Lifts | കാസർകോട് റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് പണിമുടക്കുന്നത് പതിവായി; യാത്രക്കാർക്ക് ദുരിതം; പ്ലാറ്റ് ഫോമിൻ്റെ തെക്ക് ഭാഗത്ത് കൂടി ലിഫ്റ്റ് സ്ഥാപിക്കാൻ റെയിൽവേ
ലിഫ്റ്റ് അടക്കം പ്രവർത്തിക്കുന്നതിന് ആവശ്യമായ ജനറേറ്റര്‍ സംവിധാനമില്ലാത്തതാണ് കാരണം
കാസർകോട്: (KasaragodVartha) ജില്ലാ ആസ്ഥാനത്തെ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് പതിവായി പണിമുടക്കുന്നത് യാത്രക്കാർക്ക് വലിയ ദുരിതമായി മാറിയിരിക്കുകയാണ്. പ്രായമായവർ, ഭിന്നശേഷിക്കാർ , ഗർഭിണികൾ, തുടങ്ങിയവർക്ക് പ്രത്യേകിച്ച് ഈ പ്രശ്നം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ലിഫ്റ്റ് പ്രവർത്തിക്കാത്തപ്പോൾ പ്ലാറ്റ്‌ഫോമിലേക്ക് എത്താൻ മേൽപാലത്തിന്റെ പടവുകൾ കയറേണ്ടി വരും. ഇത് ഇത്തരം യാത്രക്കാർക്ക് വളരെ പ്രയാസവും പലപ്പോഴും അപകടകരവുമാണ്.
ലിഫ്റ്റ് പലപ്പോഴും ദിവസങ്ങളോളം തുടർച്ചയായി പ്രവർത്തിക്കാതെ പോകാറുണ്ട്. വൈദ്യുതി മുടങ്ങുമ്പോഴാണ് പ്രധാന പ്രശ്‌നം. ലിഫ്റ്റ് അടക്കം പ്രവർത്തിക്കുന്നതിന് ആവശ്യമായ ജനറേറ്റര്‍ സംവിധാനമില്ലാത്തതാണ് കാരണം. ഇത് യാത്രക്കാരെയും സ്റ്റേഷന്‍ ജീവനക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വൻ തുക നൽകി പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കും മതിയായ സൗകര്യം റെയിൽവേ സ്റ്റേഷനുകളിൽ ഉണ്ടാവാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ ശനിയാഴ്ച വന്ദേ ഭാരത് എക്സ്പ്രസിലെ പ്രായമായവർ അടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി. ഒരു ലൈനിൽ അടിക്കടി വൈദ്യുതി മുടങ്ങുന്നതാണ് ലിഫ്റ്റ് പ്രവർത്തനത്തെ അവതാളത്തിലാക്കുന്നതിന് കാരണമെന്ന് റെയിൽവേ അധികൃതർ വിശദീകരിക്കുന്നു. അതേസമയം പ്രശ്നപരിഹാരത്തിനായി പ്ലാറ്റ് ഫോമിൻ്റെ തെക്ക് ഭാഗത്ത് ലിഫ്റ്റ് സ്ഥാപിക്കുമെന്ന് ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനജർ അറിയിച്ചതായി കാസർകോട് റെയിൽവേ പാസൻജേഴ്‌സ് ഭാരവാഹികൾ പറഞ്ഞു.
2023-24 സാമ്പത്തിക വർഷത്തിൽ ഏറ്റവും ഉയർന്ന വരുമാനമുള്ള ആദ്യ 35 റെയിൽവേ സ്റ്റേഷനുകളിൽ കാസർകോട് സ്റ്റേഷൻ ഇടം നേടിയിരുന്നു. കഴിഞ്ഞ തവണ 40-ാം സ്ഥാനത്തായിരുന്ന കാസർകോട് ഇത്തവണ 33-ാം സ്ഥാനത്തേക്കാണ് എത്തിയിരിക്കുന്നത്. 24.03 ലക്ഷം യാത്രക്കാരാണ് യാത്ര ചെയ്‌തത്. 47 കോടി രൂപയാണ് വരുമാനം. കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ അവഗണന കാണിക്കുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. റെയിൽവേ അധികൃതർ ലിഫ്റ്റിന്റെ അടക്കം പ്രശ്നം പരിഹരിക്കാൻ എത്രയും വേഗം നടപടിയെടുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.