Collector | വോടിങ് മെഷീനില്‍ അപാകതകള്‍ ഇല്ലെന്ന് ജില്ലാ വരണാധികാരിയായ കലക്ടര്‍; 'ആര്‍ക്ക് വേണമെങ്കിലും മോക് പരിശോധനയിലൂടെ ബോധ്യപ്പെടാവുന്നതാണ്'
* 'മൂന്ന് ഘട്ടമായാണ് ഇലക്ട്രോണിക് വോടിങ് യന്ത്രം പരിശോധിക്കുന്നത്'
കാസര്‍കോട്: (KasaragodVartha) വോടിങ് മെഷീനില്‍ യാതൊരു അപാകതകളും ഇല്ലെന്ന് ജില്ലാ വരണാധികാരിയായ കലക്ടര്‍ കെ ഇമ്പശേഖർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഷീനിനെക്കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ മോക് പരിശോധനയിലൂടെ ബോധ്യപ്പെടാവുന്നതാണെന്നും കലക്ടര്‍ പറഞ്ഞു. വോടിങ് മെഷീന്റെ കമീഷനിങ് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ കേന്ദ്രങ്ങളിലും നടത്തിയിട്ടുണ്ട്. ഉദുമ, കാഞ്ഞങ്ങാട് ഒഴികെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ ബുധനാഴ്ച തന്നെ കമീഷനിങ് പൂര്‍ത്തിയായിട്ടുണ്ട്. ഉദുമയിലും കാഞ്ഞങ്ങാട്ടും വ്യാഴാഴ്ച വൈകിട്ടോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.
കാസര്‍കോട് മണ്ഡലത്തിലെ മെഷീന്‍ കമീഷനിങ് സമയത്ത് നടത്തിയ മോക് പോളിങില്‍ ബിജെപി സ്ഥാനാർഥിക്ക് കൂടുതല്‍ വോട് കിട്ടിയെന്ന യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും രണ്ട് പരാതികള്‍ ലഭിച്ചിരുന്നു. പിന്നീട് ഇത് പരിഹരിക്കുകയും അമ്പത് വീതം വോടുകള്‍ പോള്‍ ചെയ്ത് വോടിങ് മെഷീനിലെയും വിവിപാറ്റ് മെഷീനിലെയും അപാകതകള്‍ പരഹരിച്ചിരുന്നു. എല്ലാം കൃത്യമാണെന്ന് സ്ഥാനാർഥികളുടെ ഏജന്റുമാര്‍ സര്‍ടിഫൈ ചെയ്ത് തന്നിട്ടുണ്ടെന്നും ഇതിന്റെയും ഇതേക്കുറിച്ച് അസിസ്റ്റന്റ് റിടേണിങ് ഓഫീസര്‍ നല്‍കിയ റിപോർടും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കാന്‍ തയ്യാറാണെന്നും കലക്ടര്‍ വ്യക്തമാക്കി . കലക്ടര്‍ തന്നെ പിന്നീട് ഇവ പുറത്തുവിട്ടു.
ആര്‍ക്കും ഒരു സംശയവും ഇലക്ട്രോണിക് വോടിങ് യന്ത്രത്തിന്റെ പേരില്‍ വേണ്ടെന്നും നൂറുശതമാനം ഇത് സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് റിടേണിങ് ഓഫീസറുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ മെഷീനില്‍ ആയിരം വോടുകള്‍ പോള്‍ ചെയ്‌ത് കൗണ്ടിങ് നടത്തി സ്ഥാനാർഥികളുടെ ഏജന്റുമാരെ പൂര്‍ണമായും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ എല്ലാം സിസിടിവിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. മൂന്ന് ഘട്ടമായാണ് ഇലക്ട്രോണിക് വോടിങ് യന്ത്രം പരിശോധിക്കുന്നത്. മെഷീന്‍ എത്തിച്ച സമയത്ത് തന്നെ ഇവയുടെ റാൻഡം പരിശോധന നടത്തിയിരുന്നു. പിന്നീട് കമീഷന്റെ സമയത്തും മെഷീന്‍ പരിശോധിച്ച് കൗണ്ടിങ് നടത്തുന്ന പ്രക്രിയ നടന്നു. ഇതിന് ശേഷം തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് മോക് പോളിങ് നടത്തി മെഷീന്റെ സുതാര്യത ഉറപ്പ് വരുത്തും.
സ്ഥാനാർഥികളുടെ ഏജന്റുമാര്‍ പരിശോധന രസീതിൽ ഒപ്പിട്ട് നല്‍കുകയും ഇത് മെഷീന്റെ കൂടെ തന്നെ സൂക്ഷിച്ച് സ്‌ട്രോങ് റൂമില്‍ എത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരു തരത്തിലുളള മാറ്റവും ഇക്കാര്യത്തില്‍ ഉണ്ടാകില്ല. തികച്ചും സുതാര്യമായിട്ടാണ് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഭെൽ കംപനിയുടെ വോടിങ് മെഷീനാണ് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഉപയോഗിക്കുന്നത്. മെഷീനില്‍ അവസാനം നല്‍കിയ കമന്റിന്റെ സ്ലിപ് തന്നെയാണ് പിന്നീട് മെഷീന്‍ ഓണ്‍ ചെയ്തപ്പോള്‍ കാണിച്ചതെന്നും ഇതില്‍ അപാകതയില്ലെന്നും കലക്ടര്‍ വിശദീകരിച്ചു.
പിന്നീട് സ്ഥാനാർഥിയുടെ ചിഹ്നങ്ങളും പേരും സെറ്റ് ചെയ്ത ശേഷം പരിശോധന പൂര്‍ത്തിയാക്കി വോടിങിന് സജ്ജമാക്കുകയാണ് ചെയ്യുന്നതെന്നും പൊതുജനങ്ങള്‍ക്ക് യാതൊരു സംശയവും ഇക്കാര്യത്തില്‍ വേണ്ടെന്നും കലക്ടര്‍ വിശദീകരിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന് ഇതുസംബന്ധിച്ച് റിപോർട് നല്‍കിയിട്ടുണ്ടെന്നും കമീഷന്‍ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.