Waste Dumped | സ്‌കൂള്‍ മൈതാനത്ത് ലോഡ് കണക്കിന് മാലിന്യങ്ങള്‍ തള്ളി; പ്രതിഷേധം ശക്തം; പൊലീസില്‍ പരാതി നല്‍കുമെന്ന് പിടിഎ
പെരിയ: (KasaragodVartha) കുണിയയിലെ ഗവ. ഹയര്‍ സെകൻഡറി സ്‌കൂള്‍ മൈതാനത്ത് ലോഡ് കണക്കിന് മാലിന്യങ്ങള്‍ തള്ളിയതിനെതിരെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ മൈതാനത്ത് വീട് പൊളിച്ചതും മറ്റുമായ മാലിന്യങ്ങള്‍ തള്ളിയത്. സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധമാണെന്നും കളിസ്ഥലങ്ങള്‍ ഇല്ലാത്ത സ്‌കൂളുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഹൈകോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് സ്‌കൂള്‍ മൈതാനം ഇല്ലാതാക്കുന്ന രീതിയില്‍ കളിസ്ഥലത്ത് മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്.
വേനലവധിക്ക് സ്‌കൂള്‍ അടച്ച സന്ദര്‍ഭം നോക്കിയാണ് മൈതാനത്തിലേക്ക് മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് രക്ഷിതാക്കളില്‍ ചിലര്‍ ആരോപിക്കുന്നു. പിടിഎ കമിറ്റിയിലെ ചിലരുടെ അറിവോടെയാണ് ഇവിടെ മാലിന്യം തള്ളിയതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഒന്നര ഏകര്‍ സ്ഥലത്താണ് സ്‌കൂള്‍ മൈതാനം സ്ഥിതി ചെയ്യുന്നത്.
എന്നാല്‍ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമെന്ന് പിടിഎ പ്രസിഡണ്ട് എ എം അശ്റഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രിന്‍സിപൽ സ്ഥലത്തില്ലാത്തതുകൊണ്ടാണ് പരാതി നല്‍കുന്നതില്‍ കാലതാമസം സംഭവിച്ചിരിക്കുന്നത്. തല്‍കാലം പിടിഎയുടെ ചിലവില്‍ തന്നെ മാലിന്യം മാറ്റാന്‍ കഴിയുമോ എന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.