city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Process | നിസ്സാരമല്ല! ഒരു പെട്രോൾ പമ്പ് എങ്ങനെ തുടങ്ങാം, ആർക്കെല്ലാം അപേക്ഷിക്കാം? പ്രായം മുതൽ ചിലവ് വരെ; അറിയേണ്ടതെല്ലാം

How to Start a Petrol Pump Business in India
Representational Image Generated by Meta AI

● സർക്കാർ ലൈസൻസുകളും, ഭൂമിയുടെ അനുമതികളും നിർബന്ധമാണ്.
● അപേക്ഷകൻ 21-55 പ്രായപരിധിയിലുള്ളവരായിരിക്കണം.
● ജില്ലാ കളക്ടറുടെ അനുമതിയും എൻഒസിയും നിർബന്ധമാണ്.

ജോയൽ മാത്യു

(KasargodVartha) ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്ന ഒന്നാണ്  പെട്രോൾ പമ്പ്. കാരണം, മറ്റൊന്നല്ല കണ്ണൂരിലെ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇത് ഏറെ ചർച്ചയായത്. ഒരു  പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിനെതിരെ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ മുൻ ജില്ലാ  പ്രസിഡന്റ് പി പി ദിവ്യ ആക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഒരു പെട്രോൾ പമ്പ് തുടങ്ങുക എന്ന് പറയുന്നത് നിസാര കാര്യമല്ല. ധാരാളം പണവും സ്ഥല സൗകര്യങ്ങളും ജോലിക്കാരുമൊക്കെ വേണം. കൂടാതെ പലവിധ ലൈസൻസുകളും ആവശ്യമാണ്. ഈ അവസരത്തിൽ ഒരു പെട്രോൾ പമ്പ് തുടങ്ങാൻ എന്തൊക്കെ വേണം? ആർക്കൊക്കെ അപേക്ഷിക്കാം? എന്ന് പൊതുജനങ്ങൾക്ക് അറിവ് പകരുന്ന കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്. 

ഒരു പെട്രോൾ പമ്പ് എങ്ങനെ തുടങ്ങാം?

കുറിപ്പിൽ പറയുന്നത്: 'പെട്രോൾ പമ്പ് തുറക്കാൻ നടപടിക്രമങ്ങളേറെയുണ്ട്. ലൈസൻസും, ഡീലർഷിപ്പും മുതൽ അപേക്ഷകൻ്റെ സാമ്പത്തിക സ്ഥിതി വരെ നിർണായകമാണ്. അപേക്ഷകൻ 21നും 55നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാരനായിരിക്കണം. എൻആർഐ ആണെങ്കിൽ 180 ദിവസം ഇന്ത്യയിൽ താമസിച്ചിരിക്കണം. വയസ് തെളിയിക്കുന്ന രേഖകൾക്കൊപ്പം പത്താംക്ലാസിലെ മാര്‍ക്ക് ഷീറ്റും സമര്‍പ്പിക്കണം. കുറഞ്ഞത് മൂന്നുവർഷമെങ്കിലും ബിസിനസ് മേഖലയിൽ പരിചയം വേണം. ക്രിമിനൽ പശ്ചാത്തലമുണ്ടാകരുത്.

സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രായനിബന്ധന ഇല്ല. എസ് സി/എസ്ടി/ഒബിസി കാറ്റഗറിയിലുള്ള അപേക്ഷ കർ പത്താം ക്ലാസ് പാസായിരിക്കണം പൊതുകാറ്റഗറിക്കാർക്ക് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യത. അപേക്ഷകന് 25 ലക്ഷം രൂപയുടെ ആസ്തിയുണ്ടായിരിക്കണം. കുടുംബത്തിൻ്റെ ആസ്തി 50 ലക്ഷത്തിൽ കുറയരുത്. ബോണ്ടുകള്‍, മ്യൂച്വല്‍ഫണ്ടുകള്‍, രജിസ്‌ട്രേഡ് ബാങ്കു കളിലുള്ള നിക്ഷേപങ്ങളോ പോസ്റ്റല്‍ സ്‌കീമു കളോ, നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്, ലിസ്റ്റഡ് കമ്പനികളിലുള്ള ഡീമാറ്റ് അക്കൗണ്ട് , 60% മൂല്യമുള്ള മ്യൂച്ചല്‍ഫണ്ടുകള്‍, ഓഹരികള്‍, ബോണ്ടുകൾ എന്നിവ മാത്രമേ യോഗ്യതയായി പരിഗണിക്കുകയുള്ളൂ. 

പെട്രോള്‍ പമ്പ്, ഡീലര്‍മാര്‍ സ്ഥലം തെരഞ്ഞെടുക്കുന്നതാണ് അടുത്ത നടപടി. പമ്പ് തുറക്കാന്‍ പദ്ധതിയിട്ട പ്രദേശത്ത് ഭൂമി സ്വന്തമായോ പാട്ടത്തിനോ എടുക്കണം. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുക. ഓയില്‍ കമ്പനികള്‍ സ്ഥലം അനുയോജ്യമാണോയെന്ന് പരിശോധിക്കും. രണ്ട് വിധത്തിലുള്ള ഡീലർഷിപ്പാണുള്ളത്. കമ്പനി ഉടമസ്ഥതയിലുള്ളതും ഡീലർ ഉടമസ്ഥതയിലുള്ളതും. ഗ്രാമങ്ങളിൽ സിങ്കിൾ ഡിസ്പെൻസിങ് യൂണിറ്റിന് 800 സ്ക്വയർ മീറ്റർ സ്ഥലവും, രണ്ട് ഡിസ്പെൻസിങ് യൂണിറ്റിന് 1200 സ്ക്വയർ മീറ്റർ സ്ഥലവും വേണം. നഗരങ്ങളിൽ യഥാക്രമം 500ഉം 800 ഉം സ്ക്വയർ മീറ്റർ സ്ഥലമാണ് വേണ്ടത്. ദേശീയപാതയിലാണെങ്കിൽ 1200-2000സ്ക്വയർ മീറ്റർ സ്ഥലമാണ് വേണ്ടത്. 

പെർമിറ്റ് ഉൾപ്പെടെ ഉള്ള അംഗീകാരങ്ങൾക്കും ലൈസൻസിനുമായി രണ്ടുമുതൽ 5 ലക്ഷം വരെയാണ് ചെലവ്. നഗരങ്ങളിൽ ആയിരം രൂപയാണ് അപേക്ഷാഫീസ്. എന്നാല്‍ ഗ്രാമങ്ങളിലിത് നൂറ് രൂപയാണ്. പെട്രോള്‍ പമ്പ് തുറക്കാന്‍ 60 ലക്ഷം മുതല്‍ ഒരു കോടി രൂപാവരെ മുതല്‍മുടക്ക്. റോഡ് നിയമങ്ങൾ, നിലവിലുള്ള പമ്പിൽ നിന്നുള്ള ദൂരപരിധി, സമീപത്തെ പമ്പുകളിലെ വിൽപനയുടെ അളവ്, പൊല്യൂഷൻ കൺട്രോൾ റെസ്‌ക്യൂ, പൊലീസ് ഡിപ്പാർട്ട്‌മെന്റ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിൽ നിന്നുള്ള അനുമതികൾ എന്നിവയും പുതിയ പമ്പ് തുടങ്ങാൻ ആവശ്യമാണ്. 

പെട്രോൾ പമ്പ് തുടങ്ങണമെങ്കിൽ ചെലവഴി ക്കേണ്ടത് എകദേശം ഒരുകോടിയിലധികം രൂപ. ലേലത്തുകയും, കരുതൽനിക്ഷേപവും കൂടാതെയാണിത്. ബി.പി.സി.എൽ. വെബ് സൈറ്റിൽ രേഖപ്പെടുത്തിയ കണക്കാണിത്. കമ്പനി നിർദേശിക്കുന്ന പ്രവർത്തനമൂലധന മായി 32 ലക്ഷം രൂപയും സൗകര്യങ്ങൾ ഒരുക്കാൻ 75 ലക്ഷം രൂപയുമടക്കം 1.07 കോടി രൂപയാണ് ചെലവ്. ലേലത്തുകയായി 15 ലക്ഷം രൂപ നേരത്തേ അടയ്ക്കണം. കരുതൽ നിക്ഷേപമായി നാലുലക്ഷം രൂപയും അടയ്ക്കണം. 900 ചതുരശ്രമീറ്റർ സ്ഥലവും വേണം. 

പമ്പ് തുടങ്ങാൻ കമ്പനികൾ കളക്ടർക്കാണ് അപേക്ഷ നൽകുന്നത്. അതിൽ സർവേ നമ്പർ, വില്ലേജ്, പ്ലാൻ അടക്കം ഉണ്ടാകും. ആരാണ് ഡീലർ എന്നത് ലെറ്റർ ഓഫ് ഇൻഡൻഡിൽ രേഖപ്പെടുത്തും. കളക്ടറുടെ നിർദേശപ്രകാരം എ.ഡി.എം. ആണ് ഫയൽ കൈകാര്യം ചെയ്യുന്നത്. എതിർപ്പില്ലാരേഖ തയ്യാറാക്കുന്നതിന് ആറ് വകുപ്പുകളിൽനിന്ന് അദ്ദേഹം റിപ്പോർട്ട് തേടും. ജില്ലാ പോലീസ് മേധാവി, ജില്ലാ സപ്ലൈ ഓഫീസർ, ആർ.ഡി.ഒ./സബ് കളക്ടർ, തദ്ദേശസ്ഥാപനം, ആഗ്നിരക്ഷാസേന, പൊതുമരാമത്ത് (റോഡ്സ്) വകുപ്പ് എന്നിവയിലേക്ക് അയച്ച് റിപ്പോർട്ട് ശേഖരിക്കും. പരാതിയോ പ്രശ്നമോ വന്നാൽ മലിനീകരണ നിയന്ത്രണ ബോർഡും ഇടപെടും. 

നിയമപ്രകാരം എല്ലാ വകുപ്പുകളും മൂന്നുമാസ ത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. അതിനു ശേഷം കളക്ടർ/എ.ഡി.എം. നേരിട്ട് സ്ഥലപരി ശോധന നടത്തും. എല്ലാം കൃത്യമാണെങ്കിൽ എതിർപ്പില്ലാരേഖ (എൻ.ഒ.സി.) നൽകും. നിരസിക്കുകയാണെങ്കിൽ എന്തുകൊണ്ടാണെന്ന് തെളിവെടുപ്പുവെച്ച് അറിയിക്കും. എൻ.ഒ.സി. അടക്കം പരിശോധിച്ച് ചെന്നൈയിലെ കൺട്രോളർ ഓഫ് എക്സ്പ്ലോസീവാണ് പ്രവർത്തനാനുമതി നൽകുക. നിശ്ചിത പ്രദേശത്ത് പമ്പ് ആരംഭിക്കുന്നതിന് ആദ്യം സർവേ നടത്തും. നിശ്ചിത ദൂരപരിധി യിൽ വേറെ പമ്പുകൾ ഉണ്ടോ, വാഹനങ്ങളുടെ തിരക്ക്, നിശ്ചിതപരിധിയിൽ വീടുകൾ ഉണ്ടോ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സർവേയിലൂടെ പരിശോധിക്കും. 

അതിനുശേഷം പമ്പുകൾ തുടങ്ങാനുള്ള സ്ഥലത്തിനായുള്ള താത്പര്യ പത്രം ക്ഷണിക്കും. പിന്നീട് ഡീലർഷിപ്പിനായും താത്പര്യപത്രം നൽകും. ഡീലർഷിപ്പ് തുടങ്ങാൻ അനുമതി നൽകിക്കഴിഞ്ഞാൽ, കമ്പനി എതിർപ്പില്ലാരേഖ (എൻ.ഒ.സി.) ക്കായി ബന്ധപ്പെട്ട കളക്ടർക്ക് അപേക്ഷ നൽകും. അനുമതി വേഗത്തിലാക്കാൻ പലപ്പോഴും ഡീലർമാരാണ് പുറകെ നടക്കുക. എൻ.ഒ.സി. ലഭിച്ചശേഷമാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽനിന്നടക്കമുള്ള അനുമതികൾ ലഭിക്കുക. എല്ലാ അനുമതിയും ലഭിച്ചശേഷം പമ്പ് നിർമിക്കാനാവശ്യമായ സഹായവും കമ്പനികൾ നൽകും പമ്പിന് അനുമതിനേടിക്കൊടുക്കാൻ എണ്ണക്കമ്പനി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വൻസംഘം പ്രവർത്തിക്കുന്നുണ്ട്. 

ബിനാമി പേരിലും ഒട്ടേറെപ്പേർ പെട്രോൾ പമ്പുകൾക്ക് അനുമതിനേടിയെടുക്കുന്നു. സ്വന്തമായി സ്ഥലമില്ലാത്തവർക്കും അനുമതിലഭിക്കും വിധത്തിലാണ് ക്രമീകരണം. ബിനാമി അപേക്ഷകരെവെച്ച് അനുമതിനേടിയശേഷം വൻ തുകയ്ക്ക് മറിച്ചുവിൽക്കുന്നവരുമുണ്ട്. നിശ്ചിതതുക നൽകിയാൽ പമ്പ് ലൈസൻസ് നേടിക്കൊടുക്കാമെന്ന് വാഗ്ദാനംചെയ്യുന്ന സംഘവും സജീവം. എണ്ണക്കമ്പനി ഉദ്യോഗസ്ഥരിലും ഇവർക്ക് സ്വാധീനമുണ്ട്. അപേക്ഷനൽകേണ്ട രീതിയും അതിന്റെ സാങ്കേതികത്വവും അറിയാവുന്നവരാണിവർ. 

ഒരു മേഖലയിൽ പമ്പ് തുടങ്ങണമെങ്കിൽ എണ്ണക്കമ്പനി പരസ്യംചെയ്ത് അപേക്ഷകരെ ക്ഷണിക്കണമെന്നതാണ് ആദ്യനടപടി. പലപ്പോഴും ഇടനിലക്കാരും ഉദ്യോഗസ്ഥരും ചേർന്നാണ് ഏതുമേഖലയിൽ പമ്പ് തുടങ്ങണമെന്ന് തീരുമാനിക്കുന്നത്. ഇതിനുശേഷമാകും പരസ്യം. പമ്പ് തുടങ്ങാൻ സ്ഥലംവരെ ഇടനിലക്കാർ ഇടപെട്ട് പാട്ടത്തിന് ശരിയാക്കിനൽകും. ലൈസൻസ് ലഭിക്കാൻ സാധ്യതയുള്ള വ്യക്തി എന്നപേരിലാണ് അപേക്ഷകനെ സ്ഥലം ഉടമയ്ക്ക് പരിചയപ്പെടുത്തുക. രൂപരേഖ തയ്യാറാക്കുന്നതും അപേക്ഷ സമർപ്പിക്കുന്നതും കമ്പനി നേരിട്ടാണ്. മിക്കപ്പോഴും ശരിക്കുള്ള നിക്ഷേപകരായിരിക്കില്ല അപേക്ഷകർ. ഇത് എണ്ണക്കമ്പനി ഉദ്യോഗസ്ഥർക്കുമറിയാം'.

ഒരു പെട്രോൾ പമ്പ് തുടങ്ങുക എന്നത് നിസാര കാര്യമല്ലെന്ന് മനസ്സിലായില്ലേ. ധാരാളം കടമ്പകൾ കടന്നാലെ ഒരു ഒരു പെട്രോൾ പമ്പ് തുടങ്ങാൻ സാധിക്കൂ. നാം പലപ്പോഴും അറിയാതെ പോകുന്ന കാര്യങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. കുറച്ച് പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം കൂടിയാകുന്നു ഒരു പെട്രോൾ പമ്പ്. പണ്ടൊക്കെ നാട്ടിൽ പെട്രോൾ പമ്പുകൾ കുറവായിരുന്നെങ്കിൽ ഇപ്പോൾ ധാരാളം  പെട്രോൾ പമ്പുകൾ അടിക്കടി ഉണ്ടാകുന്നുണ്ട്. വാഹനങ്ങളും ഇവിടെ അതുപോലെ പെരുകുന്നു എന്നർത്ഥം. ഈ ലേഖനം കൂടുതൽ ആളുകളിലേയ്ക്ക് പങ്കിടാൻ മടിക്കേണ്ടതില്ല.
 

#PetrolPumpBusiness, #FuelStationStartup, #BusinessInIndia, #PetrolPumpLicense, #Entrepreneurship, #StartupIndia

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia