AP Abdullakutty | കേരളത്തിൽ അഹ്‌മദിയ്യ വിഭാഗത്തെ പീഡിപ്പിക്കുന്ന മുസ്ലിം ലീഗ് സിഎഎ ബിൽ വന്നപ്പോള്‍ മുസ്ലിംകളെ പാകിസ്താനിലേക്ക് അയക്കുന്നുവെന്ന പച്ചക്കള്ളം പടച്ചുവിടുകയാണെന്ന് എ പി അബ്ദുല്ലക്കുട്ടി
* നരേന്ദ്ര മോദി പൗരത്വത്തില്‍ മതത്തെ ഒരു ഘടകമാക്കിയിട്ടില്ല
കാസര്‍കോട്: (KasaragodVartha) കേരളത്തിൽ അഹ്‌മദിയ്യ വിഭാഗത്തെ പീഡിപ്പിക്കുന്ന മുസ്ലിം ലീഗ് സിഐഎ ബിൽ വന്നപ്പോള്‍ മുസ്ലിംകളെ പാകിസ്താനിലേക്ക് അയക്കുന്നുവെന്ന പച്ചക്കള്ളം പടച്ചുവിടുകയാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ പി അബ്ദുല്ലക്കുട്ടി ആരോപിച്ചു. കാസര്‍കോട് മണ്ഡലം എൻഡിഎ സ്ഥാനാർഥി എം എൽ അശ്വിനിയുടെ പ്രചരണാര്‍ഥം പ്രസ് ക്ലബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കുറി കാസര്‍കോട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാർഥി അശ്വിനി വിജയിക്കുകയാണെങ്കില്‍ കാസര്‍കോടിൻ്റെ ചരിത്രം തിരുത്തിക്കുറിക്കുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. എസ്ഡിപിഐയുടെ വോട് വേണ്ടെന്ന് പറയാൻ കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.
റവന്യൂ, ടൂറിസം മേഖലയിലെ വികസനം, കള്ളപ്പണ നിരോധനം, ആരോഗ്യ മേഖല തുടങ്ങിയവയ്ക്ക് ബിജെപി പ്രാധാന്യം നല്‍കുന്നു. നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം ഒരു ലക്ഷം കോടി കള്ളപ്പണം പിടിച്ചെടുക്കാനായി. നരേന്ദ്ര മോദി പൗരത്വത്തില്‍ മതത്തെ ഒരു ഘടകമാക്കിയിട്ടില്ല. വിദേശികള്‍ക്കടക്കം ഈ രാജ്യത്തിൻ്റെ നിയമ വ്യവസ്ഥയും സംസ്കാരവും അംഗീകരിക്കുന്ന ഏതൊരാള്‍ക്കും ഇൻഡ്യൻ പൗരത്വം ലഭിക്കുന്നതിന് തടസമില്ലെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പാകിസ്താനില്‍ നിന്നും തുരത്തിയോടിക്കപ്പെട്ട ഹിന്ദുക്കള്‍ക്കാണ് സിഎഎ വഴി പൗരത്വം നല്‍കുന്നത്. ഈയാവശ്യം ആദ്യം പാര്‍ലമെൻ്റില്‍ ഉന്നയിച്ചത് മൻമോഹൻ സിംഗാണ്. ഏറ്റവുമധികം ന്യൂനപക്ഷ പീഡനം അനുഭവിച്ചത് ഹിന്ദുക്കളും പാഴ്സികളും സിഖുകാരും ജൈനരുമാണ്. കോൺഗ്രസിൻ്റെ പ്രകടന പത്രികയില്‍ സിഐഎ യെക്കുറിച്ച് ഒരക്ഷരമില്ല. അഹ്‌മദിയ്യ വിഭാഗത്തോട് മുസ്ലിം ലീഗ് സലാം ചൊല്ലുമോ, അവരുമായി വിവാഹ ബന്ധമുണ്ടാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോഴാണ് അഴിമതി നിന്നത്. മദ്യ അഴിമതികേസില്‍ അറസ്റ്റിലായ അരവിന്ദ് കേജ്‍രിവാള്‍ ഖലിസ്ഥാൻ തീവ്രവാദികളുമായി ബന്ധമുള്ളയാളാണ്. അങ്ങനെയൊരാളെ പിന്തുണയ്ക്കുന്നതിൽ കോണഗ്രസിന് നാണമില്ലേ? എംപി ആകുന്നതിന് മുമ്പ് ഉണ്ണിത്താൻ ആയിരുന്ന കാസർകോട് എംപി ഇപ്പോള്‍ 'ഉണ്ണിച്ച' ആയിരിക്കുകയാണെന്നും അബ്ദുല്ലക്കുട്ടി പരിഹസിച്ചു. വാർത്താസമ്മേളനത്തിൽ കെ രഞ്ജിത്ത്, സുരേഷ് കുമാര്‍ ഷെട്ടി, വിജയ് കുമാർ റൈ എന്നിവരും പങ്കെടുത്തു.