Politics | ബിജെഡിയുടെ കനത്ത തോൽവി: സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് നവീൻ പട്നായിക്കിൻ്റെ വിശ്വസ്തൻ വി കെ പാണ്ഡ്യൻ; ക്ഷമ ചോദിച്ച് വീഡിയോ സന്ദേശം
പാണ്ഡ്യൻ്റെ തമിഴ് പാരമ്പര്യം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങളിലൊന്നായി മാറിയിരുന്നു.
ഭുവനേശ്വർ: (KasaragodVartha) ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിൻ്റെ വിശ്വസ്തൻ വികെ പാണ്ഡ്യൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജു ജനതാദളിന് (BJD) കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പാണ്ഡ്യൻ്റെ പ്രഖ്യാപനം. 147 അംഗ നിയമസഭയിൽ ബിജെപി 78 സീറ്റ് നേടി ഭരണം ഭരണത്തിലേറിയപ്പോൾ 20 വർഷമായി അധികാരത്തിലുണ്ടായിരുന്ന ബിജെഡിക്ക് 51 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 21-ൽ 20 സീറ്റുകളും ബിജെപി സ്വന്തമാക്കുകയും ചെയ്തു.
2000 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനും തമിഴ് നാട് സ്വദേശിയുമായ പാണ്ഡ്യൻ പട്നായിക്കിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി രണ്ട് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023ൽ, സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ച ശേഷം അദ്ദേഹം ബിജെഡിയിൽ ചേർന്നു. ഈ തിരഞ്ഞെടുപ്പിൽ ബിജെഡിയുടെ താരപ്രചാരകനും ബിജെഡിയുടെ മുഖവുമായിരുന്നു വികെ പാണ്ഡ്യൻ.
അതേസമയം ഒഡീഷയിൽ ജനിച്ച്, ഒഡിയ സംസാരിക്കുന്ന ഒരാളായിരിക്കും ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രഖ്യാപിച്ച് പാണ്ഡ്യൻ്റെ തമിഴ് പാരമ്പര്യം പ്രചാരണ വിഷയമാക്കിയിരുന്നു. നവീൻ പട്‌നായിക്കിൻ്റെ ആരോഗ്യനില ചൂണ്ടിക്കാട്ടി, ബിജെഡി വീണ്ടും വിജയിച്ചാൽ ഒഡീഷ മുഖ്യമന്ത്രിയായി പാണ്ഡ്യൻ ചുമതലയേൽക്കുമെന്നും ബിജെപി ആരോപിച്ചിരുന്നു.
തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ തന്റെ പ്രചാരണം കാരണമായിട്ടുണ്ടെങ്കിൽ ബിജെഡി പ്രവർത്തകരോടും നേതാക്കളോടും ക്ഷമ ചോദിക്കുകയാണെന്ന് വികെ പാണ്ഡ്യൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. താൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും, സിവിൽ സർവീസിൻ്റെ തുടക്കം മുതൽ ഇന്നുവരെയുള്ള സ്വത്തിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഡീഷയിലെ ജനങ്ങൾക്കും ജഗന്നാഥ ഭഗവാനും വേണ്ടി തൻ്റെ ഹൃദയം എന്നും നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.