Obituary | അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കെഎംസിസി നേതാവ് സി എച് അസ്‌ലം നിര്യാതനായി; വിടവാങ്ങിയത് ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യം
വിദേശത്തും നാട്ടിലുമായി നിരവധി സ്ഥാപനങ്ങളുണ്ട്
കാഞ്ഞങ്ങാട്: (KasaragodVartha) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അബൂദബി കെഎംസിസി ട്രഷററും വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കല്ലൂരാവി ബാവനഗറിലെ സി എച് അസ്‌ലം (48) നിര്യാതനായി. കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ വെച്ച് തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. അസുഖ ബാധിതനായി എറെ നാളുകളായി ചികിത്സയിലായിരുന്നു.
നാട്ടിലും വിദേശത്തുമായി ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. അബൂദബി, ദുബൈ, അൽഐൻ, ശാർജ ഉൾപെടെയിടങ്ങളിലും നാട്ടിലും നിരവധി സ്ഥാപനങ്ങളുണ്ട്. യുഎഇയിലെ അൽ ഫിർദൗസ് ഒയാസിസ് ജെനറൽ ട്രാൻസ്പോർട് കംപനി എംഡിയുമായിരുന്നു. അബൂദബി - കാഞ്ഞങ്ങാട് സംയുക്ത ജമാഅത് ജെനറൽ സെക്രടറി കൂടിയായ അസ്‌ലം, സ്വദഖ ചാരിറ്റബിൾ ട്രസ്റ്റ്, കാഞ്ഞങ്ങാട് സി എച് സെന്റർ, മെട്രോ മുഹമ്മദ് ഹാജി സ്മാരക ഡയാലിസിസ് സെന്റർ തുടങ്ങിയവയുടെ പ്രവർത്തനത്തിലും മുൻനിരയിലുണ്ടായിരുന്നു.
അബുദാബി കെഎംസിസി മുൻ വൈസ് പ്രസിഡന്റും കാഞ്ഞങ്ങാട് സി എച് സെന്റർ ട്രഷററുമായ സി എച് അഹ്‌മദ് കുഞ്ഞി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. കാഞ്ഞങ്ങാട് സി എച് സെന്റർ ചെയർമാനും വ്യവസായിയുമായ തായൽ അബൂബകർ ഹാജിയുടെ മകൾ നസീറയാണ് ഭാര്യ. മക്കൾ: മുഹമ്മദ്, മഹ്റ, നൂരിയ (വിദ്യാർഥികൾ). സഹോദരങ്ങൾ: അഡ്വ. നുസൈബ് അഹ്‌മദ്, നിസാർ അഹ്‌മദ്, ആജിശ. ഖബറടക്കം ബാവ നഗർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.