RTO Inspection | സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങി; ‘പകുതിയോളം വാഹനങ്ങളും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചില്ല’, സമയം നീട്ടി നൽകി
ടയർ, ബ്രേക്, എൻജിൻ, വൈപർ, ഡോർ , ജിപിഎസ്, തീ അണക്കുന്ന ഉപകരണം, ലൈറ്റുകൾ, എമർജൻസി എക്സിറ്റ് തുടങ്ങിയവയാണ് പരിശോധിക്കുക
കാസർകോട്: (KasargodVartha) അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി താലൂകുകൾ കേന്ദ്രീകരിച്ച്, സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധനയ്ക്കു തുടക്കമായി. ടയർ, ബ്രേക്, എൻജിൻ, വൈപർ, വാതിൽ, ജിപിഎസ്, ഫയർ എസ്റ്റിംഗ്യുഷർ, ലൈറ്റുകൾ, എമർജൻസി എക്സിറ്റ് തുടങ്ങിയവയാണ് പരിശോധിക്കുക.
കാസർകോട് താലൂകിൽ, മുൻസിപൽ സ്റ്റേഡിയം പരിസരത്താണ് പരിശോധന നടക്കുന്നത്. ഇവിടെ ഇരുന്നൂറിലധികം വാഹനങ്ങള്‍ ഉണ്ട്. അതിൽ പരിശോധനക്കെത്തിയ നൂറിലധികം ബസുകളില്‍ പകുതിയോളവും ഫിറ്റ്നസ് ഇല്ലാത്തവയാണെന്ന് അധികൃതർ പറയുന്നു. മോടോർ വെഹികിൾ ഇൻസ്‌പെക്ടർ പി ശ്രീനിവാസൻ, കെ വി അരുൺ കുമാർ, കെ വി ഗണേശൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
കാഞ്ഞങ്ങാട് സബ് ആർ ടി ഓഫീസിന് പരിധിയിൽ പരിശോധനക്കെത്തിയ 56 വാഹനങ്ങളിൽ 22 എണ്ണം വിവിധ തകരാറു കാരണം തിരിച്ചുവിട്ടു. ഹാൻഡ് ബ്രേക് തകരാറുകൾ ഉള്ള ആറ് വാഹനങ്ങളും, ജി പി എസ് ടാഗ് ചെയ്യാത്തതും, വിദ്യാവാഹനിൽ രജിസ്റ്റർ ചെയ്യാത്തവയും ആയ എട്ട് വാഹനങ്ങളും, ടയറുകൾ തേയ്മാനം സംഭവിച്ചതും, സ്റ്റീയറിങ്ങ് തകരാറുള്ളതും, പ്രൊപലർ ഷാഫ്റ്റ് ക്ലാമ്പ് ഘടിപ്പിക്കാത്തതും, ലൈറ്റ് സംവിധാനങ്ങൾ പ്രവർത്തിക്കാത്തതും ആയ വാഹനങ്ങളാണ് തിരിച്ചുവിട്ടത്. ഇവ തകരാറുകൾ പരിഹരിച്ച് വീണ്ടും ഹാജരാക്കാൻ നിർദേശം നൽകി.
രാവിലെ ഒമ്പത് മണി മുതൽ നടന്ന പരിശോധനയ്ക്ക് എം വി ഐമാരായ എം വിജയൻ, കെ വി ജയൻ, എ എം വി ഐമാരായ സാജു വി ജെ , സുധീഷ് എം ജി ഡ്രൈവർ ജയരാജ് എന്നിവർ നേതൃത്വം നൽകി.
പരിശോധിക്കാൻ ബാക്കിയുള്ള വാഹനങ്ങൾ മെയ് 25 ന് ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ദുർഗാ ഹയർ സെകൻഡറി സ്കൂളിൽ ഹാജരാക്കണമെന്ന് ജോയിൻഡ് ആർടിഒ കെ ജി സന്തോഷ് കുമാർ അറിയിച്ചു.
മഞ്ചേശ്വരം താലൂകിൽ, ഉപ്പള എ ജെ സ്കൂൾ മൈതാനത്താണ് പരിശോധന. ഏതാണ്ട് 46 ബസുകൾ പരിശോധന പൂർത്തിയാക്കിയതിൽ, മിക്കതും സ്കൂൾ നമ്പറുകൾ ഇല്ലാത്തവയാണെന്ന് അധികൃതർ പറയുന്നു. മെയ് 29 ന് വീണ്ടും പരിശോധനക്കെത്താൻ നിർദേശം നൽകി. എഎംവിമാരായ ജോണി, കെ മനീഷ്, വിജേഷ്, എന്നിവർ നേതൃത്വം നൽകി. പരിശോധന തുടർന്നു വരികയാണ്.