ടികൾക്കായി ക്രഷ് സംവിധാനം

നാലിൽ കൂടുതൽ പോളിംഗ് സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്ന പോളിംഗ് ലൊക്കേഷനുകളിൽ വോട്ടർമാരെ അനുഗമിക്കുന്ന കുട്ടികൾക്കായി ക്രെഷിനുള്ള ക്രമീകരണം ഏർപ്പെടുത്തണം. കുട്ടികളെ പരിപാലിക്കുന്നതിനായി ഒരു ആയയെ അല്ലെങ്കിൽ സന്നദ്ധപ്രവർത്തകയെ നിയോഗിക്കുകയും വേണം.

മുതിർന്നവർക്കും ഭിന്നശേഷി വിഭാഗക്കാർക്കും പ്രത്യേക സൗകര്യങ്ങൾ

മുതിർന്ന സമ്മതിദായകർക്കും ഭിന്നശേഷി വിഭാഗത്തിലുള്ള വോട്ടർമാർക്കും ക്യൂവിൽ നിൽക്കാതെ പോളിംഗ് സ്റ്റേഷനുകളിൽ പ്രവേശിക്കുന്നതിന് മുൻഗണന ലഭിക്കുന്നുണ്ടെന്നും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പോളിംഗ് സ്റ്റേഷനിൽ ലഭ്യമാകുന്നുണ്ടെന്നും പ്രിസൈഡിംഗ് ഓഫീസർമാർ ഉറപ്പാക്കണം. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും സൗകര്യമൊരുക്കുന്നതിന് പരമാവധി 1:12 ചരിവുള്ള സ്ഥിരമായ റാംപ് ഉണ്ടാകണം. 

സ്ഥിരം റാംപ് സ്ഥാപിച്ചിട്ടില്ലാത്ത പോളിംഗ് സ്റ്റേഷനുകളിൽ താത്കാലിക റാംപുകൾ സ്ഥാപിക്കണം. ഭിന്നശേഷി വോട്ടർമാർക്ക് ആവശ്യമായ വീൽ ചെയറുകൾ പോളിംഗ് സ്റ്റേഷനുകളിൽ ലഭ്യമാക്കുന്നതിന് സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് ക്രമീകരണം നടത്തണം. ഭിന്നശേഷി വോട്ടർമാർക്കും ഗർഭിണികൾക്കും മുതിർന്ന പൗരന്മാർക്കും ഓരോ പോളിംഗ് സ്റ്റേഷനിലും മതിയായ കസേരകൾ, ബെഞ്ചുകൾ നൽകണം.

കുടിവെള്ളം ഉറപ്പാക്കണം

സംസ്ഥാനത്തെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കുടിവെള്ളം  ഉറപ്പക്കേണ്ടതും വരി നിൽക്കുന്നിടത്ത് വെയിൽ ഏൽക്കാതെ നിൽക്കുവാനുള്ള സൗകര്യം ഒരുക്കുകയും വേണം. ശുദ്ധജലം നിറച്ച ഡിസ്പെൻസറും പരിസ്ഥിതി സൗഹൃദങ്ങളായ ഗ്ലാസുകളും പോളിംഗ് സ്റ്റേഷനിൽ നിർബന്ധമായും ലഭ്യമാക്കണം. 

വോട്ടർ അസിസ്റ്റൻസ് ബൂത്ത് സജ്ജീകരിക്കണം

എല്ലാ പോളിംഗ് സ്റ്റേഷൻ ലൊക്കേഷനുകളിലും വോട്ടർ അസിസ്റ്റൻസ് ബൂത്ത് സജ്ജീകരിക്കുകയും സമ്മതിദായകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുകയും ചെയ്യണം. കഴിയുന്നിടത്തോളം പോളിംഗ് സ്റ്റേഷനിലെ പ്രധാന കവാടത്തിന് അടുത്ത് തന്നെ വോട്ടർ അസിസ്റ്റൻസ് ബൂത്ത് ക്രമീകരിക്കണം. 

നീണ്ട ക്യൂവിന് സാധ്യതയുള്ള പോളിംഗ് സ്റ്റേഷനുകളിൽ പ്രത്യേക സജ്ജീകരണങ്ങൾ

നീണ്ട ക്യൂവിന് സാധ്യതയുള്ള പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ലൊക്കേഷനുകൾ സെക്ടർ ഓഫീസർമാർ തിരിച്ചറിയേണ്ടതും അത്തരം പോളിംഗ് സ്റ്റേഷനുകളുടെ പട്ടിക തയ്യാറാക്കേണ്ടതുമാണ്. തിരഞ്ഞെടുപ്പ് ദിവസം വളരെ നീണ്ട ക്യൂ ഉള്ള പോളിംഗ് സ്റ്റേഷനുകളിൽ സെക്ടർ ഓഫീസർമാർ പ്രത്യേകം നൽകേണ്ടതാണ്. ക്യൂ നിയന്ത്രിക്കുന്നതിനായി സന്നദ്ധപ്രവർത്തകരെ ഏർപ്പാടാക്കുക, ടോക്കണുകൾ വിതരണം ചെയ്യുക മുതലായ തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാവുന്നതാണ്. സെക്ടർ ഓഫീസർക്ക് പോളിംഗ് സ്റ്റേഷനുകൾ സന്ദർശിക്കുമ്പോൾ അത്തരം സാഹചര്യം വേഗത്തിൽ തിരിച്ചറിയുന്നതിനും റിസർവ് പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് റിട്ടേണിംഗ് ഓഫീസറുടെ സഹായം തേടാനും കഴിയണം. ഇതിനായി പോളിംഗ് സ്റ്റേഷനുകളിൽ വിന്യസിക്കാൻ റിസർവ് ജീവനക്കാരെയും വാഹനങ്ങളെയും സജ്ജമാക്കും.

പോളിംഗ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പുവരുത്തും 

കാസർകോട്: പൊതു തെരഞ്ഞെടുപ്പ് 2024 വോട്ടെടുപ്പ് സുഗമമാക്കുന്നതിന്  നിയോഗിച്ചിട്ടുളള പോളിംഗ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പുവരുത്താൻ വളരെ പ്രാധാന്യം നൽകുമെന്ന് വരണാധികാരിയായ ജില്ലാകളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കുടുംബശ്രീ മിഷനെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. 

പോളിംഗ് സ്റ്റേഷനിൽ സൗകര്യം ഒരുക്കുക

എല്ലാ പോളിംഗ് സ്റ്റേഷനുകളും പരിസരവും വൃത്തിയാക്കുക പോളിംഗ് സ്റ്റേഷനുടെ പരിസരത്തെ കുറ്റിക്കാടുകളും മറ്റും നീക്കം ചെയ്ത് ബൂത്തിൽ എത്തിച്ചേരുന്നതിനുള്ള സൗകര്യവും  സുരക്ഷയും ഉറപ്പുവരുത്തുക

താമസ സൗകര്യം

പോളിംഗ് ഉദ്യോഗസ്ഥർക്ക് പോളിംഗ് സ്റ്റേഷനിൽ തന്നെ അത്യാവശ്യ താമസസൗകര്യം. ഫർണിച്ചർ, വൈദ്യുതി സംവിധാനങ്ങൾ ഉറപ്പുവരുത്തുക, ശുദ്ധമായ കുടിവെള്ളം വൃത്തിയുള്ള ശുചിമുറി എന്നിവ ഉറപ്പാക്കുക പോളിംഗ് ഡ്യൂട്ടിയുള്ള വനിതകൾക്കും ഭിന്ന ശേഷിക്കാർക്കും ആവശ്യമായ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുക

ഭക്ഷണം ഉറപ്പുവരുത്തുക

പോളിംഗ് സാമഗികളുട വിതരണ കേന്ദ്രങ്ങളിലും 983 പോളിംഗ് സ്റ്റേഷനുകളിലും പോളിംഗ് ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കി ആവശ്യാനുസരണം ഭക്ഷണം നൽകുക. കൊതുകുതിരി മെഴുക് തിരി വാടകയ്ക്ക് ലഭ്യമാകുന്ന ബെഡ് റോൾ എന്നിവ ഒരുക്കുക

മൊബൈൽ പട്രോൾ യൂനിറ്റ്

ഏതു അടിയന്തിര സാഹചര്യവും നേരിടുന്നതിന് പര്യാപ്തമായ എത്രയും വേഗത്തിൽ എത്തിച്ചേരുന്നതിന് മൊബൈൽ പട്രോൾ യൂണിറ്റ് സജ്ജമാക്കുക.

സെക്ടറൽ ഓഫീസർമാരുമായി ഏകോ പനം

എല്ലാ പോളിംഗ് സ്റ്റേഷനുകളിലും സെക്ടറൽ ഓഫീസർമാരുമായി ബന്ധപ്പെട്ട് അതാത് പ്രദേശത്തെ പോളിംഗ്
സ്റ്റേഷനുകളിലെ സൗകര്യങ്ങൾ വൈദ്യസഹായ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കണം ആരോഗ്യ രക്ഷാ ജീവനക്കാരുടെ ടീമിനെ ഡ്യൂട്ടി നിയോഗിക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയതായും ജില്ലാ  കളക്ടർ ഉത്തരവായി.

മെഡിക്കൽ സൗകര്യം ഒരുക്കും

ഏപ്രില്‍ 26ന്  ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജില്ലയിലെ കഠിനമായ ചൂടിന്റെ സാഹചര്യത്തില്‍ പോളിങ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കാന്‍ കാസര്‍കോട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ നിയോഗിച്ചു. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളും ഏപ്രില്‍ 25,26 തീയ്യതികളില്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കും.

അടിയന്തിര വൈദ്യസഹായം ഉറപ്പ് നല്‍കി ഏപ്രില്‍ 25, 26 തീയ്യതികളില്‍ എല്ലാ വിതരണ കേന്ദ്രങ്ങളിലും മുഴുവന്‍ സമയവും മെഡിക്കല്‍ ടീം സേവനം ലഭ്യമാക്കും. എല്ലാ പോളിങ് ഉദ്യോഗസ്ഥര്‍ക്കും മെഡിക്കല്‍ കിറ്റുകള്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്നും നല്‍കും. ഹീറ്റ് സ്‌ട്രോക്ക് പോലുള്ള താപനില വര്‍ധിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനാവശ്യമായ എന്തൊക്കെ ചെയ്യാം എന്തൊക്കെ അരുത് എന്ന് പറയുന്ന ഹാന്‍ഡ് ഔട്ടും സന്ദേശങ്ങളും വിതരണ കേന്ദ്രങ്ങളില്‍ നല്‍കും. അടിയന്തിര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാന്‍ മൊബൈല്‍ പട്രോളിങ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. സെക്ടറല്‍ ഓഫീസര്‍മാരും മെഡിക്കല്‍ടീമുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. 

വെല്ലുവിളി നിറഞ്ഞ കാലാവസ്ഥകള്‍ക്കിടയിലും സുഗമവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നടത്തിപ്പിന് പോളിംഗ് ഉദ്യോഗസ്ഥരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കേണ്ടതുണ്ട്. ഇതിനായി എല്ലാവരും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കാനും  തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia