Achievement | ദേശീയ ചാംപ്യൻഷിപിൽ വെള്ളി മെഡൽ; തായ്‌ക്വോണ്ടോയിൽ തിളങ്ങി കാസർകോട് സ്വദേശിനി ഫാത്വിമ
* തായ്‌ക്വോണ്ടോയിൽ ഫസ്റ്റ് ഡാൻ ബ്ലാക് ബെൽറ്റ്
* കഴിഞ്ഞ അഞ്ച് വർഷങ്ങളായി സംസ്ഥാന തായ്‌ക്വോണ്ടോയിൽ സ്വർണ മെഡൽ ജേതാവാണ്
കാസർകോട്: (KasargodVartha) ദേശീയ തായ്‌ക്വോണ്ടോ ചാംപ്യൻഷിപിൽ കേരളത്തിന് വേണ്ടി വെള്ളി മെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് വിദ്യാനഗർ പടുവടുക്കം സ്വദേശി എ എം ഫാത്വിമ. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ വച്ച് നടന്ന 41-ാമത് ദേശീയ തായ്‌ക്വോണ്ടോ ചാംപ്യൻഷിപിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ അണ്ടർ 63 കി ഗ്രാം വിഭാഗത്തിലാണ് ഫാത്വിമ മത്സരിച്ചത്.
തായ്‌ക്വോണ്ടോയിൽ ഫസ്റ്റ് ഡാൻ ബ്ലാക് ബെൽറ്റ് ഉള്ള ഫാത്വിമ കഴിഞ്ഞ അഞ്ച് വർഷങ്ങളായി സംസ്ഥാന തായ്‌ക്വോണ്ടോയിൽ സ്വർണ മെഡൽ ജേതാവാണ്. കഴിഞ്ഞ വർഷം മാധ്യപ്രദേശിൽ വച്ച് നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ വെങ്കല മെഡൽ നേടുകയും ചെയ്തിരുന്നു. കാസർകോട് യോദ്ധ തായ്‌ക്വോണ്ടോ അകഡമിയിലെ മാസ്റ്റർ ജയൻ പൊയിനാച്ചിയാണ് ഫാത്വിമയുടെ പരിശീലകൻ.
നായ്‌മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെകൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ഫാത്വിമ പഠനത്തിലും മിടുക്കിയാണ്. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. പരേതനായ അഡ്വ. അശ്റഫ് - ജമീല ദമ്പതികളുടെ മകളാണ്. സഹോദരങ്ങളായ ഖദീജ, മുഹമ്മദും എന്നിവരും തായ്‌ക്വോണ്ടോ പരിശീലിക്കുന്നുണ്ട്.
തായ്‌ക്വോണ്ടോ പരിശീലനം ഒരു കായിക വിനോദം എന്നതിനുപരി തന്റെ ആത്മവിശ്വാസവും ഏകാഗ്രതയും ശരീരിക ക്ഷമതയും വർധിപ്പിച്ചിട്ടുണ്ടെന്നും തന്റെ മാതാവിന്റെ ദീർഘ വീക്ഷണവും കുടുംബത്തിന്റെയും സ്നേഹവും പ്രോത്സാഹനവും അകാലത്തിൽ പിരിഞ്ഞുപോയ പിതാവിന്റെ ഓർമകളും അനുഗ്രഹവും എല്ലാറ്റിനുമുപരി സർവശക്തന്റെ കൃപയും തന്റെ നേട്ടങ്ങൾക്ക് കാരണമായി എന്ന് ഫാത്വിമ അഭിപ്രായപ്പെട്ടു.