Kottikalasam | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ബുധനാഴ്ച; ഉണ്ണിത്താനും അശ്വിനിയും കാസർകോട് നഗരത്തിൽ; ബാലകൃഷ്ണൻ മാസ്റ്റർ പയ്യന്നൂരിൽ
കാസർകോട്: (KasaragodVartha) ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ബുധനാഴ്ച നടക്കും. പരസ്യ പ്രചാരണം വൈകീട്ട് ആറിന് അവസാനിക്കും. അതിനു ശേഷം പൊതു യോഗങ്ങൾ, പ്രകടനങ്ങൾ എന്നിവ നടത്താൻ പാടില്ല. യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താനും എൻ ഡി എ സ്ഥാനാർഥി എം എൽ അശ്വിനിയും കാസർകോട് നഗരത്തിലും എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർ പയ്യന്നൂരിലുമാണ് കൊട്ടിക്കലാശത്തിൽ പങ്കെടുക്കുക.
ബാലകൃഷ്ണൻ മാസ്റ്റർ ബുധനാഴ്ച രാവിലെ ജില്ലയുടെ വടക്കേ അറ്റമായ ഹൊസങ്കടിയിൽ നിന്നാണ് പ്രചാരണ പരിപാടി ആരംഭിക്കുക. കുമ്പള - ഉദുമ വഴി വിവിധ കേന്ദ്രങ്ങളിൽ പര്യടനത്തിന് ശേഷം കാഞ്ഞങ്ങാട് - ചെറുവത്തൂർ - കാലിക്കടവ് വഴി പയ്യന്നൂർ പെരുമ്പയിലെത്തും. തുടർന്ന് ഏഴിലോട് - പഴയങ്ങാടി - ആണ്ടാംകൊവ്വൽ വഴി എടനാട് എത്തിയ ശേഷം വൈകീട്ട് അഞ്ച് മണിയോടെ പയ്യന്നൂരിലെത്തും.
രാജ്‌മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് കളനാട് നിന്ന് പ്രചാരണ ജാഥയായി ആരംഭിച്ച് കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരും തുടർന്ന് കൊട്ടിക്കലാശത്തോടെ സമാപിക്കും,
എം എൽ അശ്വിനിയുടെ പര്യടനം ബുധനാഴ്ച രാവിലെ 11 മണിക്ക് കുഞ്ചത്തൂരിൽ നിന്നാണ് ആരംഭിക്കുന്നത്. കുമ്പള - സീതാംഗോളി - ഉളിയത്തടുക്ക വഴി ഉച്ചയ്ക്ക് 2.30 മണിയോടെ കറന്തക്കാട് എത്തും. മൂന്ന് മണിക്ക് കസബ കടപ്പുറത്ത് നിന്നും തുടങ്ങി എയർലൈൻസ് ജൻക്ഷൻ വഴി പ്രസ് ക്ലബ് ജൻക്ഷനിൽ സമാപിക്കും.
വ്യാഴാഴ്ച നിശബ്ദ പ്രചാരണമാണ്. ഏപ്രിൽ 26 വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് വോടെടുപ്പ്. ജൂൺ നാലിനാണ് ഫല പ്രഖ്യാപനം. തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന 48 മണിക്കൂറിൽ വോടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി നിരോധിച്ചിട്ടുണ്ട്.