Kasargod | കാസർകോട് ജില്ല നിലവിൽ വന്ന് 40 വർഷങ്ങൾ; വികസന സ്വപ്നങ്ങള്‍ ഇനിയും ബാക്കി
കാസർകോട്: (KasaragodVartha) 40ന്റെ നിറവിലാണ് കാസർകോട് ജില്ല. 1984 മെയ് 24നാണ് കേരളത്തിലെ 14-ാമത്തെ ജില്ലയായി കാസർകോട് നിലവിൽ വന്നത്. അന്ന് വരെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു കാസർകോട്. 40 വര്‍ഷങ്ങള്‍ കാസർകോടിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. പ്രായം കുറവാണെങ്കിലും ആരോഗ്യ, വിദ്യാഭ്യാസ രംഗത്തുൾപെടെ വെല്ലുവിളികൾ നേരിടുന്ന കാസർകോട് കേരളത്തിലെ തന്നെ ഏറ്റവും പിന്നാക്ക ജില്ലകളുടെ പട്ടികയിലാണ് ഇപ്പോഴുമെന്നുള്ളതാണ് വാസ്തവം.
ചരിത്രം
കാസർകോടിന്റെ ചരിത്രം വളരെ പുരാതനമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പേ ഇവിടെ മനുഷ്യവാസം നിലനിന്നിരുന്നുവെന്നാണ് ചരിത്രപരമായ തെളിവുകള്‍ സൂചിപ്പിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നും കണ്ടെടുത്ത കുടക്കല്ല്, ചെങ്കല്ലറകള്‍, മണ്‍പാത്രങ്ങള്‍, കരിങ്കല്ലുപകരണങ്ങള്‍ എന്നിവ ഇതിന് സാക്ഷ്യം പറയുന്നു. തളങ്കര മാലിക് ദീനാർ മസ്ജിദ്, മധൂർ ക്ഷേത്രം തുടങ്ങിയ ചരിത്രപ്രധാനമായ സ്ഥലങ്ങളുമുണ്ട്. കാസർകോട് എന്ന സ്ഥലനാമം പോലും ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. 'കാഞ്ഞിരക്കൂട്ടങ്ങളുടെ കാട്' എന്നാണ് കാസര്കോട് എന്ന പേരിന്റെ അർഥമെന്നും അഭിപ്രായങ്ങളുണ്ട്.
കാസർകോടിന്റെ ചരിത്രം വ്യാപാര കേന്ദ്രമെന്ന നിലയിലും പ്രസിദ്ധമാണ്. പ്രാചീന കാലം മുതല്‍ തന്നെ ഈ പ്രദേശം ഏഷ്യയിലെ മറ്റ് പ്രദേശങ്ങളുമായി വ്യാപാര ബന്ധം സ്ഥാപിച്ചിരുന്നു. മസാല, തേക്ക് തുടങ്ങിയ വസ്തുക്കൾ ഇവിടെ നിന്നും കയറ്റുമതി ചെയ്തിരുന്നുവെന്ന് ചരിത്രങ്ങളിൽ കാണാം. 'ഹര്‍ക്ക് വില്ലിയ' എന്നാണ് 1514 ല്‍ പോര്‍ച്ചുഗീസ് സഞ്ചാരിയായ ബാര്‍ബോസ കുമ്പള തുറമുഖം സന്ദര്‍ശിച്ച് രേഖപ്പെടുത്തിയത്. മാലി ദ്വീപിലേക്കും മറ്റും അരി കയറ്റുമതി ചെയ്യുന്ന തുറുമുഖമായിരുന്നു കുമ്പള. മാലിദ്വീപില്‍ നിന്നും ഇവിടേക്ക് കയര്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നുവെന്നും ബാര്‍ബോസ രേഖപ്പെടുത്തുന്നു.
കാസർകോട് ഭരണപരമായും സമ്പന്നമായ ചരിത്രമുള്ള പ്രദേശമാണ്. കുമ്പള രാജവംശം, കോലത്തിരി വംശം, വിജയനഗര സാമ്രാജ്യം, ഇക്കേരി നായ്ക്കര്‍, ബേദനൂര്‍ നായ്ക്കര്‍, ഹൈദരലി-ടിപ്പു സുല്‍ത്താന്‍മാര്‍
എന്നിവര്‍ ഈ പ്രദേശം ഭരിച്ചിട്ടുണ്ട്. ബേക്കൽ, ചന്ദ്രഗിരി, ആരിക്കാടി കോട്ട പോലുള്ള ചരിത്രസ്മാരകങ്ങള്‍ ഈ ഭരണ ചരിത്രത്തിന്റെ അവശിഷ്ടങ്ങളാണ്. നീലേശ്വരം, കുമ്പള എന്നീ രാജവംശങ്ങളെ നിഷ്പ്രഭമാക്കികൊണ്ട് 1804 ല്‍ ഈ പ്രദേശങ്ങള്‍ കൂടി ബ്രിടീഷ് ഇൻഡ്യയുടെ ഭാഗമായി.
1862 ഏപ്രില്‍ 16 ന് സൗത് കാനറ ജില്ല മദ്രാസ് പ്രവിശ്യയുടെ ഭാഗമാക്കുകയും ഇപ്പോള്‍ കാസർകോട് ജില്ലയുടെ ഭാഗമായിട്ടുളള പ്രദേശം കാസറഗോഡ് താലൂകായി മാറ്റുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം 1956 ല്‍ കേരള സംസ്ഥാനം രൂപീകരിക്കുന്നതുവരെ ഇതേ സ്ഥിതി തുടര്‍ന്നു വന്നിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന ഹൊസ്ദുര്‍ഗ്, കാസർകോട് എന്നീ താലൂകുകളെ ഉള്‍പ്പെടുത്തി ജി ഒ (എം എസ്) നമ്പര്‍ 520/84/ആര്‍ഡി തീയ്യതി 19.05.1984 എന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ജില്ല രൂപവത്കൃതമായി.
ബഹുഭാഷ സംഗമ ഭൂമി
സംസ്കാരത്തിന്റെ കാര്യത്തിലും കാസർകോട് വളരെ വൈവിധ്യപൂര്‍ണമാണ്. മലയാളം, കന്നഡ, തുളു, ബ്യാരി തുടങ്ങിയ ഭാഷകള്‍ ഇവിടെ സംസാരിക്കപ്പെടുന്നു. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ മതങ്ങള്‍ ഇവിടെ സഹവര്‍ത്തിത്വത്തോടെ കഴിയുന്നു. ക്ഷേത്രങ്ങളും പള്ളികളും ദേവാലയങ്ങളും സംസ്കാര സമന്വയത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. കേരളത്തിന്റെ ഏറ്റവും വടക്കേയുള്ള ജില്ലയായ കാസർകോട് ചരിത്രം, സംസ്കാരം, ഭരണം എന്നിവയിലെല്ലാം വൈവിധ്യം നിറഞ്ഞ ഒരു ഭൂപ്രദേശമാണ്.
നേരിടുന്ന വെല്ലുവിളികള്‍
വികസനരംഗത്ത് കാസർകോട് പല വെല്ലുവിളികളും നേരിടുന്നുണ്ട്. ആരോഗ്യം, തൊഴില്‍ക്ഷാമം, വിദ്യാഭ്യാസ മേഖലയിലെ അസമത്വങ്ങള്‍, അടിസ്ഥാന സൗകര്യ വികസനത്തിലെ പിന്നാക്കം എന്നിവ ഉദാഹരണങ്ങള്‍. തൊഴില്‍ക്ഷാമം വലിയൊരു പ്രശ്‌നമാണ്. മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നവരുടെ എണ്ണം ഏറെയാണ്. വിദ്യാഭ്യാസം നേടിയവര്‍ക്കും തൊഴില്‍ അവസരങ്ങള്‍ കുറവാണ്. മതിയായ ചികിത്സാ സൗകര്യങ്ങളുടെ അഭാവവും വിദഗ്ധ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കുറവും ആരോഗ്യ രംഗത്തെ പ്രശ്‌നമാണ്.
കാസർകോടിൽ വ്യവസായ വളര്‍ച്ച കുറവാണ്. ഇതിന്റെ ഫലമായി തൊഴില്‍ അവസരങ്ങള്‍ പരിമിതപ്പെടുകയും ജനങ്ങള്‍ ജീവനോപാധികള്‍ തേടി മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു. വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുന്നതിലൂടെ കാസർകോടിന് വളര്‍ച്ചയുടെ പുതിയ കുതിപ്പ് സാധ്യമാകും. ഇതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. സര്‍കാര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവരുടെയെല്ലാം കൂട്ടായ പരിശ്രമത്തിലൂടെയാണ് നേട്ടങ്ങള്‍ സാധ്യമാവുക. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വികസനവും, സമൃദ്ധിയും നേടിയെടുക്കാന്‍ കാസർകോടിന് കഴിയണമെന്നാണ് ജനം ആശിക്കുന്നത്.