Andhra Elections | തിരഞ്ഞെടുപ്പ്: ആന്ധ്രാപ്രദേശിൽ കൈകോർത്ത് കോൺഗ്രസും സിപിഎമ്മും സിപിഐയും; സഖ്യമായി മത്സരിക്കുന്നത് രണ്ട് പതിറ്റാണ്ടിന് ശേഷം
* 2004-ൽ ഇടതുപാർട്ടികൾ 15 സീറ്റ് നേടിയിരുന്നു
അമരാവതി: (KasaragodVartha) ആന്ധ്രാപ്രദേശ് നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ രണ്ട് പതിറ്റാണ്ടിന് ശേഷം ഇടത് പാർട്ടികളും കോൺഗ്രസും സഖ്യമായി മത്സരിക്കും. സിപിഐ, സിപിഎം എന്നീ പാർട്ടികൾ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാമെന്നുള്ള പ്രതീക്ഷയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് നിലയിൽ നോട്ടയ്ക്കും പിന്നിലായ കോൺഗ്രസ് ഇത്തവണ വൈഎസ് ശർമിളയുടെ നേതൃത്വത്തിൽ തിരിച്ചുവരവിനുള്ള പോരാട്ടത്തിലാണ്.
2004-ൽ വൈഎസ് രാജശേഖര റെഡ്ഡിയുടെ കാലത്ത് ഐക്യ ആന്ധ്രാപ്രദേശിൽ സിപിഐയും സിപിഎമ്മും കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നു. അന്ന് ഇടതുപാർട്ടികൾ 15 സീറ്റുകൾ നേടിയിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 14 നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കാനാണ് സിപിഐയുടെ തീരുമാനം. രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. അതുപോലെ, കുറഞ്ഞത് 10 നിയമസഭാ മണ്ഡലങ്ങളിൽ നിന്നെങ്കിലും മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സിപിഎം. കോൺഗ്രസ് പാർട്ടിയുമായി രണ്ട് സീറ്റുകളിൽ സമവായത്തിലെത്താനുള്ളതിനാൽ അന്തിമ ചിത്രം ഉടൻ പുറത്തുവരും
1962 ലെ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വോട്ട് വിഹിതം 10.01% ആയിരുന്നു, 51 സീറ്റുകൾ നേടുകയും ചെയ്‌തു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്ന് സിപിഎം രൂപീകരിച്ചു. 1967ലെ തെരഞ്ഞെടുപ്പിൽ സിപിഐക്കും സിപിഎമ്മിനും യഥാക്രമം 11 ഉം ഒമ്പതും സീറ്റുകൾ നേടാൻ കഴിഞ്ഞു. അവരുടെ വോട്ട് വിഹിതം യഥാക്രമം 7.78%, 7.61% എന്നിങ്ങനെയായിരുന്നു, മൊത്തം വോട്ട് വിഹിതം 15.38% ആയി ഉയർന്നു. എന്നിരുന്നാലും, അന്നുമുതൽ അവരുടെ പ്രകടനം താഴേക്ക് പോയി.
2014-ലെ സംസ്ഥാന വിഭജനത്തിനുശേഷം, നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം ഒരു ശതമാനത്തിൽ താഴെയായി, സീറ്റുകൾ പൂജ്യമായി മാറുകയും ചെയ്‌തു. 2019-ൽ ഇടതുപക്ഷം ജനസേന പാർട്ടിയുമായി സഖ്യമുണ്ടാക്കി. ഏഴ് സീറ്റുകളിൽ വീതം മത്സരിച്ച സിപിഐക്കും സിപിഎമ്മിനും ഒരു സീറ്റും ലഭിച്ചില്ല. സിപിഐക്ക് 0.1 ശതമാനവും സിപിഎമ്മിന് 0.3% ശതമാനവും വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ, സംസ്ഥാനത്തെ 175 സീറ്റുകളിൽ 151 സീറ്റുകൾ നേടി വൈഎസ്ആർസിപി വൻ വിജയം നേടി, അന്ന് അധികാരത്തിലിരുന്ന തെലുങ്കുദേശം പാർട്ടിയെ വെറും 23 സീറ്റിൽ ഒതുക്കി. ജനസേന പാർട്ടി ഒരു സീറ്റ് നേടി.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് പിന്നിലായിരുന്നു കോൺഗ്രസിന്റെ വോട്ട് വിഹിതം. 175 നിയമസഭാ സീറ്റുകളിലും ഫലം വ്യത്യസ്തമായിരുന്നില്ല. നോട്ടയ്ക്ക് 1.28% വോട്ട് ലഭിച്ചപ്പോൾ ബിജെപി 0.84% വോട്ടും കോൺഗ്രസിന് 1.17% വോട്ടും മാത്രമാണ് നേടാനായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം മെയ് 13 ന് ആന്ധ്രാപ്രദേശിൽ വോട്ടെടുപ്പും ജൂൺ നാലിന് വോട്ടെണ്ണലും നടക്കും. ഇടതുപക്ഷ പാർട്ടികൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താനും ആന്ധ്രപ്രദേശ് സംസ്ഥാന നിയമസഭയിലേക്കും ലോക്‌സഭയിലേക്കും അംഗങ്ങളെ അയക്കാനും കഴിയുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.