Service Road | കാലവർഷം കനത്തു: ദേശീയപാതയിലെ സർവീസ് റോഡിൽ ദുരിതയാത്ര
ദേശീയപാതയിലെ മഴവെള്ളം ഒഴുകിയെത്തുന്നത് സർവീസ് റോഡുകളിലാണ്
കാസർകോട്: (KasargodVartha) കാലവർഷം കനത്തതോടെ ദേശീയപാതയിലെ സർവീസ് റോഡിൽ യാത്രാ ദുരിതം. ജില്ലയിലെ മിക്കയിടത്തും സർവീസ് റോഡുകൾ തകർന്നു. പാത ഉയർത്തുന്നതിന് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഒലിച്ചിറങ്ങി ചിലയിടങ്ങളിൽ സർവീസ് റോഡുകൾ ചെളിക്കുളമായിട്ടുമുണ്ട്. ഗതാഗതക്കുരുക്കിനും റോഡിന്റെ തകർച്ച കാരണമാകുന്നു.
എല്ലാ മഴക്കാലത്തും ദേശീയപാതയിൽ ഇതുതന്നെയാണ് സ്ഥിതി. ഇനി ആംബുലൻസുകൾക്ക് രോഗികളെയും കൊണ്ട് ആശുപത്രിയിലെത്താനും, ചികിത്സ ലഭ്യമാക്കാനും വൈകും. ഒപ്പം യാത്രക്കാരെയും കൊണ്ടുപോകുന്ന ബസുകൾക്കും സമയത്തിന് സർവീസ് നടത്താനും കഴിയില്ല. അത്യവശ്യത്തിന് പോലും വാഹനവുമായി റോഡിലേക്കിറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്ന് ജനങ്ങൾ പറയുന്നു.
മൊഗ്രാൽ ടൗണിൽ അടിപ്പാതയ്ക്ക് സമീപമാണ് റോഡ് തകർച്ച പൂർണമായിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ റോഡ് തകർച്ച മൊഗ്രാൽ ശാഫി മസ്ജിദിനടുത്തായിരുന്നുവെങ്കിൽ ഈ വർഷം മൊഗ്രാൽ ടൗണിലാണ് റോഡ് തകർച്ച നേരിടുന്നത്. ഇവിടെ ഓവുചാല്‍ സംവിധാനവും, സർവീസ് റോഡും പാതിവഴിയിലുമാണ്. മഴ പെയ്താൽ ചെർക്കള ടൗൺ വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണുള്ളത്. ആരിക്കാടി, കുമ്പള തുടങ്ങി മിക്കയിടത്തും ഇത് തന്നെയാണ് സ്ഥിതി.
മഴവെള്ളം കെട്ടിക്കിടക്കുന്നത് റോഡിന്റെ പൂർണ തകർച്ചയ്ക്ക് കാരണമാവുന്നു. ദേശീയപാതയിലെ മഴവെള്ളം ഒഴുകിയെത്തുന്നത് സർവീസ് റോഡുകളിലാണ്. സർവീസ് റോഡിന് വീതിയും കുറവാണ്, അരികിലൂടെ നടന്നുപോകുന്ന കാൽനട യാത്രക്കാർക്കും വെള്ളക്കെട്ട് ദുരിതമുണ്ടാക്കുന്നു. പലയിടത്തും മെറ്റലുകൾ ചിതറിക്കിടക്കുന്നത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതിനും കാരണമാകുന്നു.
ദേശീയപാത നിർമാണ പ്രവൃർത്തികളിലെ ദീർഘവീക്ഷണമില്ലായ്മയാണ് റോഡ് തകർച്ചയ്ക്ക് കാരണമെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. കാലവർഷം മുൻകൂട്ടി കാണാതെ പോയതാണ് ഇത്തരത്തിൽ പാളിച്ചകൾക്ക് കാരണമാവുന്നതെന്നാണ് വിമർശനം. പ്രശ്‌ന പരിഹാരത്തിന് ശാശ്വതമായ നടപടികളാണ് വേണ്ടതെന്നാണ് ജനം പറയുന്നത്.