Landslide | കൊന്നക്കാട് മൂത്താടിയിൽ മണ്ണിടിച്ചിൽ; 6 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
മഴകനക്കുകയാണെങ്കിൽ ഈ പ്രദേശത്ത് ഉരുൾ പൊട്ടലിനും സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നത്
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasaragodVartha) ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടിയിൽ ഭൂമി പിളർന്നു. ഇതേ തുടർന്ന് പ്രദേശത്തെ ആറു കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. ശക്തമായ മഴയിൽ വെള്ളിയാഴ്ച വൈകുന്നേരതോടെയാണ് ഭൂമിക്ക് വിള്ളൽ കണ്ടത്. ആറു കുടുബങ്ങളിലായി 20 ഓളം ആളുകളാണ് ഉള്ളത്.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അടക്കമുള്ളവർ സ്ഥലത്ത് എത്തി നടപടികൾ സ്വീകരിക്കുകയാണ്. മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത്.
നെല്ലിക്കാടൻ കണിച്ചി, മോതിര കല്യാണി, ബിന്തു കുട്ടൻ, ശാന്ത രാഘവൻ, ശാന്ത ജോയ് എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലുള്ളത്. മഴകനക്കുകയാണെങ്കിൽ ഈ പ്രദേശത്ത് ഉരുൾ പൊട്ടലിനും സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നത്. വില്ലേജ് ഓഫീസ് അധികൃതരും പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.