Found Dead | മാലിന്യ വിരുദ്ധ സമരത്തിൽ പങ്കെടുത്ത പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ; പൊലീസ് അന്വേഷിക്കുന്നു
● പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
● പഴയങ്ങാടി വാദിഹുദാ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്
കണ്ണൂർ: (KasargodVartha) തലശേരി - കോഴിക്കോട് ദേശീയപാതയിലെ പുന്നോൽ റെയിൽവേ ഗേറ്റിനു സമീപം പെൺകുട്ടിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പുന്നോൽ റെയിൽവെ ഗേറ്റിന് സമീപത്തെ ഹിറഹൗസിൽ ഇസ (17) യെയാണ് ബുധനാഴ്ച പുലർച്ചെ 2.30 ന് റെയിൽപാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പഴയങ്ങാടി വാദിഹുദാ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ് ഇസ. പുന്നോലിലെ ഫഖ്‌റുദ്ദീൻ മൻസിലിൽ പി.എം അബ്ദുൽ നാസർ - മൈമൂന ദമ്പതികളുടെ മകളാണ്. പെൺകുട്ടിക്ക് ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന അസുഖമുള്ളതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് പുന്നോലിൽ നടന്ന പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരത്തിൽ പങ്കെടുത്ത കൊച്ചുകുട്ടിയായിരുന്ന ഇസ ഏറെ ശ്രദ്ധ നേടിയിരുന്നു. സമരക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്യുമ്പോൾ ഇസയും അവർക്കൊപ്പമുണ്ടായിരുന്നു.
ഇതുവഴി കടന്നുപോകുന്ന ഒരു ട്രെയിനിൻ്റെ ലോക്കോ പൈലറ്റാണ് പെൺകുട്ടി പാളത്തിന് സമീപം വീണു കിടക്കുന്നത് കണ്ടെത്തിയത്. ഉടൻ റെയിൽവെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. റെയിൽവെ അധികൃതർ അറിയിച്ചതിനെ തുടർന്ന് ന്യൂമാഹി പൊലീസ് സ്ഥലത്തെത്തി മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ഇഫ്തിഖർ, ഇഫ്രത്ത് ജഹാൻ, ഇർഫാന (ദുബൈ). തലശേരി ടൗൺഎസ്.ഐയാണ് കേസ് അന്വേഷണം നടത്തിവരുന്നത്.
#KeralaNews #CrimeNews #ActivistDeath #RailwayAccident #PoliceInvestigation #SocialProtest #Punnool