Fire | പടന്ന കാവുന്തലയിൽ പാടശേഖത്തിൽ വൻ തീപ്പിടുത്തം; പുല്ലും ഇലകളും ചവറുകളും കൂട്ടിയിട്ട് കർഷകർ കത്തിക്കുമ്പോൾ തീ പടർന്നതാണെന്ന് സംശയം
പടന്ന: (KasargodVartha) പിലിക്കോട്-പടന്ന പഞ്ചായതുകൾ അതിർത്തി പങ്കിടുന്ന കാവുന്തലയിൽ വൻതീപ്പിടുത്തം. എതിർപുഴയുടെ കൈവഴിയായ ബാലൻപുഴയോട് ചേർന്നുള്ള പാടശേഖരത്തിലാണ് ചൊവ്വാഴ്ച രാത്രിയോടെ തീപ്പിടുത്തമുണ്ടായത്. കിലോമീറ്ററോളം ഭാഗങ്ങൾ അഗ്നിക്കിരയായിട്ടുണ്ട്. മഴയ്ക്ക് മുമ്പായി വിത്തിറക്കുന്നതിന് നിലം ഉഴുത് ഉണങ്ങിയ പുല്ലും ഇലകളും ചപ്പ് ചവറുകളും കൂട്ടിയിട്ട് കത്തിക്കുന്ന ശീലം കർഷകർക്കുണ്ട്.
ഇങ്ങനെ കത്തിക്കുമ്പോൾ സമീപത്തുള്ള മരങ്ങളിലേക്കും തീ പടരുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. സമീപത്തെ മരങ്ങളും തെങ്ങുകളും മറ്റും കത്തിയമർന്നു. തീപടരുന്നത് കണ്ട് നാട്ടുകാർ പച്ചോലയും മറ്റുമായി തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ തൃക്കരിപ്പൂരിൽ നിന്നും അഗ്നിശമന സേനയെത്തിയെങ്കിലും തീപ്പിടുത്തമുണ്ടായ സ്ഥലത്തേക്ക് വാഹനത്തിന് എത്താൻ കഴിഞ്ഞില്ല. പിന്നീട് മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. തീപ്പിടുത്തം ഉണ്ടായ ഭാഗത്ത് നിന്നും കുറേ ദൂരം മാറിയാണ് വീടുകൾ ഉള്ളത്. അതു കൊണ്ട് തന്നെ മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ല.