Incident | വീട്ടുകാർ അറിയാതെ ഗോവയിലേക്ക് ടൂർ പോകാനെത്തി! 14 വയസിന് താഴെയുള്ള 4 കുട്ടികളെ റെയിൽവേ പൊലീസ് സമയോചിത ഇടപെടലിലൂടെ കണ്ടെത്തി; രക്ഷിതാക്കളെ വിളിച്ചുവരുത്തി മടക്കിവിട്ടു
● കുട്ടികളുടെ കൈവശം അൽപം പണം, വസ്ത്രങ്ങൾ എന്നിവ ഉണ്ടായിരുന്നു.
● റെയിൽവേ സ്റ്റേഷനിൽ വച്ച് പൊലീസ് ഇവരെ ചോദ്യം ചെയ്തു.
കാസർകോട്: (KasargodVartha) വീട്ടുകാർ അറിയാതെ ഗോവയിലേക്ക് ടൂർ പോകാൻ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ 14 വയസിന് താഴെയുള്ള നാല് ആൺകുട്ടികളെ റെയിൽവേ പൊലീസ് സമയോചിതമായ ഇടപെടലിലൂടെ കണ്ടെത്തി. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കൂളിൽ പഠിക്കുന്ന നാല് വിദ്യാർഥികളാണ് ഇവർ.
ഗോവയിലേക്ക് പോകണമെങ്കിൽ ഏത് ഭാഗത്തേക്കുള്ള ട്രെയിൻ കയറണമെന്ന് പോലും കുട്ടികൾക്ക് നിശ്ചയമുണ്ടായിരുന്നില്ല. ഇവരുടെ കൈവശം മൊബൈൽ ഫോൺ പോലും ഉണ്ടായിരുന്നില്ല. കാസർകോട് നിന്ന് ഇവർ ട്രെയിൻ കയറിയിരുന്നുവെങ്കിൽ തീർച്ചയായും അപകടത്തിൽ ചെന്ന് കയറുമായിരുന്നുവെന്ന് കാസർകോട് റെയിൽവേ പൊലീസ് സബ് ഇൻസ്‌പെക്ടർ എംവി പ്രകാശൻ, എഎസ്ഐ ഇല്യാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനീഷ്, പ്രദീപൻ, സിപിഒമാരായ ജ്യോതിഷ്, ഹിദായതുല്ല എന്നിവർ പറഞ്ഞു.
ട്രെയിൻ എത്തുന്നതിന് മുമ്പുള്ള പതിവ് പരിശോധനയ്ക്ക് ഇടയിലാണ് കുട്ടികളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. ചോദിച്ചപ്പോൾ രക്ഷിതാക്കൾ കൂടെയില്ലെന്ന് മനസിലായി. പരസ്‌പര വിരുദ്ധമായി മൊഴി നൽകിയതോടെ ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വന്ന് മേൽപറമ്പ് പൊലീസിന്റെ സഹായത്തോടെ രക്ഷിതാക്കളെ വരുത്തുകയും പിന്നീട് അവരെ ഏൽപ്പിക്കുകയുമായിരുന്നു. എല്ലാവരുടെ കയ്യിലും യാത്ര പോകുന്നതിനുള്ള ബാഗ് ഉണ്ടായിരുന്നു.
ബാഗിൽ പുതപ്പും കുറച്ച് വസ്ത്രങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ഒരാളുടെ കയ്യിൽ 400 രൂപയും മറ്റൊരാളുടെ കയ്യിൽ 300 രൂപയും മറ്റ് രണ്ടുപേരുടെ കയ്യിൽ 200 രൂപയും 100 രൂപയുമാണ് ഉണ്ടായിരുന്നത്. ഇവരിലൊരാൾ വീട്ടുകാരുമായി പിണങ്ങിയാണ് വന്നതെന്നും നാട് വിടാമെന്നുമാണ് ഈ കുട്ടി പറഞ്ഞിരുന്നതെന്നും എന്നാൽ വിനോദ യാത്ര പോയി തിരിച്ചുവരാമെന്ന് മറ്റ് രണ്ടുപേർ ഉപദേശിക്കുകയുമായിരുന്നുവെന്നാണ് വിവരം.
#Goa #Kerala #children #safety #railway #police