city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Road | ചെമ്മനാട് പാലത്തിലടക്കം പാതാളക്കുഴികൾ; ജീവൻ അപകടത്തിൽ; മരണക്കെണിയായി കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാത

large potholes on the Kasargod-Kanhangad road
Photo: Arranged

* അധികൃതർ ഇതുവരെ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ല.

കാസർകോട്: (KasargodVartha) കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയിൽ യാത്രക്കാരുടെ ദുരിതം അവസാനിക്കുന്നില്ല. ചന്ദ്രഗിരി പാലത്തിന് മുകളിലടക്കം റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുന്നു. പലയിടത്തും ഇതേ സ്ഥിതിയാണ്. കുഴികളിൽ വാഹനങ്ങൾ വീണ് അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ നിരന്തരമായി റിപോർട് ചെയ്യുന്നു. ഈ റോഡിലൂടെ ഓരോ യാത്രയും സാഹസികതയായി മാറിയിരിക്കുന്നു.

ആദ്യം മുതൽ തന്നെ സംസ്ഥാന പാതയുടെ നിർമാണം അശാസ്ത്രീയമായിരുന്നു എന്ന ആരോപണം ശക്തമാണ്. കനത്ത മഴയെ താങ്ങാനാവാത്തത്ര ദുർബലമായ അടിത്തറയാണ് ഈ റോഡിനുള്ളത്. ഇതിന്റെ ഫലമായി, മഴപെയ്താൽ ഉടൻ തന്നെ റോഡ് തകർന്ന് കുഴികൾ രൂപപ്പെടുന്നത് സാധാരണമായി. നിർമാണം തുടങ്ങിയ കാലം മുതൽ ഇതുവരെ നിരവധി പേർക്ക് ഈ റോഡിലുണ്ടായ അപകടങ്ങളിൽ ജീവൻ നഷ്ടമായതിന് പിന്നിലും അശാസ്ത്രീയ നിർമാണമാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.

അതിന് പുറമെയാണ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കാണാതെ അധികൃതർ അലംഭാവം കാട്ടുന്നത്. കനത്തമഴയില്‍ വെള്ളക്കെട്ടുണ്ടാവുന്നതിനാലാണ് തുടരെ കുഴികൾ രൂപപ്പെടുന്നത്. കുഴികളിൽ വീണ് അപകടങ്ങൾ ദിനംപ്രതി സംഭവിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കുഴികളിൽ വീണ് വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിഞ്ഞു വീഴുന്നത് സാധാരണ കാഴ്ചയാണ്. ഇത് നിരവധി പേരുടെ ജീവൻ അപകടത്തിലാക്കുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. 

പ്രശ്‌നം നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇതുവരെ ഫലപ്രദമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. വർഷം തോറും പലവട്ടം റോഡ് തകരുന്നുണ്ടെങ്കിലും കണ്ണിൽ പൊടിയിടാൻ താൽക്കാലികമായ അറ്റകുറ്റപ്പണികൾ മാത്രമേ നടത്താറുള്ളൂ. എന്നാൽ, ദിവസങ്ങൾക്കകം വീണ്ടും റോഡ് അതേ അവസ്ഥയിലാകും. രാഷ്ട്രീയ നേതാക്കളും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും, പ്രായോഗികമായ പരിഹാരം കാണുന്നതിൽ പരാജയപ്പെട്ടുവെന്നാണ് വിമർശനം. പല തവണ പ്രതിഷേധവും ഉണ്ടായിട്ടും സ്ഥിതിഗതികളിൽ മാറ്റമൊന്നും വന്നിട്ടില്ല. 

പ്രദേശത്തെ വ്യാപാരികളും കർഷകരും വിദ്യാർഥികളും അടക്കമുള്ളവരുടെ ജീവിതത്തെയും റോഡിലെ ശോചനീയാവസ്ഥ ബാധിക്കുന്നു. പ്രശ്‌നത്തിന് സ്ഥിരമായ പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്ന് യാത്രക്കാരും പ്രദേശവാസികളും ഒന്നടങ്കം പറയുന്നു. റോഡ് പൂർണമായും പുനർനിർമിക്കുകയോ, അല്ലെങ്കിൽ ശാസ്ത്രീയമായ രീതിയിൽ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യേണ്ടതുണ്ട്. ഇതിനായി അധികൃതർ ഉടൻ തന്നെ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
 Road

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia