Accident | കാസർകോട്ട് രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളിൽ 3 യുവാക്കൾക്ക് ദാരുണാന്ത്യം
തൃക്കരിപ്പൂർ: (KasaragodVartha) കാസർകോട് ജില്ലയിൽ തൃക്കരിപ്പൂരിലും നീലേശ്വരത്തും ഉണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. തൃക്കരിപ്പൂരിൽ നിയന്തണം വിട്ട ബൈക് ടെലിഫോൺ ബോക്സിൽ ഇടിച്ചാണ് രണ്ട് യുവാക്കൾ മരിച്ചത്. തൃക്കരിപ്പൂർ തെക്കുമ്പാട് വ്യാഴാഴ്ച അർധരാത്രിയിലാണ് അപകടം .
തൃക്കരിപ്പൂർ മെട്ടമ്മലിലെ ശാനിദ് (25), പെരുമ്പയിലെ സുഹൈൽ (26) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് വെള്ളിയാഴ്ച ഉച്ചയോടെ പോസ്‌റ്റ്‌മോർടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പയ്യന്നൂർ ഭാഗത്ത് നിന്ന് തൃക്കരിപ്പൂരിലേക്ക് വരികയായിരുന്ന ടി എൻ 14 ഡി 9693 നമ്പർ ബൈകാണ് അപകടത്തിൽ പെട്ടത്.
നീലേശ്വരം പാലായിൽ കെഎസ്ആർടിസി ബസും ബൈകും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്. കയ്യൂർ ഐ ടി ഐ യിലെ വിദ്യാർഥി വിഷ്ണു (18) ആണ് മരിച്ചത്. ഉദുമ സ്വദേശിയായ വിഷ്ണു രാവിലെ കോളജിലേക്ക് ബൈകിൽ പോകവെ എതിരെ വന്ന കെഎസ്ആർടി.സി ബസുമായി ഇടിക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി.