Govt Order | സുപ്രധാന നീക്കം: ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റയെ നീക്കി; സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു; ഇ-കൊമേഴ്‌സ് കമ്പനികൾക്ക് കർശന നിർദേശം
ന്യൂഡെൽഹി: (KasargodVartha) കുട്ടികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ബോൺവിറ്റ പോലുള്ള നിരവധി ആരോഗ്യ പാനീയങ്ങൾ വിപണിയിൽ ലഭ്യമാണ്, എന്നാൽ അത്തരം പാനീയങ്ങളും ജ്യൂസുകളും നിങ്ങളുടെ കുട്ടികൾക്ക് ശരിക്കും ഗുണം ചെയ്യുമോ ഇല്ലയോ എന്ന് നിങ്ങൾക്കറിയാമോ? ഇപ്പോഴിതാ ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റയെ ഒഴിവാക്കണമെന്ന് ഇ-കൊമേഴ്‌സ് കമ്പനികളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. വാണിജ്യ വ്യവസായ മന്ത്രാലയം ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
അറിയിപ്പ് അനുസരിച്ച്, എല്ലാ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോടും അവരുടെ പ്ലാറ്റ്‌ഫോമുകളിലെ ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റ ഉൾപ്പെടെയുള്ള എല്ലാ പാനീയങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ (NCPCR) കണ്ടെത്തലിന് പിന്നാലെയാണ് സർക്കാർ ഈ തീരുമാനമെടുത്തത്. 2006ലെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ആക്‌ട് പ്രകാരമുള്ള ആരോഗ്യകരമായ പാനീയത്തിൻ്റെ നിർവചനം ഈ ഉത്പന്നങ്ങൾ പാലിക്കുന്നില്ലെന്നാണ് കമ്മീഷൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
ഈ മാസം ആദ്യം, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) എല്ലാ ഇ-കൊമേഴ്‌സ് കമ്പനികളോടും പാൽ അധിഷ്ഠിതമോ ധാന്യമോ മാൾട്ട് അധിഷ്‌ഠിതമോ ആയ പാനീയങ്ങളെ 'ആരോഗ്യ പാനീയങ്ങൾ' അല്ലെങ്കിൽ 'ഊർജ പാനീയങ്ങൾ' എന്ന് ലേബൽ ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ഭക്ഷ്യ നിയമങ്ങളിൽ 'ആരോഗ്യകരമായ പാനീയം' എന്ന പദം നിർവചിക്കപ്പെട്ടിട്ടില്ലെന്ന കാരണത്താലാണ് ഈ നിർദേശം നൽകിയത്. നിയമപ്രകാരം, 'ഊർജ പാനീയം' എന്നാൽ കാർബണേറ്റഡ്, നോൺ-കാർബണേറ്റഡ് പാനീയങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. തെറ്റായ വാക്കുകൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്ന് എഫ്എസ്എസ്എഐ ഇ-കൊമേഴ്‌സ് സൈറ്റുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉയർന്ന അളവിൽ പഞ്ചസാര ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ബോൺവിറ്റയുടെ നിർമ്മാതാക്കളായ മൊണ്ടെലെസ് ഇൻ്റർനാഷണൽ ഇന്ത്യ ലിമിറ്റഡിന് എൻസിപിസിആർ കഴിഞ്ഞ വർഷം നോട്ടീസ് അയച്ചിരുന്നു. ഇതിനിടെയാണ് പുതിയ നടപടി. ആരോഗ്യ പാനീയങ്ങളുടെ പട്ടികയിൽ നിന്ന് ബോൺവിറ്റ ഉൾപ്പെടെയുള്ള എല്ലാ പാനീയങ്ങളും നീക്കം ചെയ്യാൻ എല്ലാ ഇ-കൊമേഴ്‌സ് സൈറ്റുകൾക്കും പ്ലാറ്റ്‌ഫോമുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.