Escape | ഗൂഗിൾ മാപ് നോക്കി ഓടിച്ചു, കാർ എത്തിപ്പെട്ടത് തോടിനരികെ; സുമതിയും കുടുംബവും രക്ഷകരായി
● സുമതിയുടെ ശ്രദ്ധയാൽ വലിയൊരു അപകടം ഒഴിവായി.
● പാനൂർ വഴി റോഡുണ്ടെങ്കിലും ഇനിയും അത് പൂർത്തിയായിട്ടില്ല
ബോവിക്കാനം: (KasargodVartha) ഗൂഗിൾ മാപ് നോക്കി യാത്ര പോയ കാർ എത്തിപ്പെട്ടത് തോടിനരികിലേക്ക്. കുടുംബത്തിൻ്റെ ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി. കാറഡുക്കയിലെ ഒരു വീട്ടിലേക്ക് വന്ന ആറംഗ സംഘം സഞ്ചരിച്ച കാറാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. കാറഡുക്കയിൽ നിന്ന് കാനത്തൂർ വഴി ഒടയഞ്ചാലിലേക്ക് പുറപ്പെട്ട ഡെസ്റ്റർ കാർ ഓടിച്ചിരുന്നയാൾ ഗൂഗിൾ മാപ് നോക്കി ഡ്രൈവ് ചെയ്തപ്പോൾ എത്തിപ്പെട്ടത് പാണൂർ കടവിലേക്കാണ്.
വെള്ളം നിറഞ്ഞൊഴുകുന്ന കടവിനടുത്ത, സഹകരണ സംഘം മുൻ ജീവനക്കാരൻ കുഞ്ഞമ്പുവിൻ്റെ ഭാര്യ സുമതി കാറിൻ്റെ ശബ്ദം കേട്ട് വീട്ടിൽ നിന്ന്, സിനിമ കാണുന്നതിനിടയിൽ പുറത്തിറങ്ങി നോക്കിയപ്പോൾ കാർ തോടിനടുത്തെത്തിയിരുന്നു. ഇവർ മുന്നോട്ട് പോകരുതെന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞതോടെ കാർ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന നാല് സ്ത്രീകളും രണ്ട് പുരുഷമ്മാരും അപകട മുഖത്ത് നിന്ന് തലനാരിഴകക്കാണ് രക്ഷപ്പെട്ടത്.
പിന്നീട് പ്രദേശത്തെ ഒരു യുവാവിനെ വിളിച്ചു വരുത്തിയാണ് കാർ പിന്നോട്ടെടുത്തത്. സുമതിയുടെ മക്കളായ സുനിൽ കുമാർ (ട്രയിനിംഗ് എസ് ഐ തൃശുർ എ ആർ കാംപ്), സുനീഷ് (ബിഎസ്എൻഎൽ കാസർകോട്), സുജിത് (സോഫ്റ്റ് വെയർ എൻജിനിയർ) എന്നിവർ സംഭവസമയം വീട്ടിലുണ്ടായിരുന്നു. ഒരു കുടുംബത്തെ വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞതിൻ്റെ ആശ്വാസത്തിലാണ് സുമതിയും കുടുംബവും. പാണൂർ വഴി റോഡുണ്ടെങ്കിലും ഇനിയും ഇത് പൂർത്തിയായിട്ടില്ല.
#GoogleMaps #Accident #Kerala #Rescue #Family #NearMiss #Bovikkanam #Kannur #RoadSafety