Journey | ചുട്ടുപൊള്ളുന്ന വെയിലില്‍ രണ്ടരക്വിന്റല്‍ ഭാരമുള്ള ഉന്തുവണ്ടിയും വലിച്ച് 700 കിലോമീറ്റര്‍ അധികം സഞ്ചരിച്ച് ഹാരിസിന്റെ സഹനയാത്ര; ഉദ്ദേശ്യം മതസൗഹാര്‍ദ സന്ദേശം പകരല്‍
കാസര്‍കോട്: (KasargodVartha) മാനവ സൗഹാര്‍ദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യവുമായി തൃശൂര്‍ സ്വദേശി ഹാരിസ് നടന്നുതീര്‍ത്തത് 700 കിലോമീറ്ററോളം ദൂരം. രണ്ടരക്വിന്റല്‍ ഭാരവും പുസ്തകരൂപത്തിലുള്ള ഉന്തുവണ്ടിയുമായാണ് ഹാരിസിന്റെ യാത്ര. ചുട്ടുപൊളളുന്ന വെയിലില്‍ മതത്തിന്റെ പേരില്‍ മനുഷ്യർ തമ്മില്‍ തല്ലുന്നത് എന്തിന് വേണ്ടിയാണെന്ന് ചോദിച്ചുകൊണ്ടാണ് ഹാരിസ് മഞ്ചേശ്വരത്ത് യാത്ര അവസാനിപ്പിക്കാനിരിക്കുന്നത്.
കന്യാകുമാരിയില്‍ നിന്ന് ജനുവരി ഒന്നിന് തുടങ്ങിയ കാല്‍നടയാത്ര നാലുമാസം പിന്നിട്ട് ബുധനാഴ്ച ഉച്ചയോടെയാണ് കാസര്‍കോട്ടെത്തിയത്. സഊദിയിലെ ദമാമില്‍ 12 വര്‍ഷത്തോളം മെകാനികല്‍ എൻജിനീയറായിരുന്ന ഹാരിസ് ജോലി ഉപേക്ഷിച്ചാണ് നാലരവര്‍ഷം കൊണ്ട് സത്യവേദസാരങ്ങള്‍ എന്ന പുസ്തകമെഴുതിയത്. 1008 പേജുള്ളതാണ് പുസ്തകം. പുസ്തകത്തിലെ കാര്യങ്ങള്‍ സൗണ്ട് ബോക്‌സിലൂടെ കേള്‍പ്പിച്ചും ഓരോ പേജ് വീതം വഴിയില്‍ കാണുന്നവര്‍ക്കെല്ലാം സമ്മാനിച്ചുകൊണ്ടുമാണ് ഹാരിസ് വിശ്രമമില്ലാത്ത യാത്ര തുടര്‍ന്നത്.
അല്‍പം വിശ്രമിക്കുവാനും കിടന്നുറങ്ങാനുമുള്ള സൗകര്യങ്ങള്‍ പുസ്തകവണ്ടിയില്‍ തന്നെ ഒരുക്കിയിരുന്നു. വെളിച്ചം വിതറാന്‍ ഉന്തുവണ്ടിയില്‍ തന്നെ സോളാര്‍ പാനലും ഘടിപ്പിച്ചിട്ടുണ്ട്. ഒരു ദിവസം പത്തുകിലോമീറ്റര്‍ വരെയാണ് ഭാരമേറിയ ഉന്തുവണ്ടിയുമായി പൊള്ളുന്ന വെയിലത്തും നടന്നുനീങ്ങിയതെന്ന് ഹാരിസ് കാസർകോട് വാർത്തയോട് പറഞ്ഞു.
ഭഗവത് ഗീതയിലെയും ബൈബിളിലെയും ഖുര്‍ആനിലെയും മനുസ്മൃതിയിലേയും മഹദ് വചനങ്ങളൊക്കെ ഓരോ പേജിലും ഒരുപോലെ ഉള്‍ക്കൊള്ളിച്ചാണ് നാലു വാള്യങ്ങള്‍ ഉള്ള പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ നാലായിരത്തോളം വേദ സാരാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മതങ്ങള്‍ തമ്മിലും അവ പ്രചരിച്ച കാലഘട്ടത്തിന്റെ വ്യത്യാസം മാത്രമേയുള്ളൂവെന്നും എല്ലാ മതങ്ങളുടെയും കാതലായ തത്വങ്ങള്‍ ഏതാണ്ട് ഒരുപോലെ തന്നെയാണെന്നും തന്റെ പുസ്തകത്തില്‍ ഹാരിസ് സമര്‍ത്ഥിക്കുന്നുണ്ട്.
യാത്രയ്ക്കിടയില്‍ താന്‍ മതപ്രചാരകനാണെന്ന് തെറ്റിദ്ധരിച്ച് വഴക്ക് പറഞ്ഞതായും എന്നാല്‍ പുസ്തകം നീട്ടിക്കൊടുത്ത് കാര്യങ്ങള്‍ മനസിലാക്കിയപ്പോള്‍ അഭിനന്ദനം നൽകിയതായും ഹാരിസ് പറഞ്ഞു. പുസ്തകത്തിന് അംബേദ്കര്‍ അവാര്‍ഡും എസ് കെ പൊറ്റക്കാടിന്റെ പേരിലുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തൃശൂര്‍ മണ്ണൂത്തികുളമ്പില്‍ പടിഞ്ഞാറേക്കര വീട്ടില്‍ ഹാരിസ് പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുളള സേവനത്തിനും അഭയാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുന്നതിലും ശ്രദ്ധിക്കുന്നയാളാണ്. ഇലക്ട്രോണിക് അധ്യാപികയായ റോജയാണ് ഭാര്യ. ആദില്‍, ആഇശ എന്നിവര്‍ മക്കളാണ്.