Eid Al Adha | മാസപ്പിറ കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 17ന്
പ്രവാചകൻ ഇബ്രാഹിം നബിയുടെ വിശ്വാസ പരീക്ഷണവുമായി ബന്ധപ്പെട്ടാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്
കാസർകോട്: (KasargodVartha) കാപ്പാട് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിനാൽ കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 17ന് ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. അറഫ ദിനം ജൂൺ 16ന് ആയിരിക്കും. കാപ്പാടിനു പുറമെ കടലുണ്ടി, പൊന്നാനി, കാസർകോട് തുടങ്ങിയ ഇടങ്ങളിലും മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ത്യാഗത്തിന്റെയും കരുണയുടെയും സഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ അഥവാ ഈദുൽ അദ്ഹ ഹിജ്‌റ കലണ്ടർ അനുസരിച്ച് ദുൽഹജ്ജ് പത്താം ദിവസമാണ് കൊണ്ടാടുന്നത്.
പ്രവാചകൻ ഇബ്രാഹിം നബിയുടെ വിശ്വാസ പരീക്ഷണവുമായി ബന്ധപ്പെട്ടാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. സ്വപ്നത്തിൽ മകനെ ബലി നൽകാനുള്ള കൽപ്പന ലഭിച്ച ഇബ്രാഹിം നബി അനുസരണയോടെ അതിനു തയ്യാറായി. എന്നാൽ അല്ലാഹുവിന്റെ കരുണയാൽ അന്ത്യ നിമിഷം മകന് പകരം ആടിനെ ബലിയറക്കുകയായിരുന്നു.
പെരുന്നാൾ ദിവസം ഇസ്ലാം മത വിശ്വാസികൾ പള്ളിയിൽ പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ബലി നടത്തുകയും ചെയ്യുന്നു. ബലി മാംസം ബന്ധുക്കൾക്കും പാവപ്പെട്ടവർക്കും വിതരണം ചെയ്യുന്നതും ഈ ആഘോഷത്തിന്റെ ഭാഗമാണ്. വീടുകളിൽ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കുന്നതും കുടുംബങ്ങൾ സംഗമിക്കുന്നതും പെരുന്നാളിന്റെ പ്രത്യേകതയാണ്.