Fishermen | അനധികൃത മത്സ്യബന്ധന ബോടുകൾക്കെതിരെ നടപടി തുടരുമ്പോഴും കടലിൽ മീൻ ലഭ്യതയില്ല: തൊഴിലാളികൾ വറുതിയിൽ തന്നെ
മൊഗ്രാൽ: (KasaragodVartha) പരമ്പരാഗത മീൻ തൊഴിലാളികളുടെ വറുതിക്ക് പരിഹാരമാവുന്നില്ല. കടലിൽ മീൻ സമ്പത്ത് തീരെ ഇല്ലെന്നാണ് ഇവർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം ഇതിന് കാരണമാകാമെന്നും ചൂണ്ടിക്കാട്ടുന്നു. അനധികൃതമായി മീൻ പിടിക്കുന്ന അന്യസംസ്ഥാന ബോടുകൾക്കെതിരെ ഫിഷറീസ് വകുപ്പ് അധികൃതർ കർശന നടപടി സ്വീകരിക്കുമ്പോഴും കടലിൽ മീൻ ഇല്ലാത്തതിന്റെ കാരണം ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ അനധികൃതമായി മീൻപിടുത്തത്തിൽ ഏർപ്പെട്ട ഡസനോളം ബോടുകളാണ് അധികൃതർ പിടികൂടി പിഴ ഈടാക്കിയത്. നിയമം ലംഘിച്ചുള്ള മീൻപിടുത്തത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞവർഷം നവംബർ മാസം മീൻ തൊഴിലാളികൾ നീലേശ്വരം അഴിമുഖം ഉപരോധിച്ചിരുന്നു. ഇതിനുശേഷമാണ് അനധികൃത മീൻപിടുത്തത്തിനെതിരെ ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കിയത്.
നിരോധിത വലകൾ ഉപയോഗിച്ചും, തീരത്തിനോട് ചേർന്നും ബോടുകൾ മീൻപിടുത്തത്തിൽ ഏർപ്പെടുന്നതാണ് പരമ്പരാഗത തൊഴിലാളികൾക്ക് മീൻ കിട്ടാതെ പോകുന്നതെന്ന പരാതി നേരത്തെ തന്നെ ഇവർ ഉന്നയിക്കുന്നുണ്ട്. രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ കുറെ മാസങ്ങളായി മീൻപിടുത്ത തൊഴിലാളി കുടുംബങ്ങൾ വറുതിയിൽ തന്നെയാണ്. ഈസ്റ്ററും, വിഷുവും, പെരുന്നാളുമൊക്കെ ആഘോഷങ്ങളില്ലാതെ കഴിഞ്ഞുപോയതായി സങ്കടത്തോടെ തൊഴിലാളികൾ പറയുന്നു.
മീൻ ചാകരയുടെ സമയത്താണ് ഇത്തരത്തിൽ വറുതി നേരിട്ടത്. ഇനി ഈ മെയ് മാസം കൂടി കഴിഞ്ഞാൽ കാലവർഷം ആരംഭിക്കും. പിന്നെ കടലിൽ പോകാനാവാതെ വരും. ഒപ്പം ട്രോളിംഗ് നിരോധനവും. എല്ലാംകൊണ്ടും കഴിഞ്ഞ ഒരു വർഷമായി കുടുംബങ്ങൾ പട്ടിണിയിലാണെന്ന് തൊഴിലാളികൾ പറയുന്നു. പരമ്പരാഗത മീൻ തൊഴിലാളികൾക്ക് മീൻ ലഭ്യതയില്ലാത്തതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പഴകിയ മീനുകളാണ് ഐസുകൾ ചേർത്തും, പൊടികൾ ചേർത്തും മാർകറ്റുകളിൽ എത്തുന്നതെന്നും ആക്ഷേപമുണ്ട്. ഇതിനാകട്ടെ നല്ല വിലയും ഈടാക്കുന്നുണ്ട്.